ജനാഭിപ്രായം എതിരായാല്‍ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സംവിധാനം ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വോട്ടവകാശമുള്ള വിദ്യാര്‍ഥികള്‍ക്ക് സംഘടിക്കാന്‍ അവകാശമില്ലെന്നു പറയുന്നത് ഭരണഘടനയുടെ മൗലിക കാഴ്ചപ്പാടിന് വിരുദ്ധം 
ജനാഭിപ്രായം എതിരായാല്‍ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സംവിധാനം ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍ : ജനകീയ അഭിപ്രായം എതിരായാല്‍ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സംവിധാനം ആലോചിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  പണത്തിന്റെ സ്വാധീനത്തില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയെ മോചിപ്പിച്ചില്ലെങ്കില്‍ ശരിയായ ജനവികാരം പ്രതിഫലിക്കപ്പെടില്ല. ഇന്നത്തെ രീതി മാറി ആനുപാതിക പ്രാതിനിധ്യത്തെക്കുറിച്ച് ആലോചിക്കണം. വോട്ടിംഗ് ശതമാനത്തിന് അനുസരിച്ച് പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കഴിണം. ഒരു വനിത ഏറെക്കാലം പ്രധാനമന്ത്രിയായ രാജ്യത്ത് വനിതാ സംവരണ ബില്‍ കീറാമുട്ടിയായി നില്‍ക്കുകയാണ്. സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് ഒഴിച്ചുകൂടാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല ഇ.കെ നായനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമെന്ററി അഫയേഴ്‌സ് താവക്കര കാമ്പസില്‍ സംഘടിപ്പിച്ച 'ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം ഭീഷണിയും വെല്ലുവിളിയും' ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഇടപെടലുകള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും പൂര്‍ണമായി നിഷ്പക്ഷമാവേണ്ടതുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുറപ്പിക്കാനാവും വിധം നിഷ്പക്ഷമായ നിലപാടുകള്‍ തെരഞ്ഞെടുപ്പ് കമീഷനും സ്വീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പുകള്‍ പണക്കൊഴുപ്പില്‍നിന്ന് മോചിപ്പിക്കാനുള്ള വഴി തേടണം. സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനായാലേ ജനാധിപത്യം അര്‍ഥപൂര്‍ണമാകൂ. പാര്‍ലമെന്റില്‍ ഇന്ന് 80 ശതമാനം എംപിമാരും കോടീശ്വരന്മാരാണ.് സമ്പത്തിന് ജനാധിപത്യ തീരുമാനങ്ങളെ സ്വാധീനിക്കാനാകുന്നുണ്ട്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ജനവിരുദ്ധ കരാറുകള്‍ ഒപ്പിടുന്ന പ്രവണതയുണ്ട്. 

വോട്ടവകാശമുള്ള വിദ്യാര്‍ഥികള്‍ക്ക് സംഘടിക്കാന്‍ അവകാശമില്ലെന്നു പറയുന്നത് ഭരണഘടനയുടെ മൗലിക കാഴ്ചപ്പാടിന് വിരുദ്ധമാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് വോട്ടവകാശം ഉള്ള രാജ്യമാണ് നമ്മുടേത്. ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിലൂടെ രൂപപ്പെട്ടുവന്ന നമ്മുടെ ഭരണഘടന സംഘടിക്കാനും ജനാധിപത്യപരമായി സമരം ചെയ്യാനുമുള്ള അവകാശം എല്ലാ വിഭാഗങ്ങള്‍ക്കും മുന്നോട്ടുവെക്കുന്നുണ്ട്. ആ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനാണ് നമുക്ക് കഴിയേണ്ടത്. 

രാജ്യത്തിന്റെ ജനാധിപത്യക്രമം ശക്തിപ്പെടണമെങ്കില്‍ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും ജീവിതക്രമവും ചെറുപ്പത്തില്‍ത്തന്നെ സ്വായത്തമാക്കാന്‍ ഉതകുന്ന സംവിധാനം ഉണ്ടാകണം. സ്‌കൂള്‍, കോളജ് തലങ്ങളില്‍ ജനാധിപത്യ പ്രവര്‍ത്തനത്തിന്റെ സാധ്യത വികസിപ്പിക്കല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമാണ്. ഫെഡറലിസത്തിന്റെ സംരക്ഷണം രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവും പ്രാദേശിക സര്‍ക്കാറുകളായി വികസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനിവാര്യമാണ്. ഇതില്‍നിന്ന് വ്യത്യസ്തമായ ഘടനയുണ്ടാകുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com