സാക്ഷിയുടെ മൊഴിമാറ്റത്തിന് പിന്നില്‍ ദിലീപുമായി അടുപ്പമുള്ള കൊച്ചിയിലെ അഭിഭാഷകന്‍..? മൊഴി നല്‍കുന്നതിന് മുമ്പ് ഇവര്‍ ആലപ്പുഴയില്‍ ഒരുമിച്ചുണ്ടായിരുന്നെന്ന് സൂചന

കാവ്യ മാധവന്റെ വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്
സാക്ഷിയുടെ മൊഴിമാറ്റത്തിന് പിന്നില്‍ ദിലീപുമായി അടുപ്പമുള്ള കൊച്ചിയിലെ അഭിഭാഷകന്‍..? മൊഴി നല്‍കുന്നതിന് മുമ്പ് ഇവര്‍ ആലപ്പുഴയില്‍ ഒരുമിച്ചുണ്ടായിരുന്നെന്ന് സൂചന

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സാക്ഷി മൊഴി മാറ്റിയതിന് പിന്നില്‍ ദിലീപുമായി അടുപ്പമുള്ള കൊച്ചിയിലെ അഭിഭാഷകനെന്ന് അന്വേഷണ സംഘത്തിന് സംശയം. ഇതുസംബന്ധിച്ച് ചില സുപ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഈ അഭിഭാഷകനും സാക്ഷിയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കുന്നതിന് മുമ്പ് ഇവര്‍ ആലപ്പുഴയില്‍ ഒരുമിച്ച് ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയതായും സൂചനയുണ്ട്. 

ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. കേസിലെ പ്രതിയായ പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലാണ് ഈ മലക്കംമറിച്ചില്‍. ദിലീപിന് ജാമ്യം നല്‍കുന്നതിന് മുമ്പാണ് സാക്ഷി മൊഴി നല്‍കിയിട്ടുള്ളത്. കോടതിയില്‍ കീഴടങ്ങുന്നതിന് മുമ്പ് പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയിരുന്നെന്നും, ദിലീപിനെയും കാവ്യ മാധവനെയും അന്വേഷിക്കുകയും ചെയ്തിരുന്നു എന്നാണ് ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. ഈ മൊഴിയാണ് മാറ്റിയത്. ദിലീപിനെയും പള്‍സര്‍ സുനിയെയും ബന്ധിപ്പിക്കുന്ന മുഖ്യ തെളിവായാണ് സാക്ഷിയുടെ മൊഴിയെ പൊലീസ് കണ്ടിരുന്നത്. 

കേസില്‍ അഞ്ചാമത്തെ ജാമ്യാപേക്ഷ വന്ന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ കോടിതിയില്‍ ചില കാര്യങ്ങല്‍ ധരിപ്പിച്ചിരുന്നു. ദിലീപ് ജയിലില്‍ കിടക്കുമ്പോഴും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം തുടരുകയാണ്. കാവ്യമാധവന്റെ ഡ്രൈവറുടെ ഫോണില്‍ നിന്ന് കേസിലെ പ്രധാനപ്പെട്ട സാക്ഷിയെ 41 തവണ ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇയാള്‍ മൊഴിമാറ്റാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് ഇയാള്‍ മുന്‍നിലപാടില്‍ നിന്ന് മാറിയത്. 

കീഴടങ്ങുന്നതിന് മുമ്പ് പള്‍സര്‍ സുനിയും വിജേഷും ലക്ഷ്യയില്‍ വന്നിരുന്നു. അവര്‍ ബൈക്കിലാണ് വന്നത്. അവിടെയെത്തി കാവ്യമാധവനെയും ദിലീപിനെയും അന്വേഷിച്ചു എന്നായിരുന്നു സാക്ഷി പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇരുവരും ആലുവയിലാണെന്ന് പറഞ്ഞപ്പോള്‍, ഇവര്‍ മടങ്ങിപ്പോയി എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. നേരത്തെ ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിലും, താന്‍ ലക്ഷ്യയില്‍ വന്നിരുന്നെന്നും, എന്നാല്‍ ദിലീപ് അവിടെ ഇല്ല എന്നറിഞ്ഞതിനെ തുടര്‍ന്ന് മടങ്ങിപ്പോയ കാര്യം സൂചിപ്പിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്തിരുന്നു. സാക്ഷിയുടെ മൊഴി അന്വേഷണസംഘം വീഡിയോയില്‍ റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു. 

എന്നാല്‍ ലക്ഷ്യയില്‍ അന്നേദിവസം സുനില്‍കുമാറോ വിജേഷോ വന്നിട്ടില്ല. താന്‍ കണ്ടിട്ടില്ല. തനിക്ക് അറിയില്ല എന്നാണ് സാക്ഷി മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയിട്ടുള്ളത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് സാക്ഷി മൊഴിമാറ്റിയ വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. ഇത് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് സൂചന. മുഖ്യസാക്ഷി മൊഴിമാറ്റിയതിനെ തുടര്‍ന്നുള്ള തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com