ദളിതര്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; വിമര്‍ശനവുമായി ദേശീയ പട്ടികജാതി കമ്മിഷന്‍

ഇതുവരെ 8.12 ലക്ഷം രൂപ മാത്രമാണ് കൊല്ലപ്പെട്ട ദളിതരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്‌
ദളിതര്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; വിമര്‍ശനവുമായി ദേശീയ പട്ടികജാതി കമ്മിഷന്‍

ന്യഡല്‍ഹി: ദളിതര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ ചൊല്ലി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. സംസ്ഥാനത്ത് പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ തുടര്‍ന്നിട്ടും നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ആരോപണവുമായാണ് ദേശീയ പട്ടിക ജാതി കമ്മിഷന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

കേരളം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാണ് ദളിതര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ തടയാനും, അതിക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഇടത് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കാണിച്ചുള്ള കമ്മിഷന്റെ വിമര്‍ശനം. 

ആഗസ്റ്റ് 23,24 തിയതികളിലായിരുന്നു കമ്മിഷന്റെ കേരള സന്ദര്‍ശനം. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെ കൊലപാതകം, ബലാത്സംഗം എന്നിവ അടുത്ത വര്‍ഷങ്ങളില്‍ കൂടിയിട്ടുണ്ടെന്ന് കമ്മിഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അതിക്രമത്തിന് ഇരയായ പിന്നോക്ക വിഭാഗങ്ങള്‍ക്ക് SC(PoA) ആക്ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ നല്‍കുന്ന പരിരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 

2017 ജൂലൈ വരെ ഏഴ് ദളിതരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടിരിക്കുന്നത്‌. നിയമപ്രകാരം കൊല്ലപ്പെട്ട ദളിതരുടെ കുടുംബങ്ങള്‍ക്ക് 65 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്. ഇതുകൂടാതെ പ്രതിമാസം 5000 രൂപ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക് പെന്‍ഷനായും നല്‍കണം. കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും ദേശിയ പട്ടിക ജാതി കമ്മിഷന്‍ പറയുന്നു.

എന്നാല്‍ ഇതുവരെ 8.12 ലക്ഷം രൂപ മാത്രമാണ് കൊല്ലപ്പെട്ട ദളിതരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നു. ചെറിയ സാമ്പത്തിക സഹായം നല്‍കിയതല്ലാതെ, കുടുംബാംഗങ്ങള്‍ക്ക് മറ്റ് സഹായങ്ങള്‍ ഒന്നും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 

ഈ വര്‍ഷം 103 ദളിതരാണ് സംസ്ഥാനത്ത് പീഡനത്തിന് ഇരയായിട്ടുള്ളത്. ഇവര്‍ക്കെല്ലാവര്‍ക്കുമായി 3 കോടി രൂപയോളമാണ് സമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കേണ്ടത്. എന്നാല്‍ 43 ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com