കുമ്മനം, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖരന്‍; കൂട്ടലും കിഴിക്കലുമായി കേരള ബിജെപി

പല പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഇവരൊന്നും അന്തിമ സാധ്യതാ പട്ടികയില്‍ പോലുമില്ലെന്നാണ് വിവരം
കുമ്മനം, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖരന്‍; കൂട്ടലും കിഴിക്കലുമായി കേരള ബിജെപി

തിരുവനന്തപുരം: നരേന്ദ്ര മോദി മന്ത്രിസഭയുടെ മൂന്നാമത്തെ പുനസംഘടന പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കേന്ദ്ര ഭരണ പ്രാതിനിധ്യം എന്ന സ്വപ്‌നം ഏതാണ്ട് കൈവെടിഞ്ഞ മട്ടിലാണ് സംസ്ഥാന ബിജെപി ഘടകം. മന്ത്രിസഭാ പുനസംഘടനയില്‍ കേരളത്തിന് പ്രത്യേകിച്ചു റോളൊന്നുമില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, രാജ്യസഭാംഗം സുരേഷ് ഗോപി, കര്‍ണാടകയില്‍നിന്നുള്ള മലയാളി എംപിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഇവരൊന്നും അന്തിമ സാധ്യതാ പട്ടികയില്‍ പോലുമില്ലെന്നാണ് സംസ്ഥാന ബിജെപി നേതാക്കള്‍ക്കു ലഭിച്ച വിവരം.

മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാവുമ്പോഴും കേരള ഘടകത്തിന് കേന്ദ്ര ഭരണത്തില്‍ കാര്യമായ ഒരു പ്രാതിനിധ്യവും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരന്‍ കേന്ദ്ര മന്ത്രിയാവുമെന്ന് വ്യാപകമായ പ്രചാരണമുണ്ടായി. എന്നാല്‍ മന്ത്രിസഭാ രൂപീകരണ വേളയിലോ പിന്നീടു നടന്ന പുനസംഘടനയിലോ മുരളീധരന്റെ പേരു ചര്‍ച്ച ചെയ്യുക പോലും ചെയ്തില്ലെന്നാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്. ഒ രാജഗോപാലിനെ ഗവര്‍ണര്‍ ആക്കുമെന്ന് ഏതാണ്ട് ഉറപ്പായിത്തന്നെ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും അതിലും തുടര്‍ നടപടികളുണ്ടായില്ല. രാജഗോപാല്‍ പിന്നീട് സംസ്ഥാനത്തെ ആദ്യ നിയമസഭാംഗമായതോടെ അതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിച്ചു. 

സുരേഷ് ഗോപിക്കു കേന്ദ്ര സഹമന്ത്രിപദം കിട്ടുമെന്നായിരുന്നു കഴിഞ്ഞ പുനസംഘടനയില്‍ പ്രചരിക്കപ്പെട്ടത്. ഇതിനിടെ സംസ്ഥാനത്തുനിന്നുള്ള നേതാവായ അല്‍ഫോന്‍സ് കണ്ണന്താനത്തെ ചണ്ഡിഗഢ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കാന്‍ തീരുമാനിച്ചെങ്കിലും പഞ്ചാബില്‍നിന്നുള്ള എന്‍ഡിഎ ഘടകകക്ഷി അകാലിദളിന്റെ എതിര്‍പ്പുമൂലം അതു നടന്നില്ല. ജോര്‍ജ് കുര്യനെ ന്യൂനപക്ഷ കമ്മിഷന്‍ അംഗമാക്കിയതാണ് സംസ്ഥാന ഘടകത്തിന് കേന്ദ്ര ഭരണത്തിലൂടെയുണ്ടായ എടുത്തു പറയാവുന്ന നേട്ടം. ദേശീയ വനിതാ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ലക്ഷ്യവുമായി സംസ്ഥാനത്തുനിന്നുള്ള ചില നേതാക്കള്‍ ഡല്‍ഹില്‍ തമ്പടിച്ച് നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

ഇതിനിടെ സംസ്ഥാന എന്‍ഡിഎ രൂപീകരിക്കപ്പെടുകയും ഘടകകക്ഷികള്‍ക്ക് ഭരണപ്രാതിനിധ്യം ലഭിക്കുന്ന ചില പദവികള്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ബിഡിജെഎസിനും സികെ ജാനുവിനുമായിരുന്നു പദവികള്‍ വാഗ്ദാനം ചെയ്തത്. ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്ര സഹമന്ത്രിയെങ്കിലുമാക്കാന്‍ ലക്ഷ്യമിട്ട് ചില കേന്ദ്രങ്ങളില്‍നിന്ന് നീക്കങ്ങള്‍ നടന്നെങ്കിലും അതു തള്ളിയ അമിത് ഷാ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പ്രാതിനിധ്യം നല്‍കാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. ഇതും നടപ്പാകാത്ത സാഹചര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് ബിഡിജെഎസ്. വെള്ളാപ്പള്ളി നടേശനും സികെ ജാനുവും ബിജെപിയോടുള്ള എതിര്‍പ്പു പരസ്യമായിത്തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.

ഇതിനിടെ നടക്കുന്ന മൂന്നാമത്തെ മന്ത്രിസഭാ പുനസംഘടനയ്ക്കു മുന്നോടിയായും ചില കേരള നേതാക്കളുടെ പേരുകള്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്ര സഹമന്ത്രിയാക്കുമെന്നാണ് വാര്‍ത്തകള്‍. കുമ്മനത്തിന് ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ ദേശീയ നേതൃത്വത്തിന് പ്രിയപ്പെട്ട കേരള നേതാവ് കുമ്മനമാണെന്നുമാണ് ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കേരള ഘടകത്തിന്റെ പ്രവര്‍ത്തനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കടുത്ത അതൃപ്തിയിലാണെന്നും സംസ്ഥാനത്തിന് ഭരണ പ്രാതിനിധ്യം കൊടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച പോലും നടക്കുന്നില്ലെന്നാണ് ഡല്‍ഹിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്ന വിധത്തില്‍ കേരളത്തിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്താമെങ്കില്‍, പൊതു തെരഞഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന അടുത്ത പുനസംഘടനയില്‍ കേരള നേതാക്കളെ പരിഗണിക്കാം എന്നാണ് അമിത് ഷായുടെ നിലപാട്.

ഇതേ കാരണങ്ങള്‍ കൊണ്ടുതന്നെ സുരേഷ് ഗോപിയും ഇത്തവണത്തെ പുനസംഘടനയില്‍ പരിഗണിക്കപ്പെടാനിടയില്ല. അതേസമയം രാജീവ് ചന്ദ്രശേഖരന്റെ കാര്യത്തില്‍ ചില സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് ലക്ഷ്യമിട്ടാണ് രാജീവ് ചന്ദ്രശേഖരന്റെ പ്രവര്‍ത്തനം. മന്ത്രിയായാല്‍ തിരുവനന്തപുരം പിടിക്കാന്‍ കുറെക്കൂടി സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ അമിത് ഷാ നടത്തിയേക്കും. കര്‍ണാടകയില്‍ അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. രാജീവിനെ മന്ത്രിയാക്കിയാല്‍ മലയാളിയെന്ന നിലയ്ക്കു കേരളത്തില്‍ പ്രയോജനപ്പെടുകയും അതേസമയം കര്‍ണാടകയുടെ കണക്കില്‍ പെടുത്തുകയും ചെയ്യാം എന്ന സൗകര്യവുമുണ്ട്. എന്നാല്‍ കേരള നേതാക്കളുടെ താത്പര്യക്കുറവ് രാജീവിന്റെ സാധ്യതയ്ക്കു മങ്ങലേല്‍പ്പിക്കാനുള്ള സാധ്യതയും കേന്ദ്ര നേതാക്കള്‍ തള്ളിക്കളയുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com