പാലിയേക്കരയില്‍ സമാന്തരപാത തുറന്നു: ഇനി കാറിന് ടോള്‍ വേണ്ട

By സമകാലികമലയാളം ഡെസ്‌ക്  |   Published: 02nd September 2017 06:22 PM  |  

Last Updated: 02nd September 2017 06:23 PM  |   A+A-   |  

tollhgjhgjg

തൃശൂര്‍: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപം ടോള്‍ കമ്പനി അടച്ചു പൂട്ടിയ സമാന്തര റോഡ് തുറന്ന് കൊടുത്തു. ജില്ലാ കലക്ടറും എംഎല്‍എയും ഉള്‍പ്പെടെയുള്ള സംഘമാണ് സമാന്തര റോഡ് ഗതാഗത്തിനു തുറന്നു കൊടുത്തത്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

ജില്ലാ കലക്ടര്‍ എ.കൗശികന്‍, ഒല്ലൂര്‍ എംഎല്‍എ കെ.രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സമാന്തരപാതയുടെ അടച്ച ഭാഗം പൊളിച്ചത്. 2016 ഒക്ടോബറിലാണ് ടോള്‍ കമ്പനി സമാന്തരപാത പൂട്ടിയത്. ടോള്‍ കമ്പനിയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. 

ഈ ഭാഗം തുറന്നതോടെ സമാന്തര റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ വീതി 2.6 മീറ്ററായി. ഇതുവരെ ഇരുചക്രവാഹനങ്ങള്‍ക്കു മാത്രമേ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. പാത തുറന്നതോടെ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കു ടോള്‍ നല്‍കാതെ ഇതുവഴി പോകാം.

സമാന്തരപാത തുറന്നതിനെതിരെ ടോള്‍ കമ്പനി സ്‌റ്റേയ്ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും ഓണാവധി കഴിഞ്ഞേ കോടതി ഹര്‍ജി പരിഗണിക്കൂ. ബിഒടി കരാര്‍ അനുസരിച്ച് ടോള്‍ പ്ലാസയ്ക്കു സമീപം ടോള്‍ നല്‍കാതെ കടന്നുപോകുന്ന സമാന്തരപാതകള്‍ അനുവദിക്കാനാവില്ലെന്നാണു ബിഒടി കരാര്‍ കമ്പനിയായ ജിഐപിഎല്‍ അധികൃതരുടെ വാദം. ടോള്‍ പാത ഉപയോഗിച്ചു പണം നല്‍കേണ്ട ബൂത്തിനു സമീപം വാഹനങ്ങള്‍ തിരിഞ്ഞു പോകുകയാണെങ്കില്‍ ബിഒടി വ്യവസ്ഥ പ്രകാരം ദേശീയപാത അതോറിറ്റിയോടു സഹകരിക്കാന്‍ ആരും തയാറാവില്ല. ദേശീയപാത അതോറിറ്റിക്കു വേണ്ടി മുതല്‍മുടക്കി പാത നിര്‍മിച്ചതുകൊണ്ടാണ് ബിഒടി കമ്പനി ടോള്‍ പിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.