സുനി കാവ്യയുടെ ലക്ഷ്യയില്‍ എത്തിയതിന് തെളിവ്; വിസിറ്റിങ് കാര്‍ഡ് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം

ഒരു ഘട്ടത്തില്‍ പോലും ബന്ധപ്പെടരുത് എന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് സുനി ദിലീപിനെ ബന്ധപ്പെടാതിരുന്നതെന്നാണ് മൊഴി
സുനി കാവ്യയുടെ ലക്ഷ്യയില്‍ എത്തിയതിന് തെളിവ്; വിസിറ്റിങ് കാര്‍ഡ് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന്. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാകാന്‍ എത്തുന്നതിന്റെ തലേദിവസം സുനി ലക്ഷ്യയില്‍ എത്തിയതിന്റെ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. 

സുനിയുടെ പക്കല്‍ നിന്നും ലഭിച്ച വിസിറ്റിങ് കാര്‍ഡ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ വിസിറ്റിങ് കാര്‍ഡ് ലക്ഷ്യയിലെ വിസിറ്റിങ് കാര്‍ഡ് തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ലക്ഷ്യയുടെ ഓഫീസില്‍ പോവുകയും, അവിടെ നിന്ന് ലക്ഷ്യയുടെ വിസിറ്റിങ് കാര്‍ഡ് വാങ്ങുകയും ചെയ്തു. സുനിയുടെ കയ്യില്‍ നിന്നും പൊലീസ് കണ്ടെടുത്ത വിസിറ്റിങ് കാര്‍ഡ് ലക്ഷ്യയിലേത് തന്നെയെന്ന് അന്വേഷണ സംഘം ഇതിലൂടെ ഉറപ്പിച്ചു.

നേരത്തെ ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു എങ്കിലും സുനി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. കാവ്യയെ കാണുന്നതിനായാണ് സുനി ലക്ഷ്യയില്‍ പോയത്. എന്നാല്‍ കാവ്യ ആലുവയിലെ വസതിയിലാണെന്നായിരുന്നു ലക്ഷ്യയിലെ മാനേജര്‍ മറുപടി നല്‍കിയത്. കാവ്യയെ ബന്ധപ്പെടാന്‍ നമ്പര്‍ ചോദിച്ചപ്പോഴായിരുന്നു ലക്ഷ്യയുടെ വിസിറ്റിങ് കാര്‍ഡ് മാനേജര്‍ സുനിക്ക നല്‍കുന്നത്. 

ഒരു ഘട്ടത്തില്‍ പോലും ബന്ധപ്പെടരുത് എന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് സുനി ദിലീപിനെ ബന്ധപ്പെടാതിരുന്നതെന്നുമാണ് അന്വേഷണ സംഘത്തിന് സുനി നല്‍കിയിരിക്കുന്ന മൊഴി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com