'നന്ദി, തിരുവോണമേ...' മലയാളത്തിന്റെ പ്രിയ ഓണക്കവിതകള്‍ 

ഓണപ്പാട്ടുകളുടെ എണ്ണം എണ്ണിയാല്‍ ഒടുങ്ങാത്തത്ര...
'നന്ദി, തിരുവോണമേ...' മലയാളത്തിന്റെ പ്രിയ ഓണക്കവിതകള്‍ 

ണമെത്താത്ത വഴികളില്ല, മലയാളത്തില്‍. ഓണപ്പൂക്കള്‍, ഓണപ്പുടവ, ഓണസദ്യ, ഓണക്കളികള്‍, ഓണത്തുമ്പി, ഓണ നിലാവ്... ഇങ്ങനെ മണ്ണിലും വിണ്ണിലും നിറ സാന്നിധ്യമാണ് ഓണം. ഓണത്താറും ഓണവില്ലും ഓണപ്പൊട്ടനും ഓണത്തല്ലും വരെയുണ്ട്, മലയാളിയുടെ ഈ ആഘോഷ ദിനങ്ങള്‍ക്കു പെരുമ കൂട്ടാന്‍. ഓണപ്പാട്ടുകളുടെ എണ്ണം എണ്ണിയാല്‍ ഒടുങ്ങാത്തത്ര.
മാവേലി നാടു വാണിടും കാലം  

നാടന്‍ പാട്ട്: തുമ്പപ്പൂവേ

പൂക്കള്‍. പൂക്കളിലൂടെ തന്നെയാണ് ഓണം നാട്ടകങ്ങളിലേക്കെത്തുന്നത്. വറുതിയുടെ കര്‍ക്കടകം പടിയൊഴിഞ്ഞെന്നും നിറവിന്റെ ചിങ്ങമെത്തിയെന്നും വേലിപ്പൂക്കളാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്. വേലികള്‍ക്കു നിറം വയ്ക്കുമ്പോഴാണ് പൊന്നോണത്തിന്റെ വിളംബരവുമായി ഓണത്തുമ്പികള്‍ പാറാന്‍ തുടങ്ങുന്നത്.

പൂക്കാലം, കുമാരനാശാന്‍

ഉള്‍നാട്ടിലെ ഓണം പോലെയുള്ള ഓണക്കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും ഓണസ്മൃതികള്‍ ഉണര്‍ത്തുന്ന, ഓണത്തിന്റെ പശ്ചാത്തല ഭംഗിയൊരുക്കുന്ന ആശാന്‍ കവിത പുഷ്പവാടിയിലെ ഈ പൂക്കാലം തന്നെ.

നീയില്ലാത്തൊരു ഓണം, ഒഎന്‍വി

ഓണച്ചിന്തുകള്‍ ഓര്‍മകളുടെ മിഴിനീര്‍ ചാലുകളായി മാറുന്നുണ്ട്, ഒഎന്‍വിയില്‍. കൂടെപ്പൊറുക്കുന്ന ഓര്‍മകള്‍ തന്നെയാണ് ഒഎന്‍വിക്ക് പുതിയൊരു ഓണവരവ്. നീയില്ലാത്തൊരു ഓണം എന്ന കവിതയില്‍ പറ്റിനില്‍ക്കുന്നത് ഓര്‍മകളുടെ ആ നനവാണ്.

ഓണം, കുഞ്ഞിരാമന്‍ നായര്‍

വാക്കുകളുടെ മഹാബലി എന്നു വിശേഷിപ്പിക്കപ്പെട്ട പി കുഞ്ഞിരാമന്‍ നായര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ഓണക്കവിതകള്‍ എഴുതിയിട്ടുള്ളതും. പ്രകൃതിയെ ജീവിതം തന്നെയായിക്കണ്ട പിയുടെ ഓണസങ്കല്‍പ്പത്തിന്റെ നാട്ടുതാളപ്പെരുക്കങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നവയാണ് ഈ കവിതകളെല്ലാം.

ഓണമുറ്റത്ത്, വൈലോപ്പിള്ളി

പി കുഞ്ഞിരാമന്‍ നായര്‍ക്ക് ഓണം സൗന്ദര്യവും ആഹ്ലാദവുമാണെങ്കില്‍, ജീവിതത്തിന്‍ കടലിനെ കവിതയുടെ മഷിപ്പാത്രമാക്കിയ വൈലോപ്പിള്ളിക്ക് അത് സമത്വ സങ്കല്‍പ്പത്തിന്റെ പൂര്‍ണതയാണ്. ഓണക്കവിത, ഓണക്കളിക്കാര്‍, ഓണക്കാഴ്ച, ഓണക്കിനാവ്, ഓണത്തല്ല്, ഓണപ്പാട്ടുകാര്‍, ഓണമുറ്റത്ത്, പൂക്കാലം, പൂവിളി എന്നിങ്ങനെ ഓണത്തെ കേന്ദ്ര വിഷയമാക്കിയും ഓണം പരാമര്‍ശിച്ചും ഏറെ കവിതകള്‍ എഴുതി വൈലോപ്പിള്ളി.

ഓണപ്പാട്ടുകാര്‍ വൈലോപ്പിള്ളി

എത്രപാട്ടുകള്‍ പാടീ നമ്മള്‍, എന്നാല്‍ ഓണത്തെപ്പറ്റി പാടിയ പാട്ടിന്‍ മാധുരി വേറൊന്നല്ലേ എന്നാണ് വൈലോപ്പിള്ളി ചോദിക്കുന്നത്. സമൃദ്ധിയുടെ ഉത്സവമാണ് ഓണം. സമത്വസങ്കല്‍പ്പമാണ് അതിന്റെ അതിന്റെ അടിത്തറ. അങ്ങനെയുള്ള ഒരാഘോഷത്തെക്കുറിച്ച് നിരന്തരം പാടുമ്പോള്‍ ആ സുന്ദര സങ്കല്‍പ്പത്തിന്റെ മറുപുറം കാണാതിരിക്കാനാവില്ല, വൈലോപ്പിള്ളി എന്ന മനുഷ്യകഥാനുയായിയായ എഴുത്തുകാരന്. ഓണപ്പാട്ടുകാരില്‍ വൈലോപ്പിള്ളി എഴുതുന്നത് അവരെക്കുറിച്ചാണ്.

ഓണസദ്യ, വള്ളത്തോള്‍

വൈലോപ്പിള്ളിക്കും മുമ്പേ ഓണനാളിലെ വിശപ്പിനെക്കുറിച്ച് എഴുതിയിട്ടുണ്ട്, മഹാകവി വള്ളത്തോള്‍. വറുതിയുടെ ചുളിവു നിവര്‍ത്തി മാലോകര്‍ മഹോത്സവത്തിലേക്ക് ഇറങ്ങുമ്പോള്‍ കയ്യിലെ പൊടിയരിപ്പൊതി വഴിയില്‍ വീണു പാതമണ്ണിനും പരുന്തിനും ഓണസദ്യയായി മാറിയതിനെക്കുറിച്ച് പാടുകയാണ് ഓണസദ്യ എന്ന കവിതയില്‍ വള്ളത്തോള്‍.

ഓണം, മുരുകന്‍ കാട്ടാക്കട

പോകെപ്പോകെ കാലം കെട്ടുപോവുകയാണെന്ന കവിബോധ്യം ഓണക്കവിതകളെ ഒരളവു വരെ ഓര്‍മക്കവിതകള്‍ കൂടിയാക്കി മാറ്റുന്നുണ്ട്.

തിരുവോണം, വിജയലക്ഷ്മി

മണ്‍മറഞ്ഞുപോയ ഒരു നല്‍ക്കാലത്തിന്റെ ഓര്‍മ. ജീവിതത്തില്‍ യാന്ത്രികത പിടിമുറിക്കുന്ന പുതിയ കാലത്തിന്റെ അസാധ്യതകളില്‍ ഓര്‍മകളിലൂടെ മാത്രം തിരിച്ചുപിടിക്കാനാവുന്ന പൂക്കാലത്തിന്റെ ഓര്‍മ. അങ്ങനെയൊരു തിരിച്ചുപിടിക്കലാണ് വിജയലക്ഷ്മിയുടെ തിരുവോണം.

ഓര്‍മകളുടെ ഓണം, ചുള്ളിക്കാട്

ബാലചന്ദ്രന്‍ ചുള്ളിക്കാടില്‍ പക്ഷേ, ഓണ ഓര്‍മകള്‍ തിരിച്ചാണ്. കടന്നു പോയ കടുംകാലത്തിന്റെ ഓര്‍മകളാണ് ചുള്ളിക്കാടിന്റെ ഓണം. ആദ്യാനുരാഗത്തിന്റെ പാരവശ്യത്തില്‍ ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍ കൂട്ടുകാരികളെ കാണിച്ചു പരിഹസിച്ചുചിരിച്ച പെണ്‍കുട്ടി മുതല്‍ വീടും നാടും അവഗണിച്ചപ്പോള്‍ രക്ഷിക്കൂ എന്നു കേണപേക്ഷിച്ചിട്ടും കണ്ണു തുറക്കാതെയിരുന്ന കാളി വരെ ചുള്ളിക്കാടിന്റെ ഓര്‍മകളില്‍ ദുഃഖാനുഭൂതിയായി നിറയുകയാണ് ഓണം. കയ്പു നിറഞ്ഞതെങ്കിലും ഈ ഓണ ഓര്‍മകളെ കൈവിട്ടുകളയുന്നില്ല, കവി. അവ കൈവിടാതിരിക്കാനാണ് കവി ഓണദിനങ്ങളില്‍ വീണ്ടും ജന്മനാട്ടില്‍ വണ്ടിയിറങ്ങുന്നത്.

നന്ദി തിരുവോണമേ നന്ദി, കക്കാട്

അടിമണ്ണിടിഞ്ഞു കടയിളകി ചരിഞ്ഞൊരു തുമ്പയില്‍ ചെറുചിരി വിടര്‍ത്തി വന്ന തിരുവോണത്തിനു നന്ദി പറയുന്നു എന്‍എന്‍ കക്കാട്. ആട്ടം കഴിഞ്ഞു കളിയരങ്ങത്ത് പടുതിരി കത്തിയ വിളക്ക് ഇനിയും കൊളുത്തേണ്ടതില്ലെന്ന് ഓര്‍ത്തിരിക്കെയാണ് തിരുവോണത്തിന്റെ വരവ്. നിഴലായും വെളിച്ചമായും കണ്ണീരായും കനി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com