ഹാദിയയുടെ വീട്ട് തടങ്കല്‍: മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ഹാദിയയുടെ വീട്ട് തടങ്കല്‍: മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: ഹാദിയയുടെ വീട്ടു തടങ്കലില്‍ നീതി നിഷേധം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. യുത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹാദിയയുടെ വീട്ടു തടങ്കലുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനു മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് ഉത്തരവിട്ടത്.

കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. മനുഷ്യാവകാശ ലംഘനം ഹാദിയ പ്രശ്‌നത്തിലുണ്ടോ എന്ന കാര്യത്തില്‍ സുതാര്യത ആവശ്യമാണ്. ഹാദിയയെ കമ്മീഷന്‍ ചെയര്‍മാന്‍ ഉടന്‍ തന്നെ സന്ദര്‍ശിക്കണമെന്നും മനുഷ്യാവകാശ ലംഘനം ഉണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നത്. ചെയര്‍മാനോ അല്ലെങ്കില്‍ കമ്മീഷന്‍ അംഗങ്ങളോ ഹാദിയയെ സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

കോടതി ഉത്തരവിന്റെ പേരില്‍ ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ മനപ്പൂര്‍വം ധ്വംസിക്കുകയാണെങ്കില്‍ പ്രശ്‌നം കൂടുതല്‍ ഗൗരവമുള്ളതാണെന്നാണ് ഈ വിഷയത്തില്‍ കമ്മീഷന്റെ നിരീക്ഷണം. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്‌നമായതിനാല്‍ തന്നെ മനുഷ്യാവകാശ ലംഘനങ്ങളുണ്ടാവാന്‍ പാടില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹാദിയയ്ക്കു മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ ഫെയ്‌സ്ബുക്ക് വനിതാ കൂട്ടായ്മ വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ മാതാവുമായും പിതാവുമായും നടത്തിയ കൂടിക്കാഴ്ചയിലും ഹാദിയ ഇക്കാര്യത്തെ കുറിച്ചു സൂചന നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com