അമ്മയും കാവ്യയും കണ്ണീരോടെ യാത്രയയച്ചു: ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ദിലിപ് തിരികെ ജയിലെത്തി; മണപ്പുറത്ത് ബലിയിട്ടില്ല

പിതാവിന്റെ ശ്രാദ്ധ ചടങ്ങില്‍ ബലിയിടുന്ന ദിലീപ്. മകള്‍ മീനാക്ഷി, അമ്മ, അനിയന്‍ തുടങ്ങിയവര്‍ സമീപം. ഫോട്ടോ-ആല്‍ബിന്‍ മാത്യു-എക്‌സ്പ്രസ്.
പിതാവിന്റെ ശ്രാദ്ധ ചടങ്ങില്‍ ബലിയിടുന്ന ദിലീപ്. മകള്‍ മീനാക്ഷി, അമ്മ, അനിയന്‍ തുടങ്ങിയവര്‍ സമീപം. ഫോട്ടോ-ആല്‍ബിന്‍ മാത്യു-എക്‌സ്പ്രസ്.

കൊച്ചി: അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുത്തു ദിലീപ് തിരിച്ചു ജയിലെത്തി. രാവിലെ എട്ടു മണിക്കു ജയിലില്‍ നിന്നും ഇറങ്ങിയ ദിലീപ് നേരെ ആലുവയിലെ പെരിയാറിനോടു ചേര്‍ന്നുള്ള തന്റെ പദ്മസരോവരം വീട്ടിലേക്കാണ് പോയത്. തുടര്‍ന്നു വീട്ടില്‍ നിന്നും ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നേരെ ജയിലിലേക്കു തന്നെ മടങ്ങി.

രണ്ടു മണിക്കൂര്‍ സമയമാണ് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിനു അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചിരുന്നത്. 8 മുതല്‍ പത്തു വരെയായിരുന്നു നല്‍കിയ സമയം. നല്‍കിയതിലും പത്തു മിനുട്ട് നേരത്തെയാണ് ദിലീപ് ജയിലിലെത്തിയത്.

അതേസമയം, ദിലീപിന്റ സുരക്ഷ കണക്കിലെടുത്ത് ആലുവ മണപ്പുറത്തുള്ള ബലിയിടല്‍ ഒഴിവാക്കി. ജയിലില്‍ നിന്നും ഇറങ്ങുന്ന സമയത്തു തന്നെ തുറസായ ആലുവ മണപ്പുറത്തേക്കു ദിലീപിനെ കൊണ്ടുപോയേക്കില്ലെന്നും സൂചനയുണ്ടായിരുന്നു. ആലുവ ഡിവൈഎസ്പി പ്രഫുല ചന്ദ്രനായിരുന്നു ദിലീപിന്റെ സുരക്ഷാ ചുമത.

അനിയനൊപ്പം ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും അമ്മയും ദിലീപിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു ജയിലിലേക്കു കണ്ണീരോടെയാണ് ദിലീപിന്റെ അമ്മയും കാവ്യയും യാത്രയയച്ചത്.

മാധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ലെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും കോടതിയുത്തരവ് പാലിക്കുകയും ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെലവ് സ്വയം വഹിക്കുകയും വേണമെന്ന നിര്‍ദേശങ്ങളോടെയാണ് കോടതി പിതാവിന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിനു അനുമതി നല്‍കിയത്. 

ഫാന്‍ അസോസിയേഷനുകള്‍ താരത്തിനു അനുകൂലമായി പ്രകടനം നടത്തുമെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍, താരത്തെ പുറത്തിറക്കുന്ന സമയത്തോ വീടിന്റെ പരിസരത്തോ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ എത്തിയിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com