കവിത വായിച്ചിട്ട് തന്നെ വിളിക്കുന്നത് ആയിരങ്ങള്‍; നിയമസഭയ്ക്കകത്തിരുന്നും കവിതയെഴുതിയിട്ടുണ്ട്; വിമര്‍ശിക്കുന്നത് വായിക്കാത്ത ഭീരുക്കളെന്നും ജി സുധാകരന്‍

രാഷ്ട്രീയ കവിതയെന്നാല്‍ ചിലരുടെ ധാരണ പാര്‍ട്ടി കവിതയെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നും സാമൂഹിക രാഷ്ട്രീയ പ്രസക്തിയുള്ളതാണ് രാഷ്ട്രീയ കവിതയെന്നും സുധാകരന്‍
കവിത വായിച്ചിട്ട് തന്നെ വിളിക്കുന്നത് ആയിരങ്ങള്‍; നിയമസഭയ്ക്കകത്തിരുന്നും കവിതയെഴുതിയിട്ടുണ്ട്; വിമര്‍ശിക്കുന്നത് വായിക്കാത്ത ഭീരുക്കളെന്നും ജി സുധാകരന്‍

കൊച്ചി: തന്റെ കവിതയെ വിമര്‍ശിക്കുന്നത് വായിക്കാത്ത ഭീരുക്കളാണെന്ന് മന്ത്രി ജി സുധാകരന്‍. ചിലര്‍ വായിക്കാതെ അഭിപ്രായം പറയുകയാണെന്നും വിമര്‍ശനം കാര്യമായി കാണുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ശങ്കരക്കുറുപ്പിന്റെ കവിത മോശമാണെന്ന് മുണ്ടശ്ശേരി പറഞ്ഞില്ലേ. തകഴിയുടെ ആദ്യകാല കഥകള്‍ വലിച്ചുകീറി കളഞ്ഞില്ലേ. താന്‍ അതുപോലെയല്ലെന്നും സുധാകരന്‍ പറഞ്ഞു. തന്റെ കവിത വായിച്ചിട്ട് തന്നെ വിളിക്കുന്നത് ആയിരങ്ങളാണെന്നും സുധാകരന്‍ പറഞ്ഞു.

നിയമസഭയ്ക്കകത്തിരുന്നുപോലും കവിതയെഴുതാറുണ്ട്. ചില ദിവസങ്ങളില്‍ കാര്യമായി പരിപാടിയില്ലാത്ത ദിവസമാണ് അങ്ങനെ എഴുതാറുള്ളത്. തോന്നുമ്പോള്‍ എഴുതുന്നതാണ് തന്റെ കവിതയെഴുത്തു രീതി. ഉദാഹരണം പറയാം കഴിഞ്ഞ ദിവസം രാവിലെ അഞ്ചുമണിക്ക് ആലപ്പുഴയ്ക്ക് പോകാനിരിക്കെ നാലുമണിക്ക് എഴുന്നേറ്റപ്പോള്‍ കവിതയെഴുതണമെന്ന് തോന്നി. അപ്പോള്‍ തന്നെ കവിതയെഴുതിയെന്നും സുധാകരന്‍ പറഞ്ഞു.പലപ്പോഴും പേനയും കടലാസും കൈയിലില്ലാത്തതിനെ തുടര്‍ന്ന് നിരവധി കവിതകളും എഴുതാതെ പോയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ കവിതയെന്നാല്‍ ചിലരുടെ ധാരണ പാര്‍ട്ടി കവിതയെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നും സാമൂഹിക രാഷ്ട്രീയ പ്രസക്തിയുള്ളതാണ് രാഷ്ട്രീയ കവിതയെന്നും സുധാകരന്‍ പറഞ്ഞു.

ആദ്യകവിതയെഴുതുന്നത് കോളേജില്‍ പഠിക്കുമ്പോളാണ്. തന്റെ അയല്‍നാടായ ചാരമൂട് എന്ന സ്ഥലത്തുനിന്ന് ഒരാള്‍ കിളയ്ക്കുന്നു. അത് കണ്ടപ്പോഴാണ് കവിതയെഴുതിയത്. യോദ്ധാവ് എ്ന്നായിരുന്നു കവിതയുടെ പേര്.   അത് ആകാശവാണിക്ക് അയക്കുന്നു, അവരത് പ്രസിദ്ധികരിക്കുന്നു. പ്രതിഫലമായി 300രൂപ കിട്ടിയതായും സുധാകരന്‍ പറഞ്ഞു. സുധ എന്ന പേരിലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്. അന്ന് കൂടുതല്‍ കവിത ആര്‍ക്കും അയക്കാറില്ലായിരുന്നു. നാണക്കേട് കൊണ്ടായിരുന്നു പ്രസിദ്ധീകരണത്തിന് കൊടുക്കാതിരുന്നതെന്നും സുധാകരന്‍ പറഞ്ഞു. 

ഞാന്‍ അധികം കവിത ആര്‍ക്കും കൊടുത്തിട്ടില്ല. അത് കൊണ്ടുതന്നെ ഒരു കവിതപോലും ഒരു പത്രാധിപരും തിരിച്ചയച്ചിട്ടില്ല. കവിയാണെന്ന് അറിയപ്പെടാനുള്ള താത്പര്യം അന്നുമില്ല. ഇന്നുമില്ല. എന്റെ പുസ്തകം വില്‍ക്കാന്‍ പാര്‍ട്ടി സ്വാധിനം ഉപയോഗിച്ചിട്ടില്ല. എന്റെ പന്ത്രണ്ട് പുസ്തകങ്ങളില്‍ ഒന്നുമാത്രമാണ് ചിന്ത പ്രസിദ്ധീകിരച്ചത്. ദേശാഭിമാനിയിലും എന്റെ കുറച്ച് കവിതകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ച് വന്നിട്ടുളളത്. ഇതുവരെ  250 കവിതകള്‍ എഴുതിയെന്നും ജി സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com