മോര്‍ച്ചറിയുടെ തണുപ്പ് അസഹ്യമായപ്പോള്‍ രത്‌നം ഞരങ്ങി, പിന്നെ കണ്ണു തുറന്നു

പരിഭ്രാന്തരായ വീട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ ഇവര്‍ മരിച്ചിട്ടില്ലെന്ന് മനസിലായതിനെത്തുടര്‍ന്ന ആശുപത്രിയിലേക്കു മാറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി: മരിച്ചെന്ന് കരുതി ബന്ധുക്കള്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ വച്ച വീട്ടമ്മ കണ്ണുതുറന്നു. മോര്‍ച്ചറിയിലെ തണുപ്പ് അസഹ്യമായതോടെ ഇവര്‍ ഞരങ്ങുകയും മൂളുകയും തുടര്‍ന്ന് കണ്ണു തുറക്കുകയുമായിരുന്നു. ഭയന്ന് പരിഭ്രാന്തരായ വീട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ ഇവര്‍ മരിച്ചിട്ടില്ലെന്ന് മനസിലായതിനെത്തുടര്‍ന്ന ആശുപത്രിയിലേക്കു മാറ്റി. 

ഇടുക്കി വണ്ടന്‍മേട്ടില്‍ ഇന്ന് രാവിലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വണ്ടന്‍മേട് പുതുവല്‍ കോളനിയില്‍ രത്‌നവിലാസത്തില്‍ മുനിസ്വാമിയുടെ ഭാര്യ രത്‌നം (52) ആണ് മരണത്തില്‍നിന്ന് ജീവിതത്തിലേക്കു തിരിച്ചുവന്നത്. മഞ്ഞപ്പിത്തം ബാധിച്ച് രത്‌നം കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തേനിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വെന്റിലേറ്റര്‍ മാറ്റിയാല്‍ മരണം എന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. രോഗം കുറയുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കള്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ വീട്ടമ്മയെ വീട്ടിലേക്ക് കൊണ്ടുപോന്നു. ആംബുലന്‍സ് മടങ്ങിയതിന് പിന്നാലെ വീട്ടമ്മ മരിച്ചുവെന്ന് ബന്ധുക്കള്‍ സ്വയം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നു മൊബൈല്‍ മോര്‍ച്ചറി വരുത്തി വീട്ടമ്മയെ അതിനുള്ളിലേക്ക് മാറ്റി.

അന്ത്യകര്‍മങ്ങള്‍ക്കുള്ള നടപടികളും പ്രാര്‍ഥനകളും പുരോഗമിക്കുന്നതിനിടെയാണ് മൊബൈല്‍ മോര്‍ച്ചറിക്കുള്ളില്‍ കിടന്ന് വീട്ടമ്മ കണ്ണു തുറന്നത്. മോര്‍ച്ചറിയുടെ തണുപ്പ് അസഹ്യമായതോടെ അബോധാവസ്ഥയിലായിരുന്ന വീട്ടമ്മ ഞരങ്ങുകയും മൂളുകയും ചെയ്യുകയായിരുന്നു. ഭയന്നു പരിഭ്രാന്തരമായ വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വീട്ടമ്മ മരിച്ചിട്ടില്ലെന്ന് മനസിലായത്. 

മഞ്ഞപ്പിത്തം ഗുരുതരമായതിനാല്‍ വീട്ടമ്മയുടെ ആന്തരികാവയവങ്ങള്‍ എല്ലാം പ്രവര്‍ത്തനരഹിതമാണെന്നും സ്ഥിതി ഗുരുതരമാണെന്നും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com