ചൈനീസ് അനുമതി നിഷേധം: പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് കടകം പള്ളി

ചൈനാ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് കടകം പള്ളി സുരേന്ദ്രന്‍ - യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തിന് പ്രധാനപ്പെട്ട റോളുണ്ടെന്നും മന്ത്രി 
ചൈനീസ് അനുമതി നിഷേധം: പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് കടകം പള്ളി

ന്യൂഡല്‍ഹി: ലോകടൂറിസം പരിപാടിയുടെ ഭാഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനത്തിന് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് കടകം പള്ളി സുരേന്ദ്രന്‍. കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത് പ്രധാനമന്ത്രി അറിയണമെന്നുള്ളതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.

ഇക്കാര്യം മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തും. അതിന് ശേഷമാകും പരാതി നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് മതിയായ കാരണങ്ങളില്ലാതെ അനുമതി നിഷേധിച്ചതായി വിദേശകാര്യമന്ത്രാലയം മന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. ചൈനീസ് സന്ദര്‍ശനത്തിന് ക്ഷണം ലഭിച്ചതിന് പിന്നാലെ ആഗസ്ത് രണ്ടാം വാരം തന്നെ പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി വിദേശകാര്യമന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് അനുമതി നിഷേധിക്കുന്നതെങ്കില്‍ അത് അന്നുതന്നെ ചൂണ്ടിക്കാണിക്കാമായിരുന്നെന്നും മന്ത്രി പറഞ്ഞു

അനുമതി നിഷേധിച്ചതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ സങ്കുചിതമായ കക്ഷിരാഷ്ട്രീയമാണെന്നാണ് കരുതുന്നത്. ബിജെപി സര്‍ക്കാരല്ലേ രാജ്യം ഭരിക്കുന്നത്. അതില്‍ അത്ഭുതപ്പെടാനില്ല. ആരുഭരിച്ചാലും ഇത്ര ഇടുങ്ങി ചിന്തിക്കരുതെന്നും കടകംപള്ളി പറഞ്ഞു. അനുമതി നിഷേധിച്ചതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. ചൈനീസ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയിലല്ല കേരളം പങ്കെടുക്കുന്നത്. യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് കേരളത്തിനുള്ള ക്ഷണം ലഭിച്ചത്. പരിപാടിയില്‍ സംസ്ഥാനത്തിന് പ്രധാനപ്പെട്ട റോളാണ് ഉള്ളത്. ടൂറിസം മേഖലയില്‍ കേരളം നടപ്പാക്കുന്ന പല പദ്ധതികളോടും യുഎന്‍ യോജിപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ചൈനക്കാരാണ് കേരളം സന്ദര്‍ശിക്കുന്നത്. ചൈനയുമായുള്ള  ടൂറിസം ബന്ധം മെ്ച്ചപ്പെടുത്താനും സന്ദര്‍ശനം സഹായകരമാകുമെന്നുമായിരുന്നു സംസ്ഥാനത്തിന്റെ പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

മികച്ച ടൂറിസത്തിനുള്ള സംസ്ഥാനമായി യുഎന്‍  കേരളത്തെ തെരഞ്ഞെടുത്തിരുന്നു. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതിലുള്ള അസംതൃപ്തിയാണ് ചൈനീസ് സന്ദര്‍ശനത്തിനുള്ള അനുമതി നിഷേധിക്കാനുള്ള കാരണമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com