നാദിര്‍ഷയുടെ അറസ്റ്റ് തടഞ്ഞില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ 13ലേക്കു മാറ്റി

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നാദിര്‍ഷയുടെ അറസ്റ്റ് തടഞ്ഞില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ 13ലേക്കു മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് തടയണമെന്ന, സംവിധായകന്‍ നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തള്ളി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 13ലേക്കു മാറ്റി.
 

ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ഇങ്ങനെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയാല്‍ ഉടന്‍ അറസ്റ്റ്് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. 

ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷ ഹൈക്കോടതിയെ സമീപിച്ചത്. ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് നാദിര്‍ഷ പൊലീസിനെ അറിയിച്ചിരിക്കുന്നത്. 

കേസുമായി ബന്ധപ്പെട്ട് നേരത്തെ നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്കു പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍നിന്നു വ്യക്തമായത് എന്നാണ് അന്നു പൊലീസ് നല്‍കിയ സൂചന. എന്നാല്‍ ദിലീപിനെ കേസില്‍നിന്നു രക്ഷിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ നാദിര്‍ഷ പങ്കാളിയാണ് എന്നായിരുന്നു പൊലീസിന്റെ നിഗമനം. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ ഇതു പരിശോധിക്കാം എന്ന വിലയിരുത്തലില്‍ ആയിരുന്നു സംഘം. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നാദിര്‍ഷയ്ക്ക് അറിയാമായിരുന്നെന്നും ചോദ്യം ചെയ്യലില്‍ അതു മറച്ചു വയ്ക്കുകയായിരുന്നെന്നും അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നാദിര്‍ഷയോട് ആവശ്യപ്പെട്ടത്.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തകളിലുള്ളത് ദിലീപിനെതിരായ തെളിവുകളുടെ ഒരു അംശം മാത്രമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തന്നെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന് ദിലീപ് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷികളുണ്ട്. ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നതു പോലെ ടവര്‍ ലൊക്കേഷന്‍ തെളിവുകള്‍ മാത്രമല്ല കേസില്‍ കണ്ടെത്തിയിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാദിര്‍ഷയ്ക്ക് അറിയാമായിരുന്നെന്നും ആദ്യ ചോദ്യം ചെയ്യലില്‍ മറച്ചുവച്ചെന്നുമാണ് പൊലീസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com