എന്നെ പാലക്കാട്ടെ ജനങ്ങള്‍ക്കറിയാം; ടൈംസ് നൗ പ്രചരിപ്പിക്കുന്നത് ശുദ്ധനുണ- എംബി രാജേഷ് എംപി

എന്റെയും എന്റെ കുടുംബത്തിന്റെയും വരുമാനവും ആസ്തിയും പരിശോധിക്കുകയുമാവാം. അപ്പോള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവും ഞാന്‍ ശതകോടീശ്വരന്‍മാരായ എംപിമാരുടെ വരേണ്യ സംഘത്തിലല്ല സാധാരണക്കാരുടെ ഗണത്തിലാണെന്ന്‌
എന്നെ പാലക്കാട്ടെ ജനങ്ങള്‍ക്കറിയാം; ടൈംസ് നൗ പ്രചരിപ്പിക്കുന്നത് ശുദ്ധനുണ- എംബി രാജേഷ് എംപി

പാലക്കാട്: യാത്രാ ഇനത്തില്‍ വന്‍ തുക കൈപ്പറ്റിയെന്ന വിവാദത്തില്‍ വിശദീകരണവുമായി എംബി രാജേഷ് എംപി. കൈപ്പറ്റിയത് ആറുലക്ഷം രൂപ മാത്രമാണെന്നും ഇത് സ്വകാര്യ ആവശ്യത്തിന് വേണ്ടിയായിരുന്നില്ലെന്നുമാണ് എംപിയുടെ വിശദീകരണം. എന്നാല്‍ ഇതിന്റെ അഞ്ചിരട്ടിയായി കാണിച്ച് ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ് ചാനല്‍ ചെയ്തതെന്നും രാജേഷ് പറയുന്നു. 

ടൈംസ് നൗവിനെ ക്യാമറ സഹിതം ഞാന്‍ എന്റെ 1915 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള പാലക്കാട്ടെ സാധാരണ വീട്ടിലേക്കും ഡല്‍ഹി വി.പി.ഹൗസിലെ ഒറ്റമുറി ഔദ്യോഗിക ഫഌറ്റിലേക്കും ക്ഷണിക്കുന്നു. ഒപ്പം നിങ്ങള്‍ക്ക് വിവരാവകാശ നിയമ പ്രകാരം ഒരു കാര്യം അന്വേഷിക്കുകയുമാവാം. നിങ്ങളുടെ പ്രിയരായ ചില ബി.ജെ.പി. എം.പിമാര്‍ വീട് മോടി പിടിപ്പിക്കാന്‍ എത്ര പണം ചെലവിട്ടുവെന്നും ഖജനാവിന് എത്രത്തോളം ചോര്‍ച്ച വരുത്തിയെന്നും കണ്ടെത്താന്‍. എന്തേ താല്‍പ്പര്യമില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും വരുമാനവും ആസ്തിയും പരിശോധിക്കുകയുമാവാം. അപ്പോള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവും ഞാന്‍ ശതകോടീശ്വരന്‍മാരായ എം.പി.മാരുടെ വരേണ്യ സംഘത്തിലല്ല എറ്റവും സാധാരണക്കാരുടെ ഗണത്തിലാണ് ഉള്‍പ്പെടുകയെന്ന്. പാലക്കാട്ടെ ജനങ്ങള്‍ക്കറിയാം ഞാന്‍ എം.പി.യാവുന്നതിന് മുമ്പും ശേഷവും എങ്ങിനെ ജീവിക്കുന്നയാളാണെന്ന്. എം.പി..യായ ശേഷമുള്ള ഒരു 'ആര്‍ഭാടം' ബസ്സില്‍ നിന്ന് ഒരു സാധാരണ കാറിലേക്ക് മാറി എന്നതാണ്. അതും ലോണെടുത്തിട്ടാണ്. എന്റെ രണ്ടുമക്കളും ലക്ഷങ്ങള്‍ ഫീസ് കൊടുക്കേണ്ട സ്‌ക്കൂളിലല്ല, വളരെ സാധാരണക്കാരോടൊപ്പം സര്‍ക്കാര്‍ സ്‌ക്കൂളിലാണ് പഠിക്കുന്നതും. അതുകൊണ്ട് നിങ്ങളുടെ വിഷലിപ്തമായ വിദ്വേഷ പ്രചരണത്തെ ഞാന്‍ തെല്ലും വക വക്കുന്നില്ല. സംഘപരിവാരവും അവരുടെ കൂലിത്തല്ലുകാരും എന്നെ ലക്ഷ്യം വക്കുമ്പോള്‍ പരിഭ്രാന്തിയല്ല അഭിമാനമാണുള്ളതെന്നും രാജേഷ് പറയുന്നു


പോസ്റ്റിന്റെ പൂര്‍ണരൂപം


ടൈംസ് നൗവിന്റെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥ തുകയുടെ അഞ്ചിരട്ടി.
മിക്ക ടിക്കറ്റുകളും മുന്‍കൂട്ടി ബുക്ക്‌ചെയ്തത് 
എല്ലാം ഔദ്യോഗിക യാത്രകള്‍
60% ടിക്കറ്റ് തുകയും ലഭിച്ചത് പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ ഇന്ത്യക്ക്
ടൈംസ് നൗ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച പരസ്യവരുമാനം വെളിപ്പെടുത്തുമോ?
ദൃശ്യമാധ്യമ രംഗത്തെ സംഘി ഇരട്ടകളിലൊന്നായി അറിയപ്പെടുന്ന ടൈംസ് നൗ ഞാനുള്‍പ്പെടെ കേരളത്തിലെ എം.പിമാര്‍ക്കെതിരായി യാത്രാപ്പടി സംബന്ധിച്ച് അങ്ങേയറ്റം ദുരുദ്ദേശ്യപരവും തെറ്റിദ്ധാരണയുളവാക്കുന്നതുമായ വാര്‍ത്ത നല്‍കുകയുണ്ടായി. ടൈംസ് നൗവിന്റെ വളച്ചൊടിച്ച വാര്‍ത്തയുടെ പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ ഇവിടെ വ്യക്തമാക്കട്ടെ.
1. വാര്‍ത്തയില്‍ പറയുന്ന കാലയളവിലെ എന്റെ യാത്രയുടെ വിശദാംശങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുകയുണ്ടായി. ഞാന്‍ 3027628 (30.27ലക്ഷം) രൂപ യാത്രപ്പടി ഇനത്തില്‍ നേട്ടമുണ്ടാക്കി എന്നത് ശുദ്ധനുണയാണ്. ഡി.എ. ഇനത്തില്‍ നിയമാനുസൃതം എനിക്ക് ലഭ്യമായത് 628446.75 രൂപ (6.28 ലക്ഷം)യാണെന്നിരിക്കെ അതിന്റെ തുക അഞ്ചിരട്ടിയാക്കി പെരുപ്പിച്ച് കാണിച്ചത് ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാനല്ലെങ്കില്‍ മറ്റെന്തിനാണ്?
2. എം.പി.മാരുടെ എല്ലാ ഔദ്യോഗിക യാത്രകള്‍ക്കും ഡി.എ. ഇല്ല എന്ന വസ്തുത മറച്ചു വച്ചാണ് ടൈംസ് നൗവും സംഘി അനുയായികളും പെരുപ്പിച്ച നുണ കണക്കുകള്‍ പ്രചരിപ്പിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തിലും അവസാനത്തിലും കമ്മിറ്റി യോഗങ്ങള്‍ക്കുള്ള യാത്രക്കും മാത്രമേ ഡി.എ. ലഭ്യമാകൂ. ഡി.എ നിയമവും ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് അനുവദിക്കുന്നത് മാത്രമാണ്. ചട്ടപ്രകാരം സമര്‍പ്പിച്ച ടിക്കറ്റ് കോപ്പിയും ബോര്‍ഡിങ്ങ് പാസും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് സെക്രട്ടേറിയറ്റ് തുക ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. ഒരു എം.പി.ക്കും സ്വന്തം ഇഷ്ടാനുസരണമോ ആവശ്യാനുസരണമോ ഡി.എ എഴുതിയെടുക്കാനാവില്ല. ഓരോ യാത്രക്കുമുള്ള അനുവദിക്കാവുന്ന തുകക്ക് ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. അതില്‍ കൂടുതലായാല്‍ അത് നിരസിക്കുകയും ചെയ്യും. ഒരിക്കല്‍ പോലും എന്റെ ടിക്കറ്റുകള്‍ ഇങ്ങനെ നിരസിക്കപ്പെട്ടിട്ടില്ല.
3. ടൈംസ് നൗ പറയുന്ന എന്റെ എല്ലാ യാത്രകളും തീര്‍ത്തും എന്റെ പാര്‍ലമെന്ററി ചുമതല നിര്‍വ്വഹണത്തിനുള്ള ഔദ്യോഗിക യാത്രകള്‍ മാത്രവുമായിരുന്നു. ഒന്നും വ്യക്തിപരമായ ആവശ്യത്തിനായിരുന്നില്ല. എന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ഡേറ്റ പരിശോധിച്ചാല്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും അവരേല്‍പ്പിച്ച ചുമതലയും ഞാന്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട് എന്ന് കാണാനാവും. (ലിങ്ക് വേേു://ംംം.ുൃശെിറശമ.ീൃഴ/ാുേൃമരസ/ായൃമഷലവെ)
പാര്‍ലമെന്ററി കമ്മിറ്റികളുടെ രേഖകള്‍ പരിശോധിച്ചാലും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകളും നിര്‍ണായകമായ വിയോജനക്കുറിപ്പുകളും കാണാനാവും. മേല്‍പ്പറഞ്ഞ കാലയളവില്‍ ജീവിത പങ്കാളിക്ക് നിയമാനുസൃതം ടിക്കറ്റുകള്‍ ലഭ്യമായിരുന്നെങ്കിലും ഒന്നു പോലും ഉപയോഗിച്ചിട്ടില്ല. 
4. മറ്റൊരു ആരോപണം യാത്രാക്കൂലിയുടെ നാലിലൊന്ന് ഡി.എ പരമാവധി ലഭിക്കാനായി 'അവസാനനിമിഷം' ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കൂടിയ നിരക്കിന് കാരണമാകുന്നു എന്നത്രേ. ഇതേക്കുറിച്ച് എന്റെ ട്രാവല്‍ ഏജന്റിനോട് അന്വേഷിക്കുകയും ഭൂരിഭാഗം ടിക്കറ്റുകളും നേരത്തേ ബുക്ക് ചെയ്തിട്ടുണ്ടെന്നും 'അവസാനനിമിഷം'എന്ന ആക്ഷേപം ശരിയല്ലെന്നും ഏജന്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു എം.പി.ക്ക് പ്രത്യേകിച്ച് ഒരു ലോക്‌സഭാ എം.പി.ക്ക് മണ്ഡലത്തിലെ തിരക്കുകള്‍ അപ്രതീക്ഷിതമായി വന്നു ചേരുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ കാരണം ബുക്കിങ്ങില്‍ അവസാന നിമിഷ മാറ്റങ്ങള്‍ ചിലപ്പോഴെങ്കിലും അനിവാര്യമാകുകയും ചെയ്യും. അവസാനം ബുക്ക് ചെയ്യുമ്പോള്‍ ബിസിനസ് ക്ലാസ്സ് ടിക്കറ്റിന്റെ നിരക്കിലും ഡി.എ. ഉണ്ടെങ്കില്‍ ആനുപാതികമായി അതിലും നാമമാത്രമായ മാറ്റങ്ങള്‍ ഇല്ലാതെ വന്‍വര്‍ദ്ധന ഉണ്ടാവാറില്ല. 
5. ഇനി ടൈംസ് നൗവിന്റെ തന്നെ വളച്ചൊടിച്ചതും പെരുപ്പിച്ചതുമായ കണക്കുകളനുസരിച്ചു തന്നെ ഏറ്റവും താഴെയാണ് എന്റെ പേര് എങ്കിലും ചാനലും അവരുടെ തീവ്രവലതു പക്ഷ അനുയായികളും എന്നെ ലക്ഷ്യം വച്ചാണ് കടുത്ത ആക്രമണം അഴിച്ചു വിടുന്നത്. അത് വിഷലിപ്തമായ രാഷ്ട്രീയ പ്രതികാരമല്ലാതെ മറ്റൊന്നുമല്ല. 
6. അവസാനമായി, ടൈംസ് നൗവിനെ ക്യാമറ സഹിതം ഞാന്‍ എന്റെ 1915 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള പാലക്കാട്ടെ സാധാരണ വീട്ടിലേക്കും ഡല്‍ഹി വി.പി.ഹൗസിലെ ഒറ്റമുറി ഔദ്യോഗിക ഫഌറ്റിലേക്കും ക്ഷണിക്കുന്നു. ഒപ്പം നിങ്ങള്‍ക്ക് വിവരാവകാശ നിയമ പ്രകാരം ഒരു കാര്യം അന്വേഷിക്കുകയുമാവാം. നിങ്ങളുടെ പ്രിയരായ ചില ബി.ജെ.പി. എം.പിമാര്‍ വീട് മോടി പിടിപ്പിക്കാന്‍ എത്ര പണം ചെലവിട്ടുവെന്നും ഖജനാവിന് എത്രത്തോളം ചോര്‍ച്ച വരുത്തിയെന്നും കണ്ടെത്താന്‍. എന്തേ താല്‍പ്പര്യമില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും വരുമാനവും ആസ്തിയും പരിശോധിക്കുകയുമാവാം. അപ്പോള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവും ഞാന്‍ ശതകോടീശ്വരന്‍മാരായ എം.പി.മാരുടെ വരേണ്യ സംഘത്തിലല്ല എറ്റവും സാധാരണക്കാരുടെ ഗണത്തിലാണ് ഉള്‍പ്പെടുകയെന്ന്. പാലക്കാട്ടെ ജനങ്ങള്‍ക്കറിയാം ഞാന്‍ എം.പി.യാവുന്നതിന് മുമ്പും ശേഷവും എങ്ങിനെ ജീവിക്കുന്നയാളാണെന്ന്. എം.പി..യായ ശേഷമുള്ള ഒരു 'ആര്‍ഭാടം' ബസ്സില്‍ നിന്ന് ഒരു സാധാരണ കാറിലേക്ക് മാറി എന്നതാണ്. അതും ലോണെടുത്തിട്ടാണ്. എന്റെ രണ്ടുമക്കളും ലക്ഷങ്ങള്‍ ഫീസ് കൊടുക്കേണ്ട സ്‌ക്കൂളിലല്ല, വളരെ സാധാരണക്കാരോടൊപ്പം സര്‍ക്കാര്‍ സ്‌ക്കൂളിലാണ് പഠിക്കുന്നതും. അതുകൊണ്ട് നിങ്ങളുടെ വിഷലിപ്തമായ വിദ്വേഷ പ്രചരണത്തെ ഞാന്‍ തെല്ലും വക വക്കുന്നില്ല. സംഘപരിവാരവും അവരുടെ കൂലിത്തല്ലുകാരും എന്നെ ലക്ഷ്യം വക്കുമ്പോള്‍ പരിഭ്രാന്തിയല്ല അഭിമാനമാണുള്ളത്. 
അവസാനിപ്പിക്കും മുമ്പ് സുതാര്യതയുടെ സ്വയം പ്രഖ്യാപിത ചാമ്പ്യന്‍മാരായ ടൈംസ് നൗവിനോട് ഒറ്റചോദ്യം മാത്രം. കേന്ദ്രസര്‍ക്കാരില്‍ നിന്നും കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും കഴിഞ്ഞ മൂന്നു വര്‍ഷം നിങ്ങള്‍ക്ക് എത്ര തുക പരസ്യ വരുമാനമായി ലഭിച്ചു? അതും നികുതിദായകന്റെ പണമാണല്ലോ. അതങ്ങനെ തന്നെയല്ലേ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com