സിപിഎം ദേശീയ സെമിനാറില്‍ കമല്‍ ഹാസന്‍ പങ്കെടുക്കും: പാര്‍ട്ടിയിലേക്കെന്നു വ്യക്തമായ സൂചന

സിപിഎം ദേശീയ സെമിനാറില്‍ കമല്‍ ഹാസന്‍ പങ്കെടുക്കും: പാര്‍ട്ടിയിലേക്കെന്നു വ്യക്തമായ സൂചന

കോഴിക്കോട്: കേളുവേട്ടന്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് (കെസിഎസ്ആര്‍) കോഴിക്കോട് നടത്തുന്ന ദേശീയ സെമിനാറില്‍ തമിഴ് നടന്‍ കമല്‍ ഹാസന്‍ പങ്കെടുക്കും. ചടങ്ങിലേക്കു പ്രത്യേക ക്ഷണിതാവായണ് കമല്‍ എത്തുക. താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് സിപിഎമ്മിന്റെ ദേശീയ സെമിനാറില്‍ കമല്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചത്.

ഈ മാസം ആദ്യം പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി താരം ഇടതു ചേരിയിലേക്കെന്ന സൂചന ശക്തമാക്കിയിരുന്നു. കോഴിക്കോട് സെപ്റ്റംബര്‍ 16നാണ് വര്‍ഗീയ ഫാസിസത്തിനെതിരേ ദേശീയ സെമിനാര്‍ എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മന്ത്രി കെടി ജലീല്‍, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, എളമരം കരീം, കെജി തോമസ് എന്നീ നേതാക്കള്‍ക്കൊപ്പം എംഇഎസ് പ്രസിഡന്റ് ഫസര്‍ ഗഫൂര്‍, എഴുത്തുകാരി ഖദീജാ മുംതാസ്, ഹുസൈന്‍ രണ്ടത്താണി തുടങ്ങിയവര്‍ പങ്കെടുക്കും.

ദേശീയ സെമിനാറില്‍ കമല്‍ പങ്കെടുക്കുന്നത് താരം പാര്‍ട്ടിയിലേക്കെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണെന്നാണ് വിലയിരുത്തലുകള്‍. സെമിനാറിനു കമലിനെ ക്ഷണിക്കുകയും അദ്ദേഹം അതു സ്വീകരിക്കുകയും ചെയ്തു. ദീര്‍ഘകാലമായ ഇടതു പിന്തുണക്കാരായ കമലിന്റെ കുടുംബവുമായി സിപിഎമ്മിനു ദൃഢ ബന്ധമുണ്ട്. എന്നാല്‍, സെമിനാറില്‍ അദ്ദേഹം പങ്കെടുക്കുന്നത് രാഷ്ട്രീയ സഖ്യവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കല്ല.  വര്‍ഗീയ ഫാസിസത്തിനെതിരായുള്ള കൂട്ടായ പ്രവര്‍ത്തനത്തിനു സമാന മനസ്‌ക്കരുടെ ഒത്തുചേരലിനാണ്.-കെസിഎസ്ആര്‍ ഡയറക്ടര്‍ കെടി കുഞ്ഞിക്കണ്ണന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com