'ആ ഫോട്ടോ സത്യമാണ്, എന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല'
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th September 2017 04:51 PM |
Last Updated: 11th September 2017 05:30 PM | A+A A- |

താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന വിശദീകരണവുമായി പ്രമുഖ ജൈവ കര്‍ഷകന്‍ കെഎം ഹിലാല്‍. ഹിലാല്‍ ബിജെപിയല്‍ ചേര്‍ന്നെന്ന് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വ്യാപകമായ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. ഹിലാല്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒപ്പം നില്‍ക്കുന്ന ചിത്രവുമായാണ് പ്രചാരണം. ഇതിനു ഹില്‍ നല്‍കിയ വിശദീകരണം ഇങ്ങനെ:
ഞാന്‍ BJP അംഗത്വമെടുത്തതായി വാട്‌സ് ആപില്‍ വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നു. അത് സത്യമല്ല. ഈ ചിത്രം സത്യമാണ് താനും. സംഭവം ഇതാണ്:
ഇന്ന് കോട്ടയം ജില്ലയിലെ വിവിധ പരിപാടികള്‍ക്കിടയില്‍ വൈകുന്നേരം പള്ളിക്കത്തോട് എത്തി. അപ്പോഴാണ് അവിടെ ബഹു.കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് സ്വീകരണം നടന്നുകൊണ്ടിരുന്നത്.
1989 ല്‍ ഞാന്‍ കോട്ടയത്തെ 'ജനബോധന സാക്ഷരതായജ്ഞ'ത്തില്‍ പങ്കെടുത്ത നാളുകളില്‍ ആ പദ്ധതിക്ക് നേതൃത്വം വഹിച്ച ശ്രീ. കണ്ണന്താനത്തോട് സ്‌നേഹവും ബഹുമാനവും പുലര്‍ത്തിയിരുന്നു.
അക്കാലത്തെ അദ്ദേഹവുമായുള്ള നേരിയ പരിചയം ഒന്ന് പുതുക്കാമെന്ന് അത്തരുണത്തില്‍ കരുതി. കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രകൃതി കൃഷി പ്രചാരണങ്ങള്‍ക്കും പരിസ്ഥിതി രംഗത്തെ ഇടപെടലുകള്‍ക്കും അകമഴിഞ്ഞ പിന്തുണയും സഹായവും നല്‍കിയ BJP അദ്ധ്യക്ഷന്‍ ശ്രീ കുമ്മനം രാജശേഖരനും അവിടെ സന്നിഹിതനായിരുന്നു.
പരിപാടി നടന്ന സ്‌റ്റേജിന് സമീപത്തേക്ക് ഇരുവരുമായി കുശലം പറഞ്ഞ് നീങ്ങിയ എന്നെ ഒന്നാദരിക്കണമെന്ന് ബഹു. കുമ്മനം രാജശേഖരന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ഞാനതിന് സമ്മതം മൂളുകയും ചെയ്തു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന കാലത്ത് ഇടതു വിദ്യാര്‍ത്ഥി സമരത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന ശ്രീ നോബിള്‍മാത്യുവാണ് അവിടെ പരിപാടികള്‍ നിയന്ത്രിച്ചു കൊണ്ടിരുന്നത്. അദ്ദേഹം മൈക്കിലൂടെ ക്ഷണിച്ചതനുസരിച്ച് ബഹു. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സാന്നിദ്ധ്യത്തില്‍ ശ്രീകുമ്മനം രാജശേഖരന്‍ എന്നെ ഷാള്‍ അണിയിക്കുകയും ആശ്ശേഷിക്കുകയും ചെയ്തു. ഉടന്‍ തന്നെ ശ്രീകണ്ണന്താനവും എന്നെ തിരിച്ചറിഞ്ഞ് അടുത്തേക്ക് വന്ന് ആശ്ലേഷിച്ചു.
അതിനിടയില്‍ പള്ളിക്കത്തോട്ടിലെ ഒരു DYFI പ്രവര്‍ത്തകന്‍ BJP അംഗത്വമെടുക്കുന്ന ഒരു ചടങ്ങും അവിടെ നടന്നു. ഇത് വീക്ഷിച്ചവരില്‍ ചിലര്‍ ഉടന്‍ തന്നെ ചിത്രങ്ങളെടുത്ത് ഞാന്‍ BJP അംഗത്വമെടുത്തതായി വാട്ട്‌സ് ആപ് വഴി പ്രചരിപ്പിക്കുകയായിരുന്നു.
ഞാന്‍ ഇപ്പോള്‍ BJP യിലോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലോ അംഗത്വമെടുക്കാന്‍ തീരുമാനിച്ചിട്ടില്ല എന്ന് ഇത്തരുണത്തില്‍ അറിയിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള നിരവധി പേര്‍ സുഹൃത്തുക്കളായി എനിക്കുണ്ട്. ആ സുഹൃദ് ബന്ധവും സഹകരണങ്ങളും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടുള്ള ആഭിമുഖ്യമായി കാണേണ്ടതില്ലെന്ന് അപേക്ഷിക്കുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആഭിമുഖ്യമില്ലെന്ന് ബോധ്യപ്പെടുത്താനായി അവരിലെ സുഹൃത്തുക്കളില്‍ നിന്ന് അകന്ന് നില്‍ക്കാനോ BJP, CPI(M), CPI, കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ്, മുസ്ലിം ലീഗ്, SDPI തുടങ്ങി ഏതൊരു പാര്‍ട്ടികളുടേയും വേദി പങ്കിടാതിരിക്കുന്നതിനോ ഞാന്‍ തയാറല്ലെന്നും താഴ്മയായി അറിയിക്കുന്നു.
സര്‍വമതങ്ങളിലെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെയും നല്ലവരായ ആളുകളുമായുള്ള സൗഹൃദം തുടര്‍ന്നും തുടരുന്നതാണെന്ന് അറിയിച്ചു കൊള്ളുന്നു.
സ്‌നേഹപൂര്‍വം,
ഹിലാല്‍.