കരിഓയിലല്ല സള്‍ഫ്യൂറിക് ആസിഡൊഴിച്ചാലും ദിലീപിനെക്കുറിച്ചുള്ള നിലപാടില്‍ മാറ്റമില്ല: ശ്രീനിവാസന് ജയശങ്കറിന്റെ പരിഹാസം
By സമകാലികമലയാളം ഡെസ്‌ക് | Published: 11th September 2017 05:00 PM |
Last Updated: 11th September 2017 05:23 PM | A+A A- |

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച ശ്രീനിവാസനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കരി ഓയിലല്ല, സള്‍ഫ്യൂറിക് ആസിഡ് ഒഴിച്ചാലും ദിലീപിനെ കുറിച്ചുള്ള നിലപാടില്‍ മാറ്റമില്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നതെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സിനിമയിലെ മാഫിയാ സംസ്‌കാരം സാമ്രാജ്യത്വമോ, ഫാസിസമോ, താലിബാനിസമോ പോലെയല്ലെന്നും വേറെ സെറ്റപ്പാണെന്നും സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കില്‍ വിവരമറിയുമെന്നും ജയശങ്കര്‍ പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിക്കാം, നരേന്ദ്ര മോദിയെ അപലപിക്കാം, പിണറായി വിജയനെ കുറ്റപ്പെടുത്താം. ഒരു കുഴപ്പവുമില്ല. ജനാധിപത്യ സമ്പ്രദായത്തില്‍ അതൊക്കെ അനുവദനീയമാണ്. എന്നാല്‍ ദിലീപിനെക്കുറിച്ച് ഒന്നും പറയാനാകില്ലെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.
ഫ്രണ്ട്‌സ് എന്ന മലയാള ചലച്ചിത്രത്തില്‍ ശ്രീനിവാസന്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ കൂടിച്ചേര്‍ത്താണ് ഫേസ്ബുക്ക് പോസ്റ്റ്. ഇതിന്റെ അവസാനം ശ്രീനിവാസന്റെ ശരീരത്തിലാകെ കരിഓയില്‍ മുക്കുന്ന ഒരു രംഗം കൂടിയുണ്ട്.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സാമ്രാജ്യത്വമോ ഫാസിസമോ താലിബാനിസമോ പോലെയല്ല, സിനിമയിലെ മാഫിയാ സംസ്കാരം. അത് വേറെ സെറ്റപ്പാണ്. സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കിൽ വിവരമറിയും.
ഡോണൾഡ് ട്രംപിനെ വിമർശിക്കാം, നരേന്ദ്രമോദിയെ അപലപിക്കാം, പിണറായി വിജയനെ കുറ്റപ്പെടുത്താം. ഒരു കുഴപ്പവുമില്ല. ജനാധിപത്യ സമ്പ്രദായത്തിൽ അതൊക്കെ അനുവദനീയമാണ്.
പക്ഷേ, ദിലീപിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് തെറ്റായിപ്പോയെന്ന് പറയാനേ പാടില്ല.
സബ്ജയിലിൽ ഓണക്കോടിയുമായി പോകുന്നതിൽ തെറ്റില്ല. ജാമ്യം നിഷേധിച്ച ജഡ്ജിയെ വിമർശിക്കാനും വിരോധമില്ല. അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
കരിഓയിലല്ല, സൾഫ്യൂറിക് ആസിഡ് ഒഴിച്ചാലും നിലപാടിൽ മാറ്റമില്ല.
# ശ്രീനിയാണ് താരം.