ദിലീപിനെ പിന്തുണച്ചു: ഗണേശിനെതിരെ വിമന്‍ ഇന്‍ കളക്ടീവ് പരാതി നല്‍കും

ഗണേശിനെതിരെ രൂക്ഷവിമര്‍ശനവുമായി വിമന്‍ ഇന്‍ കളക്ടീവ്
ദിലീപിനെ പിന്തുണച്ചു: ഗണേശിനെതിരെ വിമന്‍ ഇന്‍ കളക്ടീവ് പരാതി നല്‍കും

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെ പിന്തുണച്ച് പ്രസ്ഥാവനകള്‍ നടത്തിയ കെബി ഗണേശ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്(ഡബ്ല്യൂസിസി) രംഗത്തെത്തി. ഗണേശ്കുമാര്‍ തന്റെ എംഎല്‍എ പദവി ദുരുപയോഗം ചെയ്തു. ദിലീപിനെ പിന്തുണച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ഡബ്ല്യൂസിസി ഭാരവാഹികള്‍ അറിയിച്ചു.

ദിലീപിന്റെ സഹായം സ്വീകരിച്ചവര്‍ ആപത്ത് കാലത്ത് കൈവിടരുതെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. കോടതി കുറ്റവാളിയാണെന്ന് പറയുന്നത് വരെ ദിലീപ് നിരപരാധിയാണെന്നുമായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നു കൂടി ഗണേഷ് പറഞ്ഞിരുന്നു. 

നേരത്തെ, എംഎല്‍എ ദീലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിനിമാ മേഖലയിലുള്ളവരെല്ലാം ദിലീപിനെ സഹായിക്കണമെന്ന ഗണേശ് കുമാറിന്റെ പ്രസ്താവന ആസൂത്രിതവും പ്രതികളെ സഹായിക്കുന്നതിനും വേണ്ടിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് കോടതിയെ അറിയിച്ചു. സാക്ഷികളെ സ്വാധീനിച്ച് കേസന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അന്വേഷണസംഘം ആരോപിച്ചു.

എംഎല്‍എയുടെ പ്രസ്താവന പൊലീസിനെതിരായ കാമ്പയിനാണെന്നും കോടതി അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഗണേശ് കുമാര്‍ താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്. അത്തരമൊരു പദവി വഹിക്കുന്ന ഒരാള്‍ ദിലീപിനെ അനുകൂലിച്ച് പരസ്യനിലപാട് സ്വീകരിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. 

ഗണേശിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിനിമാരംഗത്തുള്ളവര്‍ കൂട്ടത്തോടെ ജയിലില്‍ എത്താന്‍ തുടങ്ങിയത്. ഇത് സംശയാസ്പദമാണ്. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും മറ്റും നടന്ന പ്രചരണം പോലെയാണ് ഇപ്പോഴത്തെ നീക്കമെന്ന് സംശയമുള്ളതായും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com