പരാതിയുടെ പകര്‍പ്പ് തേടി ഗണേഷ് കുമാര്‍; നല്‍കില്ലെന്ന് കോടതി; കെ.സി ജോസഫിനെതിരെ കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 12th September 2017 10:21 AM  |  

Last Updated: 12th September 2017 06:56 PM  |   A+A-   |  

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പ് നല്‍കാനാകില്ലായെന്ന് കോടതി. ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം എംഎല്‍എയും നടനുമായ ഗണേഷ്‌കുമാര്‍ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ അന്വേഷണസംഘം നല്‍കിയ പരാതിയുടെ കോപ്പി തരണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ പരാതിയുടെ കോപ്പി നല്‍കാന്‍ സാധിക്കില്ലെന്ന് ഒറ്റവാക്കില്‍ മജിസ്‌ട്രേറ്റ് അറിയിക്കുകയായിരുന്നു. ഗണേഷ്‌കുമാറിന് വേണ്ടിയാണ് അഭിഭാഷകന്‍ പരാതിയുടെ പകര്‍പ്പ് ചോദിച്ചതെന്നാണ് സൂചന. 

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായി ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് പൊലീസ് പരാതി നല്‍കിയത്.സിനിമ മേഖലയിലുള്ള എല്ലാവരും ദിലീപിനൊപ്പം നില്‍ക്കണം എന്നും അദ്ദേഹത്തിന്റെ നല്ലകാലത്ത് സഹായം പറ്റിയവരാണ് എല്ലാവരും എന്നുമായിരുന്നു ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതിന് ശേഷം ഗണേഷ് കുമാറിന്റെ പ്രസ്താവന.

ഗണേഷിന്റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനുമാണ് എന്നുമായിരുന്നു അന്വേഷണ സംഘം കോടതിയെ അറിയച്ചത്. ജനപ്രതിനിധിയും താരസംഘടനയുടെ വൈസ്പ്രസിഡന്റുമായ ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവന കേസിനെ അട്ടിമറിക്കാനാണ് എന്നും പൊലീസ് പറഞ്ഞു. താരങ്ങള്‍ വളരെ ആസൂത്രിതമായി ആണ് ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയതെന്നും പരാതിയില്‍ പൊലീസ് ചൂണ്ടിക്കാട്ടുന്നു. എംഎല്‍എ ഗണേഷ് കുമാര്‍ പൊലീസിനെതിരെ നടത്തിയ പ്രസ്താവന വകുപ്പിന്റെ മനോവീര്യം കെടുത്താനുള്ള നീക്കമാണെന്നും പരാതിയില്‍ പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. പൊലീസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ബുധനാഴ്ചയ്ക്കകം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം ഫേസ്ബുക്ക് പോസ്റ്റിലൂടെ അക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ മുന്‍മന്ത്രി കെ.സി ജോസഫിനെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. ഐപിസി 228 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

നടിക്കെതിരായ ആക്രമത്തെ അപലപിച്ച് 2017 ഫെബ്രുവരി 20നായിരുന്നു വിവാദമായ പോസ്റ്റ്.കണ്ണൂര്‍ സ്വദേശി ബ്രിജിത് കൃഷ്ണ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. നടിയെ അവഹേളിച്ച് പ്രസ്താവന നടത്തിയതിന്റെ പേരില്‍ പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേയും ഇതേവകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.