പുറത്തിറാങ്ങാമെന്ന പ്രതീക്ഷയില്‍ ദിലീപ് നാളെ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക്; അനുകൂല പ്രതികരണങ്ങള്‍ വിനയാകുമോയെന്ന ആശങ്കയില്‍ ആരാധകര്‍

ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നാളെ ദിലീപ് ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക് - ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ നിലപാടില്‍ മാറ്റമുണ്ടാകില്ല - അനുകൂല പ്രതികരണങ്ങള്‍ വിനയാകുമോ എന്നും ആശങ്ക
പുറത്തിറാങ്ങാമെന്ന പ്രതീക്ഷയില്‍ ദിലീപ് നാളെ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക്; അനുകൂല പ്രതികരണങ്ങള്‍ വിനയാകുമോയെന്ന ആശങ്കയില്‍ ആരാധകര്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യത്തിനായി വീണ്ടും നാളെ ഹൈക്കോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍ പിള്ള വഴിയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. ഹൈക്കോടതിയില്‍ ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. നേരത്തെ രണ്ട് തവണയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അച്ചന്റെ ശ്രാദ്ധത്തിന് ബലിയാടന്‍ പോകാന്‍ അങ്കമാലി മജിസ്ട്രറ്റ് കോടതി അനുവദിച്ചതും നിബന്ധനകള്‍ പാലിച്ച് താന്‍ പോയി വന്നതും ഹൈക്കോടതിയില്‍ നല്‍കുന്ന ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടും. 

ജാമ്യഹര്‍ജിയില്‍ ദിലീപിന് അനുകൂലമായ വിധി ഉണ്ടാകുമോ എന്ന സംശയം ദിലീപിന്റെ അടുത്തവൃത്തങ്ങള്‍ക്കുപോലുമുണ്ട്. കേസന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും അതിനാല്‍ ഇനിയും ദിലീപ് ജയിലില്‍ തുടരേണ്ട സാഹചര്യം ഇല്ലെന്നും ചൂണ്ടിക്കാട്ടിയാകും ജാമ്യഹര്‍ജി സമര്‍പ്പിക്കുക. അതേസമയം ദിലീപിന്റെ ജാമ്യം നല്‍കരുതെന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ നിലപാടില്‍ മാറ്റമുണ്ടാകില്ല. ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധിനിക്കാന്‍ ഇടയുണ്ടെന്നും നടിയുടെ ജീവന് വരെ ഭീഷണിയുണ്ടായേക്കുമെന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. സിനിമാ പ്രവര്‍ത്തകര്‍ ദിലീപിനെ കാണാന്‍ ജയിലിലേക്ക് എത്തിയ കാര്യവും, ദിലീപിന് അനുകൂലമായി ഇവര്‍ പ്രസ്താവന നടത്തിയ കാര്യവും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. 

ദിലീപിന്റെ ജയില്‍വാസം 65 ദിവസം പിന്നിട്ടിരിക്കുകയാണ്. ദിലീപിന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ഇനിയും ജയിലില്‍ ഇട്ടിരിക്കേണ്ട സാഹചര്യം ഇല്ലെന്നും വാദിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ  ഓണക്കാലത്ത് ജയിലില്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശക പ്രവാഹമായിരുന്നു. ഇതിനെതിരെ പൊലീസ് കോടതിയെ സമീപിക്കുന്ന അവസ്ഥവരെയുണ്ടായി. സന്ദര്‍ശക ബാഹുല്യം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളായിരുന്നു ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന് ശേഷം ജയിലിന് പുറത്തുവെച്ച് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവന വിവാദമാവുകയും അതിനെതിരെ പൊലീസ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 

ജൂലൈ 10 നാണ് ദിലീപ് അറസ്റ്റിലാകുന്നത്. തുടര്‍ന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ജൂലൈ 17 ന് അതുതള്ളി തുടര്‍ന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആദ്യ ജാമ്യ ഹര്‍ജി ജൂലൈ 24 ന് തള്ളി. പിന്നീട് ഓഗസ്റ്റ് 11 ന് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. അത് ഓഗസ്റ്റ് 29 നും തള്ളി. കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി രണ്ടുതവണയും ജാമ്യഹര്‍ജി തള്ളിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com