കെപിസിസി പ്രസിഡന്റ് ആവാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി: കെ മുരളീധരന്‍

ഉമ്മന്‍ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകും. പ്രതിപക്ഷ നേതാവാകാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യോഗ്യരാണ്.
കെപിസിസി പ്രസിഡന്റ് ആവാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി: കെ മുരളീധരന്‍

കോഴിക്കോട്: കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നു കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകും. പ്രതിപക്ഷ നേതാവാകാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യോഗ്യരാണ്. ഉമ്മന്‍ചാണ്ടിയുടെ യോഗ്യതയെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു കൊല്ലത്തു പ്രതികരിച്ചതെന്നും മുരളീധരന്‍ കോഴിക്കോട്ടു പറഞ്ഞു.

ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തു വരണമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ മുരളീധരന്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തിന് യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. അസീസിന്റെ പ്രസ്താവനയെ തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നപ്പോള്‍ പ്രസ്താവനയിലെ വികാരത്തെ ഉള്‍ക്കൊള്ളുന്നുവെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള പരസ്യ പ്രതികരണത്തിന്റെ പേരില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ മുരളീധരനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന അഭിപ്രായം അസീസ് മുന്നോട്ടുവച്ചത്. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഓടി നടന്നു പ്രവര്‍ത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ലെന്നായിരുന്നു യുഡിഎഫ് ഘടക കക്ഷിയായ ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായ പ്രകടനം. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകുന്നതാണ് നല്ലതെന്നും അസീസ് പറഞ്ഞു. 

പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയേക്കാള്‍ ശോഭിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് അസീസ് പറഞ്ഞു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നായിരുന്നുവെന്ന് ആര്‍എസ്പി നേരത്തെ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ പോലെ രാപ്പകലില്ലാതെ ഓടി നടന്ന് പ്രവര്‍ത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ലെന്നും എഎ അസീസ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് കിട്ടുന്ന പരിഗണന രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല. മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത്തരം സ്ഥാനങ്ങളിലേക്ക് ഉമ്മന്‍ചാണ്ടി അനുയോജ്യനായ വ്യക്തിയാണ്. ഉമ്മന്‍ചാണ്ടിക്കുള്ള ജനകീയ പിന്തുണ രമേശ് ചെന്നിത്തലയ്ക്കില്ല. ഘടക കക്ഷികള്‍ക്കിടയില്‍ മാത്രമല്ല കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നും അസീസ് പറഞ്ഞു.

പ്രസ്താവന ചര്‍ച്ചയാവുകയും കോണ്‍ഗ്രസില്‍നിന്ന് ശക്തമായ എതിര്‍പ്പുയരുകയും ചെയ്തതോടെ അസീസ് തിരുത്തുമായി രംഗത്തുവന്നു. പറയാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും രമേശ് ചെന്നിത്തല ഓടിനടക്കുന്ന ആളല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അസീസ് ചൂണ്ടിക്കാട്ടി.

്അസീസിന്റെ അഭിപ്രായത്തോട് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നില്ല. എന്നാല്‍ നേതാവാകാനില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ആരാണെന്ന് ഘടകകക്ഷികള്‍ തീരുമാനിക്കേണ്ടെന്ന് ഹസന്‍ നിലപാടെടുക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com