തെരഞ്ഞെടുപ്പില്‍  മത്സരിക്കുന്നതിന് ടേം നിയന്ത്രണം; ആലപ്പുഴ സ്വദേശിയുടെ നിര്‍ദേശം ചര്‍ച്ചയാക്കി പ്രധാനമന്ത്രി

ഒരു വ്യക്തിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് തവണയില്‍ കൂടുതല്‍ അവസരം നല്‍കരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ആലപ്പുഴ സ്വദേശിയുടെ കത്ത് ഇലക്ഷന്‍ കമ്മീഷന് ഫോര്‍വേഡ് ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫീസ്
തെരഞ്ഞെടുപ്പില്‍  മത്സരിക്കുന്നതിന് ടേം നിയന്ത്രണം; ആലപ്പുഴ സ്വദേശിയുടെ നിര്‍ദേശം ചര്‍ച്ചയാക്കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒരു വ്യക്തിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് തവണയില്‍ കൂടുതല്‍ അവസരം നല്‍കരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ആലപ്പുഴ സ്വദേശിയുടെ കത്ത് ഇലക്ഷന്‍ കമ്മീഷന് ഫോര്‍വേഡ് ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫീസ്. ആലപ്പുഴ സ്വദേശി ശിവസുബ്രഹ്മണ്യമാണ് ജനപ്രതിനിധികളാകുന്നവര്‍ രണ്ട് തവണയില്‍ കൂടുതല്‍ സ്ഥാനത്തിരിക്കാന്‍ പാടില്ലായെന്ന നിയമം കൊണ്ട് വരണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും സുപ്രീംകോടതിക്കും അപേക്ഷ നല്‍കിയത്. 

താഴെത്തട്ടുമുതല്‍ മുകള്‍തട്ടുവരെയുള്ള ജനപ്രതിനിധികളുടെ അധികാരത്തിലിരിക്കാനുള്ള അവസരം രണ്ട് തവണയായി നിചപ്പെടുത്തുന്നത് അഴിമതി തടയാന്‍ സഹായകമാകും എന്നാണ് ശിവസുബ്രഹ്മണ്യത്തിന്റെ അവകാശവാദം. ഒരാള്‍തന്നെ വളരെക്കാലം ജനപ്രതിനിധി സ്ഥാനത്തിരുന്നാല്‍ അഴിമതി നടത്താനുള്ള സാധ്യത വളരെക്കൂടുതലാണ്. ജനപ്രതിനിധികള്‍ക്ക് പ്രായമാകുമ്പോള്‍ അവരുടെ സ്ഥാനങ്ങളിലേക്ക് മക്കളേയും വേണ്ടപ്പെട്ടവരേയും കൊണ്ടുവരുന്നു. ആരാലും എതിര്‍ക്കപ്പെടാത്ത അഴിമതിക്കാരായി ജനപ്രതിനിധികള്‍ മാറുന്നു. ഈ സാഹചര്യം മാറണമെന്നും പുതിയ തലമുറയ്ക്ക് അവസരം നല്‍കണമെന്നും ശിവസുബ്രഹ്മണ്യം പ്രധാനമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നത് പുതിയ ആശയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും അതുവഴി രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കാനും കഴിയുമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്ത് ഇലക്ഷന്‍ കമ്മീഷന്റെ പരിഗണനയ്ക്കായ് കൈമാറിയതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശിവസുബ്രഹ്മണ്യത്തിന് മറുപടി ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com