ആര്‍സിസിയില്‍ രക്തം സ്വീകരിച്ച ഒന്‍പതുവയസ്സുകാരിക്ക് എച്ച്‌ഐവി

അടുത്ത കീമോ തെറപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തിയത്
ആര്‍സിസിയില്‍ രക്തം സ്വീകരിച്ച ഒന്‍പതുവയസ്സുകാരിക്ക് എച്ച്‌ഐവി

തിരുവനന്തപുരം: രക്താര്‍ബുദ ചികില്‍സയ്ക്ക്  രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചു. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയ്ക്കായെത്തിയആലപ്പുഴ സ്വദേശി ഒന്‍പതുവയസ്സുകാരിക്കാണ് എച്ചഐവി സ്ഥിരീകരിച്ചത്.  മാതാപിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ ആര്‍സിസിയില്‍ ചികില്‍സയ്‌ക്കെത്തിയത്. ചികില്‍സയുടെ മുന്നോടിയായി എച്ച്‌ഐവി ഉള്‍പ്പെടെയുള്ള പരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നാലുതവണ കീമോ തെറപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. അടുത്ത കീമോ തെറപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തിയത്. തുടര്‍ന്ന് മുംബൈ ഉള്‍പ്പെടെയുള്ള ലാബുകളില്‍ വിദഗ്ധപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു.

മാതാപിതാക്കള്‍ക്ക് എച്ച്‌ഐവിയില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.ആര്‍സിസിയിലെത്തിയ ശേഷം മറ്റെവിടെയും ചികില്‍സിച്ചിട്ടില്ലെന്നും രക്തം നല്‍കിയതിലെ പിഴവാണ് രോഗത്തിനു കാരണമായതെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറഞ്ഞു. മന്ത്രി കെ.കെ.ശൈലജയ്ക്കും പരാതി നല്‍കി.

പരാതി വിദഗ്ധസംഘം അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കുട്ടിയുടെ തുടര്‍ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

സംഭവം അന്വേിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ ആശയവിനിമയം നടത്തി. പതിനനഞ്ച് ദിവസം മുമ്പ് പരാതി നല്‍കിയിട്ടും ഇതുവരേയും നടപടി ഉണ്ടായിട്ടില്ല എന്നത് ഞെട്ടിക്കുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com