അവസാന നിമിഷം അട്ടിമറി; ലത്തീഫിനെ വെട്ടി വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍ ലീഗ് സ്ഥാനാര്‍ത്ഥി

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം
അവസാന നിമിഷം അട്ടിമറി; ലത്തീഫിനെ വെട്ടി വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍ ലീഗ് സ്ഥാനാര്‍ത്ഥി

മലപ്പുറം:ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാസെക്രട്ടറി കെ.എന്‍.എ ഖാദറിനെ പ്രഖ്യാപിച്ചു. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. 

സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകള്‍ അവഗണിച്ചാണ് ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കും എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഖാദറിനെ സ്ഥാനാര്‍ത്ഥിയായായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ കെ.എന്‍.എ ഖാദര്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ കണ്ട് തനിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ യോഗ്യനാണെന്ന് അറിയിച്ചിരുന്നു. തന്നെ ഒഴിവാക്കുന്നെങ്കില്‍ അതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് യോഗം ചേര്‍ന്നത്. ഖാദറിനേയും ലത്തീഫിനേയും പാണക്കാടേക്ക് വിളിച്ചു വരുത്തി കാര്യങ്ങള്‍ ധരിപ്പിച്ചതിന് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഖാദര്‍ വഹിച്ചിരുന്ന മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനം ലത്തീഫിന് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. 

കെ.പി.എ മജീദിനേയും ഖാദറിനേയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട എംഎസ്എഫ് ദേശീയ സെക്രട്ടറി എന്‍.എ കരീമിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഞായറാഴ്ച കെ.പി.എ മജീദ് താന്‍ മത്സരിക്കാനില്ല എന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ യൂത്ത് ലീഗിന്റഎ പ്രതിഷേധങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞാണ് മുസ്‌ലിം ലീഗ് ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഇത്തവണ ലഭിക്കണം എന്നതുകൊണ്ടാണ് ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് എന്നാണ് മുസ്‌ലിം ലീഗ് നല്‍കുന്ന വിശദീകരണം.

സിപിഎം തിരൂരങ്ങാടി ഏര്യാ കമ്മിറ്റി അംഗമായ പി.ബി ബഷീറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 2016ലെ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചപ്പോള്‍ മികച്ച പ്രകടനം നടത്താന്‍ ബഷീറിനായിരുന്നു. ഈ പ്രകടനം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വേങ്ങരയില്‍ ബഷീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നത്.

ഇ.അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന് മലപ്പുറം ലോകസഭ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ച് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലെത്തിയതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com