വേങ്ങരയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ പ്രതിഷേധവുമായി കെ.എന്‍.എ ഖാദര്‍

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 18th September 2017 09:55 AM  |  

Last Updated: 18th September 2017 07:17 PM  |   A+A-   |  

മലപ്പുറം: വേങ്ങരയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എന്‍.എ ഖാദര്‍.പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളേയും മറ്റ് നേതാക്കളേയും ഖാദര്‍ പ്രതിഷേധം അറിയിച്ചു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് എന്നാണ് ഖാദര്‍ ചോദിച്ചിരിക്കുന്നത്. തന്നെ ഒഴിവാക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും യു.എ ലത്തീഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും ഖാദര്‍ പറഞ്ഞു. 

പാര്‍ട്ടി യോഗം ചേരാന്‍ തീരുമാനിച്ചിട്ടേയുള്ളു, അതിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല-ഖാദര്‍ പറഞ്ഞു. അതേസമയം യു.എ ലത്തീഫ് സ്ഥാനാര്‍ത്ഥിയായേക്കും എന്ന വാര്‍ത്ത മുസ്‌ലിം ലീഗ് നേതൃത്വം തള്ളിക്കളഞ്ഞിട്ടില്ല. പത്തുമണിയോട് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 

താന്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഞായറാഴ്ച കെ.പി.എ മജീദ് പ്രഖ്യാപിച്ചിരുന്നു.പാര്‍ട്ടിയിലെ യുവജന വിഭാഗം കലാപ കൊടി ഉയര്‍ത്തിയ സാഹചര്യത്തിലായിരുന്നു മജീദിന്റെ പിന്‍മാറ്റം. 

സിപിഎം തിരൂരങ്ങാടി ഏര്യാ കമ്മിറ്റി അംഗമായ പി.പി ബഷീറാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. 2016ലെ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചപ്പോള്‍ മികച്ച പ്രകടനം നടത്താന്‍ ബഷീറിനായിരുന്നു. ഈ പ്രകടനം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വേങ്ങരയില്‍ ബഷീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നത്‌