നടിയെ ആക്രമിച്ച കേസില്‍ ഒക്ടോബര്‍ പത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്

ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം കഴിയുന്നത് ഒക്ടോബര്‍ പത്തിനാണ്
നടിയെ ആക്രമിച്ച കേസില്‍ ഒക്ടോബര്‍ പത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്

കൊച്ചി:  നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഒക്ടോബര്‍ പത്തിന് മുമ്പ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സൂചന. ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം കഴിയുന്നത് ഒക്ടോബര്‍ പത്തിനാണ്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമെ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളുവെന്നു കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിരുന്നു. ഇത് കണക്കിലെടുത്താണ് ഒക്ടോബര്‍ പത്തിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. ചില തുമ്പുകള്‍ കൂടി കിട്ടിക്കഴിഞ്ഞാല്‍ കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

കേസിലെ പ്രധാന തെളിവുകളായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതുവരേയും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ ഇത് കുറ്റപത്രം സമര്‍പ്പിക്കുന്നതിനെ ബാധിക്കില്ലായെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. 

20 വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ജീവിതാന്ത്യം വരെ ജയിലില്‍ കഴിയേണ്ടത്ര കാഠിന്യമുള്ള കുറ്റമാണ് ദിലീപ് ചെയ്തതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.ഗൂഢാലോചനയ്ക്ക് പുറമെ കൂട്ടമാനഭംഗം 376 ഡി ഉള്‍പ്പെടെയാണ് ദിലീപിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 

ക്വട്ടേഷന്‍ തന്നയാള്‍ രാവിലെ പത്തുമണിക്കകം ആക്രമിക്കപ്പെട്ട നടിയെ വിളിക്കുമെന്ന് ആക്രമണസമയത്ത് സുനി നടിയോട് പറഞ്ഞിരുന്നു.സംഭവം നടന്ന ദിവസം ദിലീപ് നടി രമ്യാനമ്പീശന്റെ വീട്ടിലേക്ക് വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.ആക്രമിക്കപ്പെട്ട നടിയും രമ്യാനമ്പീശനും അടുത്ത സുഹൃത്തുക്കളാണ്. ഈ സാഹചര്യത്തില്‍ ദിലീപിന്റെ വിളി അസ്വാഭാവികമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 
നടി ആക്രമിക്കപ്പെട്ടതിനുശേഷം ദിലീപ് നല്‍കിയ ഒരു അഭിമുഖത്തിലെ പല വിവരങ്ങളും അന്വേഷണത്തിന് സഹായമായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അന്വേഷണോദ്യോഗസ്ഥരെ കുറ്റപ്പെടുത്താതിരുന്ന ദിലീപ്, പ്രതിയായതിനുശേഷം നേരേ വിപരീതമായി സംസാരിച്ചുവെന്നും അവര്‍ വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com