കോടിയേരിക്കും പി.ജയരാജനും ജീവന് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സംഘപരിവാര്‍,എസ്ഡിപിഐ,മുസ്‌ലിം ലീഗ് എന്നീ സംഘടനകളില്‍ നിന്ന് ഭീഷണി നേരിടുന്ന പി.ജയരാജനെപ്പറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ട്
കോടിയേരിക്കും പി.ജയരാജനും ജീവന് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍,മുന്‍ മന്ത്രി ഇ.പി ജയരാജന്‍ എന്നിവരുടെ ജീവന് ഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംഘപരിവാര്‍,എസ്ഡിപിഐ,മുസ്‌ലിം ലീഗ് എന്നീ സംഘടനകളില്‍ നിന്ന് ഭീഷണി നേരിടുന്ന പി.ജയരാജനെപ്പറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ട്. ഇദ്ദേഹത്തിന് ഇപ്പോള്‍ നല്‍കിവരുന്ന വൈ പ്ലസ് സുരക്ഷ തുടരണം. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് കൈമാറി.

കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും ആര്‍എസ്എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ഭീഷണി ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കോടിയേരിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും മുന്‍മന്ത്രി ഇ.പി. ജയരാജന് എക്‌സ് കാറ്റഗറി സുരക്ഷയും തുടരണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. 

സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് ഭീഷണി നിലനില്ക്കുന്നു. ഇദ്ദേഹത്തിനുള്ള വൈ കാറ്റഗറി സുരക്ഷ തുടരണം.ബിജെപി നേതാക്കളായ എം.ടി. രമേശ്, സി.കെ. പത്മനാഭന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്ക് രാഷ്ട്രീയ എതിരാളികളില്‍നിന്ന് ഭീഷണി നിലനില്‍ക്കുന്നു. ഇവര്‍ക്ക് എക്‌സ് കാറ്റഗറി സുരക്ഷ തുടരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികളില്‍നിന്ന് ഭീഷണി നിലനില്‍ക്കുന്നു. എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, സി.കെ. ശശീന്ദ്രന്‍ എന്നിവര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിയുണ്ട്. മാതൃഭൂമിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com