ദിലീപിനെതിരെ ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റങ്ങള്‍; കുറ്റപത്രം അടുത്ത മാസം എട്ടിന്

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ കുറ്റപത്രം നല്‍കിയ ശേഷവും അന്വേഷണം തുടരും
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് കോടതിയുടെ പ്രത്യേക അനുമതി വാങ്ങി പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ ആലുവയിലെ വീട്ടില്‍ എത്തിയപ്പോള്‍/ ചിത്രം ആല്‍ബിന്‍ മാത്യു, എക്‌സ്പ്രസ
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് കോടതിയുടെ പ്രത്യേക അനുമതി വാങ്ങി പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ ആലുവയിലെ വീട്ടില്‍ എത്തിയപ്പോള്‍/ ചിത്രം ആല്‍ബിന്‍ മാത്യു, എക്‌സ്പ്രസ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്നതിനു ഗൂഢാലോചന നടത്തിയ കേസില്‍ അടുത്ത മാസം എട്ടിന് കുറ്റപത്രം സമര്‍പ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. കേസിലെ മുഖ്യ തെളിവുകളില്‍ ഒന്നായ, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ കുറ്റപത്രം നല്‍കിയ ശേഷവും അന്വേഷണം തുടരും. ഇക്കാര്യം കുറ്റപത്രത്തില്‍ വ്യക്തമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 

കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് ഒക്ടോബര്‍ എട്ടിനാണ് തൊണ്ണൂറു ദിവസം തികയുന്നത്. അതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ലഭിക്കും. ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും ഇടയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ സഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിയമോപദേശം തേടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ എട്ടിനു തന്നെ കുറ്റപത്രം നല്‍കുന്നത്.  

ദിലീപിനെതിരെ ജീവപര്യന്തം തടവു കിട്ടാവുന്ന കുറ്റങ്ങളാണ് ഉള്‍പ്പെടുത്തുക. നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുന്നതിന് ഗൂഢാലോചന നടത്തല്‍, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തുക. ജീവപര്യന്തം തടവു ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിത്. 

കേസിലെ മുഖ്യ തെളിവുകളില്‍ ഒന്നായ, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതികള്‍ ഒളിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൊബൈല്‍ ഫോണ്‍ തന്റെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോയ്ക്കു കൈമാറിയെന്നാണ് ഒന്നാം പ്രതി സുനില്‍ കുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതു നശിപ്പിച്ചതായി പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഡ്വ. രാജു ജോസഫ് മൊഴി നല്‍കിയിട്ടുണ്ട്. ഫോണ്‍ നശിപ്പിച്ചെന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. പ്രതികള്‍ ചേര്‍ന്ന് ഇത് ഒളിപ്പിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കാവ്യാ മാധവനും നാദിര്‍ഷയ്ക്കും ഇതിനെക്കുറിച്ച് അറിവുണ്ടായിരിക്കാമെന്നും പൊലീസ് കരുതുന്നുണ്ട്. ഇക്കാര്യത്തില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായ ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com