സംഘപരിവാര്‍ ഭീഷണി; ഓച്ചിറ ക്ഷേത്രത്തെ കുറിച്ചുള്ള പരിപാടിയുടെ ശീര്‍ഷകം കൈരളി ഒഴിവാക്കി

സംഘപരിവാര്‍ സംഘടനകള്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയും ബിജുവിനെ വ്യക്തിഹത്യ നടത്തുകയുമായിരുന്നു
സംഘപരിവാര്‍ ഭീഷണി; ഓച്ചിറ ക്ഷേത്രത്തെ കുറിച്ചുള്ള പരിപാടിയുടെ ശീര്‍ഷകം കൈരളി ഒഴിവാക്കി

ശീര്‍ഷകത്തിന്റെ കാരണത്താല്‍ വിമര്‍ശനങ്ങളും സംഘപരിവാര്‍ ഭീഷണികളും ഏറ്റുവാങ്ങേണ്ടി വന്ന തെണ്ടികളുടെ ദൈവം എന്ന പരിപാടി കൈര ളി പീപ്പിള്‍ ഇന്ന് വീണ്ടും പുനഃസംപ്രേഷണം ചെയ്യുന്നു. തെണ്ടികളുടെ ദൈവം എന്ന ശീര്‍ഷകം ഒഴിവാക്കിയാണ് പരിപാടി വീണ്ടും സംപ്രേഷണം ചെയ്യുന്നത്. ഓച്ചിറ ആല്‍ത്തറയെക്കുറിച്ചുള്ളതാണ് പരിപാടി. യാചകരും അഗതികളും തമ്പടിക്കുന്ന ഓച്ചിറ ആല്‍ത്തറയെക്കുറിച്ചുള്ള പരിപായ്ക്ക് തെണ്ടികളുടെ ദൈവം എന്ന പേര് നല്‍കിയത് കൊണ്ട് അവതാരകനും സംവിധായകനുമായ മാധ്യമപ്രവര്‍ത്തകന്‍ ബിജു മുത്തത്തിക്ക് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് വ്യാപക ഭീഷണികളാണ് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് പരിപാടി വീണ്ടും പ്രക്ഷേപണം ചെയ്യാന്‍ ചാനല്‍ തീരുമാനിച്ചത്.എന്നാല്‍ ശീര്‍ഷകം ഒഴിവാക്കി പരിപാടി അവതരിപ്പിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്. സംഘപരിവാര്‍ ഭീഷണിയ്ക്ക് മുന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചാനല്‍ ഭയന്നുപോയോ എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. അതേസമയം പരിപാടിയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി ചാനലിലേക്ക് മാര്‍ച്ച് നടത്തും. 

ആര്‍ സുകുമാരന്റെ പാദമുദ്ര എന്ന സിനിമയില്‍ മോഹന്‍ലാല്‍ കഥാപാത്രം പറയുന്ന സംഭാഷണത്തിന്റെ അന്തസത്തയില്‍ നിന്നാണ് തെണ്ടികളുടെ ദൈവം എന്ന് ഓച്ചിറ ആല്‍ത്തറയെ പരിപാടി വിശേഷിപ്പിച്ചത്. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയും ബിജുവിനെ വ്യക്തിഹത്യ നടത്തുകയുമായിരുന്നു. ഫോണില്‍ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് ബിജു ഫേസ്ബുക്കിലൂടെ പറഞ്ഞു. 

സാക്ഷാല്‍ നാരായണഗുരു തന്നെ പരമശിവനേ നോക്കി 'നീയോ എരപ്പാളീ, ഞാനോ പിച്ചക്കാരന്‍' എന്ന് ചൊല്ലിയതിനേക്കാള്‍ കടുപ്പമുള്ളതാണോ ആ ശീര്‍ഷകം? രണ്ട് തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും തെണ്ടിയല്ലോ മതം തീര്‍ത്ത ദൈവ്വം' എന്ന ചങ്ങമ്പുഴക്കവിത പോലെ കലാപത്തിന്റെ എന്ത് മുഴക്കമാണ് ആ ശീര്‍ഷകത്തിനുള്ളത്? അതുകൊണ്ട് ഇന്ന് രാത്രി 7.30ന് ആ പരിപാടിയുമായി ഞങ്ങള്‍ കൈരളി പീപ്പിള്‍ ചാനലില്‍ വീണ്ടും വരികയാണ്. ശീര്‍ഷകമില്ലാതെ, ശീര്‍ഷകം നല്‍കാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട്,എന്ന് ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

350 എപ്പിസോഡുകള്‍ പിന്നിട്ട ബിജുവിന്റെ കേരള എക്‌സ്പ്രസ് ജനശ്രദ്ധയാകര്‍ഷിച്ച പരിപാടിയാണ്. ഇതിന് മുമ്പുംം ക്ഷേത്രങ്ങളും മിത്തുകളും ഒക്കെ ഈ പരിപാടിയില്‍ വിഷയങ്ങളായി വന്നിട്ടുണ്ട്. അന്നൊന്നും  ഇല്ലാതിരുന്ന പ്രതിഷേധമാണ് ഒരു ശീര്‍ഷകത്തിന്റെ പേരില്‍ പരിപാടിയ്‌ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നവന്നിരിക്കുന്നത്. 

ഹിന്ദുക്കളെ മുഴുവന്‍ തെണ്ടികളായാണ് കൈരളി ചാനല്‍ ചിത്രീകരിക്കുന്നതെന്നും ഹിന്ദുക്കളുടെ ദൈവത്തെ കൈരളി ചാനല്‍ തെണ്ടിയാക്കി എന്നുമൊക്കെയാണ് പരിപാടിയ്‌ക്കെതിരെ തീവ്ര ഹിന്ദുത്വ വാദ സംഘടനകള്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ ഓച്ചിറ ആല്‍ത്തറയുടെ ചരിത്രം വളച്ചൊടിച്ച് ഹിന്ദുത്വവത്കരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com