ഇസ്ലാമായി മതം മാറിയ ആതിര ഹിന്ദുമതത്തിലേക്കുതന്നെ തിരിച്ച് പോകുന്നു

കാസര്‍കോട് ഉദുമയിലുള്ള ആതിര എന്ന പെണ്‍കുട്ടിയാണ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വീടു വിട്ടിറങ്ങി ഇസ്ലാം മതം സ്വീകരിച്ചത്.
ഇസ്ലാമായി മതം മാറിയ ആതിര ഹിന്ദുമതത്തിലേക്കുതന്നെ തിരിച്ച് പോകുന്നു

കൊച്ചി: കാസര്‍കോട് ഉദുമയിലുള്ള ആതിര എന്ന പെണ്‍കുട്ടിയാണ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വീടു വിട്ടിറങ്ങി ഇസ്ലാം മതം സ്വീകരിച്ചത്. എന്നാല്‍ താന്‍ ഹിന്ദു മതത്തിലേക്കു തിരിച്ചു പോവുന്നതായി ആതിര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഡിഗ്രിക്ക് പഠിച്ചിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ കൂടുതലും മുസ്ലിംകളായിരുന്നു. അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ കണ്ടും സംസാരം കേട്ടും ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കൂടുതല്‍ പഠിച്ചപ്പോള്‍ ഖുര്‍ആനാണ് ശരിയെന്നും ഇസ്ലാമാണ് യഥാര്‍ത്ഥ ദൈവത്തെ ആരാധിക്കുന്ന മതമെന്നും മനസിലായി. അങ്ങനെയാണ് മതം മാറുന്നതിന് വീട്ടില്‍നിന്നിറങ്ങിയത്.

എന്നാല്‍, ഇപ്പോള്‍ കൂടുതല്‍ മനസിലാക്കിയപ്പോള്‍ തന്റെ ധാരണകള്‍ തെറ്റായിരുന്നെന്ന് ബോധ്യമായി. അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടില്‍ പോയ ശേഷം, എറണാകുളത്തെ സ്ഥാപനത്തില്‍ എല്ലാ മതങ്ങളെക്കുറിച്ചും പഠിച്ചു. നന്മ തിരഞ്ഞെടുക്കുക തിന്മയെ വെടിയുക എന്നതാണ് സനാതന ധര്‍മത്തില്‍ പറയുന്നത്. വേദങ്ങളില്‍ പോലും തെറ്റുണ്ടെങ്കില്‍ തള്ളിക്കളയാമെന്നും ആതിര വിശദീകരിച്ചു.

അതേസമയം ആരും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിട്ടല്ല താന്‍ ഇസ്ലാമായത്. മതം മാറാന്‍ തീരുമാനിച്ച ശേഷം പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ അതിനുവേണ്ട സഹായം ചെയ്തു തന്നിട്ടുണ്ടെന്നും മുസ്ലിമിനെ വിവാഹം ചെയ്യാന്‍ ആരും പറഞ്ഞിട്ടില്ല. തീവ്രവാദ സംഘടനകളില്‍ അംഗമാകാനോ മറ്റുള്ള സ്ഥലങ്ങളിലേക്ക് പോകാനോ ആരും പറഞ്ഞിട്ടില്ലെന്നും  ആതിര പറഞ്ഞു.

ജൂലൈ പത്തിനാണ് കാസര്‍കോട് ഉദുമയില്‍ നിന്നും ആതിരയെ കാണാതായത്. ഇസ്ലാം മതം സ്വീകരിക്കുകയാണെന്ന് വ്യക്തമാക്കുന്ന കത്തെഴുതി വെച്ചാണ് ആതിര പോയത്. രണ്ടാഴ്ചയ്ക്ക് ശേഷം ആതിരയെ കണ്ണൂരില്‍നിന്ന് കണ്ടെത്തിയെങ്കിലും ആയിഷയെന്ന പേരില്‍ മതംമാറിയിരുന്ന ആതിര മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ സമ്മതിച്ചില്ല. 

ഇതേതുടര്‍ന്ന് ആതിരയുടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ കോടതി ഉത്തരവായി. മാതാപിതാക്കളെയും ഇസ്ലാമിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹത്താലാണ് അവര്‍ക്കൊപ്പം പോയതെന്നും പിന്നീട്, എറണാകുളത്തെ സ്ഥാപനത്തില്‍ പോയി എല്ലാ മതങ്ങളെ കുറിച്ചും പഠിച്ച ശേഷം തീരുമാനമെടുക്കാന്‍ മാതാപിതാക്കള്‍ പറഞ്ഞപ്പോള്‍ അതിന് തയ്യാറായെന്നും ആതിര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com