ബിജെപിയുടെ കൂടെ പോയിട്ട് ഗോപി വരച്ചില്ലേ? ബിഡിജെഎസ് നേതാവിന് വെള്ളാപ്പള്ളിയുടെ പരസ്യ പരിഹാസം

ബിജെപിക്കു പിന്നാക്ക വിഭാഗങ്ങളോട് അഭിമുഖ്യമില്ല. ഉണ്ടെങ്കില്‍ അവരതു തെളിയിക്കട്ടെ
ബിജെപിയുടെ കൂടെ പോയിട്ട് ഗോപി വരച്ചില്ലേ? ബിഡിജെഎസ് നേതാവിന് വെള്ളാപ്പള്ളിയുടെ പരസ്യ പരിഹാസം

പെരുമ്പാവൂര്‍: ബിജെപിയുടെ കൂടെ പോയിട്ട് ഗോപി വരച്ചില്ലേയെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റിന് എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരസ്യ പരിഹാസം. കുന്നത്തുനാട് താലൂക്ക് എസ്എന്‍ഡിപി യൂണിയന്റെ ശ്രീനാരായണ ഗുരുസമാധി ദിനചാരണ വേദിയിലാണ് ബിഡിജെഎസ് നേതാവിനെ വെള്ളാപ്പള്ളി പരസ്യമായി പരിഹസരിച്ചത്.

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി വേദിയില്‍ നടത്തിയത്. ബിജെപിക്കു പിന്നാക്ക വിഭാഗങ്ങളോട് അഭിമുഖ്യമില്ല. ഉണ്ടെങ്കില്‍ അവരതു തെളിയിക്കട്ടെ. ബിജെപിയുടെ കൂടെ പോയിട്ട് ബിഡിജെഎസ് ഗോപി വരച്ചില്ലേയെന്ന് വേദിയിലുണ്ടായിരുന്ന ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ജയപ്രകാശിനോട് വെള്ളാപ്പള്ളി ചോദിച്ചു. ബിജെപി ഭരണത്തില്‍ വന്നതിനു ശേഷം 150 രാഷ്ട്രീയ നിയമനങ്ങള്‍ നടത്തി. ഇതില്‍ ഒന്നു പോലും ബിഡിജെഎസിനു നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരമായിരിക്കുമെന്നും പറഞ്ഞു.

തന്നെ ജയിയില്‍ അടയ്ക്കാന്‍ നോക്കിയവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. അവരിപ്പോള്‍ കൂടെ ചെല്ലാനുള്ള ക്ഷണവുമായി പിന്നാലെ നടക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

ബിഡിജെഎസ് എന്‍ഡിഎ വിട്ടു പുറത്തുവരണമെന്ന് നേരത്തെ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. താന്‍ മനസുകൊണ്ട്  എല്‍ഡിഎഫുകാരനാണെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കേരളത്തില്‍ ഒരു കാലത്തും ബിജെപിക്ക് അധികാരം കിട്ടില്ലെന്നാണ് പിണറായിയെ കണ്ട ശേഷം വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞത്. അതുകൊണ്ട് കൂടെ ആരും വേണ്ടെന്ന നിലപാടാണ് ബിജെപിയുടെത്. കേരളത്തില്‍ എന്‍ഡിഎ ഘടകമില്ലെന്നും അടുത്ത വര്‍ഷം പിണറായി തന്നെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്നതുകൊണ്ട് പ്രയോജനമില്ല. നിലപാടില്‍ മാറ്റമുണ്ടാകുമെന്നും വെള്ളാപ്പള്ളി  പറഞ്ഞു. 

എല്‍ഡിഎഫിലും യുഡിഎഫിലും അവസാരം കിട്ടാത്തതുകൊണ്ടാണ് എന്‍ഡിഎയുടെ ഭാഗമായത്. ഉള്ളുകൊണ്ട് താന്‍ ഇടതുപക്ഷത്താണെന്നും പിണറായിയാണ് ഇഷ്ടമുള്ള നേതാവെന്നും തമ്മില്‍ ഇതുവരെ തര്‍ക്കമുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

അതിനിടെ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപിയോടുള്ള അകല്‍ച്ച പരസ്യമായി വ്യക്തമാക്കിയിരുന്നു. കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്ര ബിജെപിയുടെ പരിപാടിയാണെന്നും അതിനോടു സഹകരിക്കാന്‍ ബിഡിജെഎസ് ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com