നികത്തിയത് സര്‍ക്കാര്‍ ഭൂമിതന്നെ; മുന്‍സിപ്പാലിറ്റിയുടെ ഫയല്‍ സൂക്ഷിക്കേണ്ടത് തന്റെ പണിയല്ലെന്ന് തോമസ് ചാണ്ടി

ഒരു സെന്റ് സ്ഥലം പോലും കയ്യേറിയെന്ന് ആര്‍ക്കും തെളിയിക്കാനാകില്ല. നികത്തിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയാല്‍ വിട്ടുനല്‍കുമെന്നും തോമസ് ചാണ്ടി
നികത്തിയത് സര്‍ക്കാര്‍ ഭൂമിതന്നെ; മുന്‍സിപ്പാലിറ്റിയുടെ ഫയല്‍ സൂക്ഷിക്കേണ്ടത് തന്റെ പണിയല്ലെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: റിസോര്‍ട്ടിന് വേണ്ടി മാര്‍ത്താണ്ടം കായല്‍ കയ്യേറിയിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് നികത്തിയതെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഒരു സെന്റ് സ്ഥലം പോലും കയ്യേറിയെന്ന് ആര്‍ക്കും തെളിയിക്കാനാകില്ല. നികത്തിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയാല്‍ വിട്ടുനല്‍കുമെന്നും തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള വഴിക്കു വേണ്ടി നികത്തിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് തോമസ് ചാണ്ടി സമ്മതിച്ചു. 

താന്‍ മണ്ണിട്ട് നികത്തിയില്ലായിരുന്നെങ്കില്‍ അവിടെ വലിയ കുഴി രൂപപ്പെടുമായിരുന്നുവെന്നും അതിന് ചുറ്റുമുള്ളവര്‍ക്ക് ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് മണ്ണിട്ട് നികത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും തോമസ് ചാണ്ടി. ആരെല്ലാം തട്ടിട്ടു തുള്ളിയാലും തോമസ് ചാണ്ടി സര്‍ക്കാരിന്റെ ഒരു സെന്റ് ഭൂമി കയ്യേറിയെന്ന് തെളിയിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.തനിക്ക് കായല്‍ കയ്യേറേണ്ട ആവശ്യമില്ല. ലേക് പാലസ് കെട്ടിടങ്ങള്‍ അനധികൃതയമായി നിര്‍മ്മിച്ചുവെന്ന് മുന്‍സിപ്പാലിറ്റി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെപ്പറ്റിയുള്ള ചോദ്യത്തെപ്പറ്റി പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. 

ഫയലുകള്‍ കാണാതായ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മന്ത്രി ചൂടായി. മുന്‍സിപ്പിലാറ്റിയുടെ ഫയല്‍ സൂക്ഷിക്കുന്നത് എന്റെ ജോലിയാണോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഇതൊക്കെ വെറുതേയാണ്, കോണ്‍ഗ്രസ് ഭരിക്കുന്ന മുന്‍സിപ്പാലിറ്റി എന്നെ അപമാനിക്കാന്‍ നോക്കി നടക്കുകയാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല,തോമസ് ചാണ്ടി പറഞ്ഞു. 

കായല്‍ കയ്യേറ്റ വിഷയത്തില്‍ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത് തന്റെ വാദം കേള്‍ക്കാതെയാണെന്നും ഒരു ശതമാനം പോലും സത്യമില്ലാത്ത കാരണത്തില്‍ എന്തിന് രാജിവെക്കണമെന്നും ചാണ്ടി ചോദിച്ചു. രാജി ആവശ്യപ്പെടുന്ന കെപിസി പ്രസിഡന്റിന് വേറെ ജോലിയൊന്നുമില്ല, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. അത് കോടതിയില്‍ വെളിപ്പെടുത്തും.വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചിട്ടില്ല എന്നും തോമസ് ചാണ്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com