സംസ്ഥാന ബിജെപിയില്‍ 'അവിഹിത' വിവാദം; മഹിളാ മോര്‍ച്ച നേതാവിന് അശ്‌ളീലദൃശ്യങ്ങള്‍ അയച്ച സംഘടനാ സെക്രട്ടറിയെ നീക്കി

മെഡിക്കല്‍ കോളജ് കോഴ റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ നടപടി നേരിട്ട നേതാവിനെതിരെ മൊഴി നല്‍കിയ സംഘടനാ സെക്രട്ടറിയാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്
സംസ്ഥാന ബിജെപിയില്‍ 'അവിഹിത' വിവാദം; മഹിളാ മോര്‍ച്ച നേതാവിന് അശ്‌ളീലദൃശ്യങ്ങള്‍ അയച്ച സംഘടനാ സെക്രട്ടറിയെ നീക്കി

കൊച്ചി: മെഡിക്കല്‍ കോളജ് കോഴ വിവാദത്തിനു പിന്നാലെ സംസ്ഥാന ബിജെപിയില്‍ 'അവിഹിത വിവാദം' കൊഴുക്കുന്നു. മഹിളാ മോര്‍ച്ച നേതാവിന് മൊബൈല്‍ ഫോണിലൂടെ  അശ്‌ളീലദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച സംഘടനാ സെക്രട്ടറിയെ പദവികളില്‍നിന്നു നീക്കി. മെഡിക്കല്‍ കോളജ് കോഴ റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ നടപടി നേരിട്ട നേതാവിനെതിരെ മൊഴി നല്‍കിയ സംഘടനാ സെക്രട്ടറിയാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. 

എബിവിപി മുന്‍ സംസ്ഥാന നേതാവു കൂടിയായ സംഘടനാ സെക്രട്ടറിക്കെതിരെ മഹിളാ മോര്‍ച്ചാ നേതാവായ യുവതിയുടെ ഭര്‍ത്താവ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആര്‍എസ്എസ് നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പാര്‍ട്ടി നടപടി. 

മധ്യകേരളത്തിലെ ജില്ലകളുടെ ചുമതലയുണ്ടായിരുന്ന യുവനേതാവിന്റെ ശല്യം സഹിക്കാനാവാതെയാണ് ടൂര്‍ ടാക്‌സി െ്രെഡവറായ ഭര്‍ത്താവ് പരാതി നല്‍കിയത്. മൊബൈല്‍ ആപ്പ് വഴിയാണ് അശ്‌ളീല സന്ദേശങ്ങള്‍ അയച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് യുവതിയെ കൊട്ടാരക്കരയിലെ വീട്ടിലേക്കു മാറ്റി. തുടര്‍ന്ന് നേതൃത്വത്തിലെ ചിലരും യുവതിയുടെ ഭര്‍ത്താവുമായി കശപിശയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. 

വി മുരളീധരന്‍ പക്ഷത്ത് അടുത്ത കാലം വരെ സജീവമായി നിന്നയാളാണ് നടപടി നേരിട്ട നേതാവ്. മെഡിക്കല്‍ കോളജ് കോഴ റിപ്പോര്‍ട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന തെളിവെടുപ്പില്‍ ഇയാള്‍ മുരളിപക്ഷത്തെ പ്രമുഖനെതിരെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി നടപടിയെടുത്തത്. ഇതിനു പിന്നാലെയാണ് അവിഹിത വിവാദം പൊന്തിവന്നത്. മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് ഇതെന്നാണ് സംഘടനാ സെക്രട്ടറിയോട് അടുപ്പമുള്ളവര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com