സെന്‍കുമാറിനെതിരായ കേസ് നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി; മലയാളം വാരിക പത്രാധിപരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി

ചില അഭിപ്രായങ്ങള്‍ മാത്രമാണ് അഭിമുഖത്തില്‍ സെന്‍കുമാര്‍ പ്രകടിപ്പിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ കോടതി സമുദായ സ്പര്‍ധയുണ്ടാക്കല്‍ എന്ന കുറ്റം ഇക്കാര്യത്തില്‍ നിലനില്‍ക്കുമോയെന്ന് ആരാഞ്ഞു.
സെന്‍കുമാറിനെതിരായ കേസ് നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി; മലയാളം വാരിക പത്രാധിപരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി

കൊച്ചി: സമകാലിക മലയാളത്തിലെ വിവാദ അഭിമുഖത്തിന്റെ പേരില്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ചില അഭിപ്രായങ്ങള്‍ മാത്രമാണ് അഭിമുഖത്തില്‍ സെന്‍കുമാര്‍ പ്രകടിപ്പിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ കോടതി സമുദായ സ്പര്‍ധയുണ്ടാക്കല്‍ എന്ന കുറ്റം ഇക്കാര്യത്തില്‍ നിലനില്‍ക്കുമോയെന്ന് ആരാഞ്ഞു. സമകാലിക മലയാളം പത്രാധിപര്‍ സജി ജെയിംസും സ്‌പെഷല്‍ കറസ്‌പോണ്ടന്റ് പിഎസ് റംഷാദും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് കോടതിയുടെ നിരീക്ഷണം.

കേസില്‍ സജി ജെയിംസിനെയും റംഷാദിനെയും പ്രതി ചേര്‍ത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ഇരുവരെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്നാണ് ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയത്.  അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചതെന്ന് സമകാലിക മലയാളത്തിനു വേണ്ടി ഹാജരായ അഡ്വ. സിപി ഉദയഭാനു ചൂണ്ടിക്കാട്ടി. യാതൊരുവിധ കൂട്ടിച്ചേര്‍ക്കലോ ഒഴിവാക്കലോ ഇല്ലാതെയാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. എഫ്‌ഐആറില്‍ പറഞ്ഞ ഒരു കുറ്റവും ഇവര്‍ക്കെതിരെ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖം സമുദായിക സ്പര്‍ധയുണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് മുസ്ലിം ജനന നിരക്കു സംബന്ധിച്ച അഭിമുഖത്തിലെ പരാമര്‍ശം വിവാദമായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പു പ്രകാരമാണ് സെന്‍കുമാറിനെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കേവലം അഭിപ്രായമായി കാണേണ്ട അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ഈ വകുപ്പു പ്രകാരം കേസെടുക്കാന്‍ പര്യാപ്തമാണോയെന്നാണ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

കേസില്‍ ടിപി സെന്‍കുമാര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com