വനിതാ കമ്മീഷന്‍ ഭീകരവാദത്തെ വെള്ളപൂശുന്നു; ഹാദിയ കേസില്‍ ഇടപെടുന്നതിനെതിരെ യുവമോര്‍ച്ച

ആതിരയില്‍ കാണാത്ത സ്ത്രീപക്ഷ നിലപാട് അഖിലയില്‍ കണ്ടത് വേങ്ങര ഉപതിരഞ്ഞെടുപ്പിലെ പ്രീണന നയമാണെന്ന് കെപി പ്രകാശ് ബാബു
വനിതാ കമ്മീഷന്‍ ഭീകരവാദത്തെ വെള്ളപൂശുന്നു; ഹാദിയ കേസില്‍ ഇടപെടുന്നതിനെതിരെ യുവമോര്‍ച്ച

തിരുവനന്തപുരം: ഹാദിയ കേസില്‍ ഇടപെടാനുള്ള വനിതാ കമ്മീഷന്റെ തീരുമാനത്തിനെതിരെ യുവമോര്‍ച്ച . വനിതാ കമ്മീഷന്‍ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെപി പ്രകാശ് ബാബു വിമര്‍ശിച്ചു.സിപിഐഎമ്മിന്റെ ചട്ടുകമായാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും യുവമോര്‍ച്ച കുറ്റപ്പെടുത്തി.

ഹാദിയയെ വീട്ടില്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അനുമതി തേടി സുപ്രിം കോടതിയെ സമീപിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബിജെപിയുടെ യുവജന വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. വീട്ടു തടങ്കലില്‍ കഴിയുന്ന ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്.

ആതിരയില്‍ കാണാത്ത സ്ത്രീപക്ഷ നിലപാട് അഖിലയില്‍ കണ്ടത് വേങ്ങര ഉപതിരഞ്ഞെടുപ്പിലെ പ്രീണന നയമാണെന്ന് കെപി പ്രകാശ് ബാബു പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു.

ഹാദിയ നേരിടുന്ന അവകാശ ലംഘനം ചൂണ്ടിക്കാട്ടി വിവിധ വനിതാ സംഘടനകള്‍ നല്‍കിയ പരാതി പരിഗണിച്ചാണ് വനിതാ കമ്മീഷന്‍ നിയമ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലുമായും കമ്മീഷന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലറുമായും ജോസഫൈന്‍ ഇന്നലെ ഔദ്യോഗികമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഹാദിയയെ കാണാനുള്ള അനുമതി തേടി സുപ്രിം കോടതിയെ സമീപിക്കുമെന്ന കാര്യം ജോസഫൈന്‍ വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com