സത്യപ്രതിജ്ഞ ചെയ്തതിന് ശേഷവും തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തി; മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം മന്ത്രിയായതിന് ശേഷവും

സത്യപ്രതിജ്ഞ ചെയ്തതിന് ശേഷവും തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തി; മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം മന്ത്രിയായതിന് ശേഷവും

ആലപ്പുഴ: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷവും തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയതായി റിപ്പോര്‍ട്ട്. മാര്‍ത്താണ്ഡം കായലിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും, സര്‍ക്കാര്‍ മിച്ച ഭൂമിയും മറ്റ് പ്ലോട്ടുകള്‍ക്കൊപ്പം കയ്യേറി നികത്തിയത് തോമസ് ചാണ്ടി മന്ത്രിയായതിന് ശേഷമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

മന്ത്രിയുടെ കൈയ്യേറ്റം വ്യക്തമാക്കിയുള്ള വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. മെയ് 26നായിരുന്നു നിലം നികത്തരുതെന്ന് നിര്‍ദേശിച്ച് കൈനകരി വടക്ക് വില്ലേജ് ഓഫീസര്‍ മന്ത്രിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

അതിനിടെ തോമസ് ചാണ്ടിക്കെതിരെ പരാതി നല്‍കിയ വ്യക്തിക്കെതിരെ മന്ത്രി പ്രതികാര നടപടി സ്വീകരിച്ചു എന്നും ആരോപണം. മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന പേരില്‍ പരാതിക്കാരനായ വിനോദിനെതിരെ പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു. മെയ് 24നാണ് കൈനകരി പഞ്ചായത്ത അംഗം ബി.കെ.വിനോദ് മന്ത്രിയുടെ കയ്യേറ്റത്തിനെതിരെ പരാതി നല്‍കുന്നത്. 

ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണം നിലം നികത്തിയാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വിഭാഗമാണ് ഇവിടേക്കുള്ള റോഡ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ നെല്‍വയല്‍ നികത്തി പാര്‍ക്കിങ് ഏരിയ നിര്‍മിച്ചതെങ്ങിനെയെന്ന ചോദ്യം നിലനില്‍ക്കുന്നു. എന്നാല്‍ ഇവിടെ താന്‍ മണ്ണിട്ട് നികത്തിയില്ലായിരുന്നു എങ്കില്‍ വലിയ കുഴി രൂപപ്പെടുമായിരുന്നു എന്നും, അതിന് ചുറ്റും താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകുമായിരുന്നു എന്നുമാണ് ആരോപണങ്ങള്‍ക്കെതിരെ തോമസ് ചാണ്ടി പ്രതികരിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com