ബിഡിജെഎസിനെ യുഡിഎഫിലെത്തിക്കാന്‍ വാതിലുകള്‍ തുറന്ന് മുസ്‌ലിം ലീഗ്; അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി 

ബിഡിജെഎസിനെ യുഡിഎഫിലെടുക്കുന്നതിന് രണ്ടാമത്തെ പ്രബല കക്ഷിയായ മുസ്‌ലിം ലീഗിനും വിരോധമില്ല
ബിഡിജെഎസിനെ യുഡിഎഫിലെത്തിക്കാന്‍ വാതിലുകള്‍ തുറന്ന് മുസ്‌ലിം ലീഗ്; അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി 

മലപ്പുറം: ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസിനെ യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ വാതിലുകള്‍ തുറന്ന് മുസ്‌ലിം ലീഗ്. അടുത്ത യുഡിഎഫ് യോഗത്തില്‍ ബിഡിജെഎസിനെ യുഡിഎഫിലെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി തിങ്കളാഴ്ച മലപ്പുറത്ത് പറഞ്ഞു.ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചാല്‍ യുഡിഎഫിലെടുക്കുന്ന കാര്യം ആലോചിക്കാമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ നേരത്തെ പറഞ്ഞിരുന്നു. 

ബിഡിജെഎസിനെ യുഡിഎഫിലെടുക്കുന്നതിന് രണ്ടാമത്തെ പ്രബല കക്ഷിയായ മുസ്‌ലിം ലീഗിനും വിരോധമില്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. എന്നാല്‍ വേങ്ങര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അഭിപ്രായ പ്രകടനമാണോ ഇതെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. 

വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലും ബിഡിജെഎസ് ബിജെപിയുമായി യുദ്ധത്തിലാണ്,അടുത്ത യുഡിഎഫ് യോഗത്തില്‍ ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്ന കാര്യത്തെക്കുറിച്ച് സജീവ ചര്‍ച്ചയുണ്ടാകും, കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടക്കുമ്പോഴും എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിന് സാധിച്ചിട്ടില്ല. മണ്ഡലത്തിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും ബിഡിജെഎസ് പങ്കെടുത്തിരുന്നില്ല. 

എന്നാല്‍ ബിഡിജെഎസിനെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കാനാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്നും എല്‍ഡിഎഫാണ് പാര്‍ട്ടിക്ക് പറ്റിയ മുന്നണിയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ബിഡിജെഎസിനെ എല്‍ഡിഎഫിലെടുക്കുന്നതില്‍ വിരോധമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു. 

എന്‍ഡിഎയില്‍ ചേരുന്ന സമയത്ത് തങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനെതുടര്‍ന്നാണ് ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com