എന്റെ മകളാണ് എനിക്കെല്ലാം, അവള്‍ തിരിച്ചുവരും: അഖില ഹാദിയയുടെ പിതാവ് അശോകന്‍ പറയുന്നു

മതം നോക്കാതെ വിവാഹം ചെയ്യുകയായിരുന്നുവെങ്കില്‍ ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചേനെ. മതം മാറ്റത്തിനും ഞാന്‍ എതിരല്ല. എന്നാല്‍ ഇതു ദുരൂഹമാണ്.
എന്റെ മകളാണ് എനിക്കെല്ലാം, അവള്‍ തിരിച്ചുവരും: അഖില ഹാദിയയുടെ പിതാവ് അശോകന്‍ പറയുന്നു

കൊച്ചി: വൈക്കം സ്വദേശി അഖില, ഹാദിയ എന്ന പേരില്‍ മതം മാറി വിവാഹം ചെയ്ത കേസില്‍ കോടതി പറയുന്നത് അനുസരിക്കുമെന്ന് അഖിലയുടെ പിതാവ് അശോകന്‍. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനു കാത്തിരിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രവുമായുള്ള അഭിമുഖത്തില്‍ അശോകന്‍ പറഞ്ഞു. മതം മാറിയതിലൂടെ താന്‍ തെരഞ്ഞെടുത്ത അപകടകരമായ മാര്‍ഗത്തെക്കുറിച്ച് മകളെ ബോധ്യപ്പെടുത്താന്‍ എന്‍ഐഎ റിപ്പോര്‍ട്ടിനാവുമെന്ന് അശോകന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.  അടുത്ത മാസം മൂന്നിന് എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. 

ഹൈക്കോടതി നിര്‍ദേശപ്രകാരം വീട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന അഖില ഹാദിയയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്ന പേരില്‍ കടുത്ത വിമര്‍ശനം നേരിടുകയാണ് അശോകന്‍. ഇതിനെക്കുറിച്ചും അശോകന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. തന്നെ ഒരു ഇടുങ്ങിയ ചിന്താഗതിക്കാരനായാണ് ചിത്രീകരിക്കുന്നത്. അതിന്റെ വേദന പറഞ്ഞറിയിക്കാനാവില്ല. എത്രമാത്രം ഒറ്റപ്പെട്ടതായി തോന്നുവെന്നതും വിശദീകരിക്കാനാവില്ല- അശോകന്‍ പറയുന്നു.

''എന്റെ മകളാണ് എന്റെ ജീവിതം. എന്റെ സമ്പാദ്യം അവളാണ്. ഞാന്‍ ഒരു മതവിശ്വാസിയല്ല. മതം നോക്കാതെ വിവാഹം ചെയ്യുകയായിരുന്നുവെങ്കില്‍ ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചേനെ. മതം മാറ്റത്തിനും ഞാന്‍ എതിരല്ല. എന്നാല്‍ ഇതു ദുരൂഹമാണ്. പോപ്പുലര്‍ ഫ്രണ്ടിന് അവരുടെ അജന്‍ഡയുണ്ട്. ആര്‍എസ്എസിന്റെ സഹായത്തോടെ ഞാന്‍ അവളെ തട്ടിയെടുക്കുമെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബ അഖിലയെ വിശ്വസിപ്പിച്ചത്. എന്റെ മകളെ എന്തിനാണ് സൈനബ സംരക്ഷിക്കുന്നത്. അവളുടെ ഫോണ്‍ അവര്‍ പിടിച്ചുവച്ചിരിക്കുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് അവര്‍ അവളുടെ വിവാഹം നടത്തിയത് ദുരൂഹമാണെന്ന് കോടതി പോലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.''

19വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്ത താന്‍ ഭരണഘടനയിലും നീതിപീഠത്തിലും വിശ്വസിക്കുന്നുവെന്നും അശോകന്‍ പറയുന്നു. ഹാദിയ ഹിന്ദു  മതത്തിലേക്ക് തിരിച്ചുവരാമെന്ന് സമ്മതിച്ചതായി പുറത്തുവന്ന വാര്‍ത്തകള്‍ അശോകന്‍ നിഷേധിച്ചു. 

ഹാദിയയെ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തൃപ്പൂണിത്തുറയിലെ ആര്‍ഷ വിദ്യാ സമാജം യോഗ സെന്ററിനെ സമീപിച്ചിരുന്നതായി അശോകന്‍ സമ്മതിച്ചു. 'അവിടെ നിന്ന് ഒരാള്‍ വന്ന് ഹാദിയയെ കൂട്ടിക്കൊണ്ടുപോയി. ഹിന്ദു മതത്തിലേക്ക് തിരികെയെത്തിയ ആതിരയെ ഹാദിയയുമായി സംസാരിക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ആതിരയുമായുള്ള കൂടിക്കാഴ്ച എന്റെ മകളെ അപകടത്തില്‍ നിന്ന് തിരിച്ചു കയറാന്‍ സഹായിക്കുമെന്ന് ഞാന്‍ കരുതി'-അശോകന്‍ പറയുന്നു. 

താന്‍ നിരീശ്വരവാദിയാണെങ്കിലും ഭാര്യയും മകളും ക്ഷേത്രങ്ങളില്‍ പോവുന്നതിനെയൊന്നും എതിര്‍ത്തിരുന്നില്ല. എന്നാല്‍ മകള്‍ ഒരു യുക്തിയുമില്ലാതെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പരിഭ്രമമായി. അവള്‍ തട്ടമിട്ടു ക്ലാസില്‍ പോവാനും ഇസ്ലാമിക പഠനത്തിനായി സത്യസരണിയെ സമീപിച്ചെന്നും അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടിയാണ് 2016 ജനുവരിയില്‍ ഹൈക്കോടതിയില്‍ ആദ്യ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. അവള്‍ അന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ കസ്റ്റഡിയില്‍ ആയിരുന്നു. കോടതി ഉത്തരവു പ്രകാരം ഹാജരാക്കിയെങ്കിലും അന്നു മകള്‍ തന്റെ കൂടെ വന്നില്ല. എങ്കിലും ദിവസവും ഞാന്‍ മകളെ വിളിക്കുമായിരുന്നു, പലപ്പോഴും ദിവസം രണ്ടു തവണ വിളിക്കും.


'2016ല്‍ 21 കേരളീയര്‍  ഐഎസില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് രണ്ടാമത്തെ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. ജൂലൈയിലോ ഓഗസ്റ്റിലോ മകളോടു സംസാരിച്ചപ്പോള്‍ സിറിയയില്‍ ആട് മേയ്ക്കാന്‍ പോകാന്‍ പദ്ധതിയുണ്ടോയെന്നു ചോദിച്ചിരുന്നു. പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് അവള്‍ പറഞ്ഞത്. പഠനം തീരുംവരെ കാക്കാന്‍ കൂട്ടുകാര്‍ ഉപദേശിച്ചതായും അവള്‍ പറഞ്ഞു. 

''ഞാന്‍  ഒരു ചെത്തുകാരന്റെ മകനാണ്. എട്ടു മക്കളില്‍ മൂന്നാന്‍. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ ബാധ്യതകള്‍ മൂലം പത്താം ക്ലാസിനു ശേഷം പട്ടാളത്തില്‍ ചേര്‍ന്നു. അഞ്ചു സഹോദരിമാരെ വിവാഹം ചെയ്ത് അയച്ചതിനു ശേഷമാണ് സ്വന്തം ജീവിതത്തെക്കുറിച്ച് ആലോചിച്ചത്. അഖില എന്റെ ഏക മകളാണ്. അവള്‍ക്ക് കഴിയാവുന്നതില്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ നല്‍കണം എന്നതുകൊണ്ടാണ് ഒറ്റ മകള്‍ മതിയെന്നു വച്ചത്. അവളുടെ സൗകര്യങ്ങള്‍ മാത്രമാണ് ഞങ്ങള്‍ നോക്കിയത്. പട്ടാളത്തില്‍നിന്നു വിരമിച്ചതിനു ശേഷം ഞാന്‍ ശിപായി ജോലി ചെയ്യുകയാണ്. എന്റെ എടിഎം കാര്‍ഡ് ഇപ്പോഴും മകളുടെ കൈയിലാണ്- ഇപ്പോഴും. 

ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനാണ്. എന്നാല്‍ എന്റെ പാര്‍ട്ടിയായ സിപിഐ ഈ കേസില്‍ എന്നെ സഹായിച്ചില്ല. മറ്റു പലരും സഹായവുമായി വന്നു. വക്കീലന്മാര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍, മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍. ബിജെപിയും ആര്‍എസ്എസുമാവാം എന്നെ കൂടുതല്‍ സഹായിച്ചത്. അതുകൊണ്ട് ഞാന്‍ ബിജെപിക്കാരന്‍ ആവണമെന്നില്ല. ഇനി ഞാന്‍ എന്താവുമെന്ന് പറയാനാവില്ല. ഞാന്‍ നിരാശാഭരിതനായ പിതാവാണ്, ആരു സഹായിച്ചാലും ഞാനത് സ്വീകരിക്കും.

ബുദ്ധിജീവികളെയോ മനുഷ്യാവകാശ സംഘടനകളോയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയല്ല എന്റെ ഉദ്ദേശ്യം, എന്റെ പ്രശ്‌നം എന്റെ മകളാണ്. പലരും അതില്‍ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്നുണ്ട്- അശോകന്‍ പറഞ്ഞു.

''എന്നെ തോല്‍പ്പിച്ചാല്‍ ലക്ഷ്യം നേടാമെന്നാണ് മകള്‍ ഇപ്പോള്‍ കരുതുന്നത്. എന്നാല്‍ അവസാനം വരെ ഞാന്‍ കാക്കും. അവസാനത്തെ കോടതി വിധി വരെ. എനിക്കുറപ്പുണ്ട്, അവള്‍ തിരിച്ചുവരും''- അശോകന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com