പുസ്തകമില്ലാത്തതു ചൂണ്ടിക്കാട്ടിയ എഴുത്തുകാര്‍ക്ക് ലൈബ്രറി വക വിലക്ക്; അയ്മനം ജോണിനെയും എസ് ഹരീഷിനെയും പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ഡിസി ബുക്‌സിനോട് കോട്ടയം പബ്ലിക് ലൈബ്രറി

കോട്ടയം പബ്ലിക് ലൈബ്രറിയാണ് കഥാകൃത്തുക്കളായ അയ്മനം ജോണിനും എസ് ഹരീഷിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്
പുസ്തകമില്ലാത്തതു ചൂണ്ടിക്കാട്ടിയ എഴുത്തുകാര്‍ക്ക് ലൈബ്രറി വക വിലക്ക്; അയ്മനം ജോണിനെയും എസ് ഹരീഷിനെയും പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ഡിസി ബുക്‌സിനോട് കോട്ടയം പബ്ലിക് ലൈബ്രറി

കോട്ടയം: പബ്ലിക് ലൈബ്രറിയിലെ പുസ്തകശേഖരത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടിയതിന് എഴുത്തുകാര്‍ക്ക് ഭരണസമിതി വക വിലക്ക്. കോട്ടയം പബ്ലിക് ലൈബ്രറിയാണ് കഥാകൃത്തുക്കളായ അയ്മനം ജോണിനും എസ് ഹരീഷിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലൈബ്രറിയില്‍ വച്ച് നടത്തുന്ന പരിപാടികളില്‍ ഇരുവരെയും പങ്കെടുപ്പിക്കരുതെന്ന് ഡിസി ബുക്‌സിനോട് ലൈബ്രറി ഭരണസമിതി ആവശ്യപ്പെട്ടു.

ഡിസി ബുക്‌സിനു മുന്നില്‍ ലൈബ്രറി ഭരണ സമിതി ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നതായി അയ്മനം ജോണും എസ് ഹരീഷും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ പൊതുവെ വിമുഖനായ തനിക്ക് ഈ വിലക്കു കല്‍പ്പനയില്‍ യഥാര്‍ഥത്തില്‍ സന്തോഷമാമുള്ളതെന്ന് അയ്മനം ജോണ്‍ കുറിപ്പില്‍ പറയുന്നു. പ്രതിമാസ സാഹിത്യചര്‍ച്ചാ പരിപാടിയില്‍ പങ്കെടുക്കാന്‍ ലൈബ്രറി ആവശ്യപ്പെട്ടിട്ടുള്ള ചുരുക്കം സന്ദര്‍ഭങ്ങളില്‍ ഒഴിഞ്ഞു മാറാന്‍ ഉചിതമായ ഒരു ഒഴികഴിവ് കണ്ടെത്തുവാന്‍ പാട് പെട്ടിട്ടുള്ള തനിക്ക് ഇനി മേല്‍ അങ്ങനെയൊരു വിഷമസന്ധിയെ നേരിടേണ്ടി വരില്ലല്ലോ.
പക്ഷെ അക്ഷരനഗരി എന്ന് അഹങ്കരിക്കുന്ന കോട്ടയം പട്ടണത്തിലെ അക്ഷരങ്ങളുടെ മുഖ്യകലവറയായ പബ്ലിക്ക് ലൈബ്രറിയുടെ ഭരണസമിതി സദുദ്ദേശത്തോടെ നടത്തിയ ഒരു വിമര്‍ശനത്തിനോട് സ്വീകരിച്ച ഫാസിസ്റ്റ് സമീപനം പൊതു ശ്രദ്ധയില്‍ കൊണ്ട് വരേണ്ടത് കോട്ടയം സ്വദേശി എന്ന നിലയ്ക്കും ലൈബ്രറിയെ സ്‌നേഹിക്കുന്ന ഒരംഗം എന്ന നിലയ്ക്കും കടമയായി കരുതുന്നു എന്നു പറഞ്ഞുകൊണ്ട് അയ്മനം ജോണ്‍ ഇതിന്റെ പശ്ചാത്തലം വിവരിക്കുന്നത് ഇങ്ങനെ: 

''എഴുത്തില്‍ അമ്പതു വര്‍ഷം പൂര്‍ത്തീകരിച്ച സി.വി.ബാലകൃഷ്ണനെ ആദരിക്കാന്‍ ഡി.സി .ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ലൈബ്രറിയുടെ ഹാളില്‍ വച്ച് കൂടിയ സാഹിത്യ സമ്മേളനമാണ് രംഗവേദി. തന്റെ ആശംസാപ്രസംഗത്തിനു ശേഷം, ലൈബ്രറിയെ സംബന്ധിച്ച ഒരു പരാതി പറയുവാന്‍ കൂടി ആ വേദി താന്‍ ഉപയോഗിക്കുകയാണ് എന്ന മുഖവുരയോടെ, പ്രിയ സുഹൃത്ത് എസ്.ഹരീഷ് താന്‍ പത്ത് വര്ഷം മുന്‍പ് ലൈബ്രറിയില്‍ കണ്ട പുസ്തകശേഖരത്തിന് ഇക്കാലയളവിനിടയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായതായി കാണുന്നില്ല എന്ന് ഒട്ടും സങ്കോചമില്ലാതെ തികഞ്ഞ ആര്‍ജവത്തോടെ പറയുകയുണ്ടായി. വളരെ മുന്‍പെ തന്നെ അങ്ങനെയൊരു പരാതി ഫേസ്ബുക്കിലൂടെ പരസ്യമായി ഉന്നയിച്ചിട്ടുള്ള എനിക്ക് ഹരീഷിന്റെ തുറന്നുപറച്ചില്‍ വളരെ ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയിരിക്കെ വേദിയില്‍ എന്റെ അടുത്ത് ഇരിക്കുകയായിരുന്ന പ്രസിഡണ്ട് ഹരീഷ് ആരാണെന്ന് എന്നോട് സംശയം ചോദിച്ചു. കുറച്ചു വര്‍ഷം മുന്‍പ് ലൈബ്രറി ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല വായനക്കാരനുള്ള വാര്‍ഷികപുരസ്‌കാരം സ്വയം സ്വീകരിച്ച അദ്ദേഹത്തിന് ഹരീഷിനെ അറിയില്ലല്ലോ എന്നോര്‍ത്ത് എനിക്ക് ഉള്ളില്‍ ചിരി പൊട്ടിയെങ്കിലും അതൊതുക്കി ഞാന്‍ മലയാളത്തിലെ ഏറ്റവും മികച്ച യുവകഥാകൃത്തുക്കളില്‍ ഒരാളായി ഹരീഷിനെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. എന്നിട്ട് ഹരീഷിന്റെ വിമര്‍ശനം ശരിയാണെന്നും കുറച്ചു നാള്‍ മുന്‍പ് ലൈബ്രറി നടത്തിയ പുതു പുസ്തകങ്ങളുടെ പ്രദര്‍ശനത്തില്‍ നോബല്‍ സമ്മാനമോ മറ്റ് ശ്രദ്ധേയമായ പുരസ്‌കാരങ്ങളോ നേടിയിട്ടുള്ള എഴുത്തുകാരുടെ ആരുടേയും പുസ്തകങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല എന്നും കൂടി പറയുകയും ചെയ്തു.

സംഭവത്തിന് ശേഷം പ്രസിദ്ധീകരിച്ച ലൈബ്രറി ബുള്ളറ്റിനില്‍ പ്രസിഡന്റിന്റെ കത്ത് എന്ന തന്റെ പതിവ് പംക്തിയില്‍ ഞങ്ങളുടെ വിമര്‍ശനത്തെ ആവും വിധം പരിഹസിച്ചിട്ട് അദ്ദേഹം ആ സംഭവത്തിന് ശേഷം താന്‍ ബാംഗളൂരില്‍ പോയി വാങ്ങിക്കൊണ്ടു വന്ന പുസ്തകങ്ങളില്‍ ഞങ്ങളുടെ പരാതി പരിഗണിച്ച് ഉള്‍പ്പെടുത്തിയ പുരസ്‌കാരജേതാക്കളുടെ കൃതികളുടെ ഒരു ലിസ്റ്റ് കൂടി പ്രസിദ്ധീകരിക്കുകയുണ്ടായി. ലിസ്റ്റില്‍ കണ്ട പ്രകാരം അതിലേറെയും പുരസ്‌കാരജേതാക്കളായ പഴയ കാല എഴുത്തുകാരുടേതാണെന്നും പുതുകാല ഫിക്ഷന്‍ എഴുത്തുകാരുടെ പുസ്തകങ്ങള്‍ തീരെ കുറവാണെന്നുമുള്ള വസ്തുത ശ്രദ്ധിച്ചെങ്കിലും ഞങ്ങളുടെ വിമര്‍ശനം കൊണ്ട് ലൈബ്രറിയിലെ പുസ്ത ശേഖരം അത്രയെങ്കിലും സമ്പന്നമായല്ലോ എന്നോര്‍ത്തുള്ള സന്തോഷം കൊണ്ട് ആ പരിഹാസ വാക്കുകളെ അദ്ദേഹത്തിന്റെ ഔദ്ധത്യത്തിന്റെ ആവിഷ്‌കാരം മാത്രമായി കണ്ട് ഞാന്‍ അവഗണിക്കുകയും ചെയ്തു.

എന്നിരിക്കിലും ഞങ്ങളുടെ പരാതി കണക്കിലെടുക്കുകയും അതിന് തന്നാല്‍ ആവും വിധം പരിഹാരക്രിയ ചെയ്യുകയും ചെയ്ത ശേഷമാണ് ഇങ്ങനെയൊരു വിലക്ക് കല്‍പ്പന പുറപ്പെടുവിച്ചത് എന്ന വസ്തുതയില്‍ നിന്ന് വെളിപ്പെടുന്ന ലൈബ്രറി ഭരണസമിതിയുടെ അസഹിഷ്ണുതയും ഫാസിസ്‌റ് പ്രവണതയും പൊതുസമൂഹത്തിനു മുന്നില്‍ തുറന്ന് കാട്ടാന്‍ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതൊരു പകരം വീട്ടലായിട്ടല്ല. മറിച്ച് ലൈബ്രറിയുടെ നന്മയെ ലാക്കാക്കിയുള്ള ഒരു നടപടിയായി മാത്രം കാണണമെന്ന് അപേക്ഷ. ഇത്ര മാത്രം ജനാധിപത്യബോധമില്ലാത്ത ഒരു ഭരണസമിതിയാണ് അക്ഷരനഗരത്തിലെ അക്ഷരശേഖരത്തിന്റെ അധിപന്മാരായി വാഴുന്നത് എന്ന വസ്തുത അക്ഷരനഗരത്തിന് ആകമാനം അപമാനകാരമല്ലേ?''

എസ് ഹരീഷിന്റെ കുറിപ്പ്: 

''നൂറ്റി മുപ്പത് വര്‍ഷത്തിലധികം ചരിത്രമുള്ള കോട്ടയം പബ്ലിക് ലൈബ്രറിയുടെ ഇപ്പോഴത്തെ ഭരണസമിതി കഥാകൃത്ത് അയ്മനം ജോണിനേയും പേരുപറഞ്ഞാല്‍ അതും തൊങ്ങലാക്കുുന്ന മറ്റൊരുവനേയും തങ്ങളുടെ സ്ഥാപനങ്ങളില്‍ വെച്ചുനടത്തുന്ന ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുതെന്ന് ഡി സി ബുക്‌സിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നു. ആ തൊങ്ങല്‍ ഈയുള്ളവന്‍ വിനയത്തോടെ ഏറ്റെടുക്കുന്നു. കാരണം മൂന്നാണ് ഒന്ന്. ഗുരു തുല്യനായ അയ്മനം ജോണിനോടൊപ്പമാണ് ഈ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. രണ്ട്. പൊതുജനസമക്ഷം ലൈബ്രറിയെ പരസ്യമായി അവഹേളിച്ചതിന് ലഭിച്ചതാണിത്. മൂന്ന്. അതിപ്രഗത്ഭരായ ഭരണസമിതിയാണിത് നല്കുന്നത്. ഏറ്റവും പ്രധാനയാള്‍ പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയയാണ്. അറിയപ്പെടുന്ന വ്യവഹാരപ്രിയനായ അദ്ദേഹമാണ് കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഒരു ലൈബ്രറിയുടെ വരുമാനത്തിന്റെ നല്ല പങ്കും സ്വന്തം കസേരകാക്കാന്‍ കോടതികളില്‍ ചിലവാക്കാമെന്ന് തെളിയിച്ചത്. മരണാനന്തരം അദ്ദേഹത്തിന്റെ ഒരു പ്രതിമ കാനായി കുഞ്ഞിരാമനെക്കൊണ്ട് നിര്‍മ്മിക്കാവുന്നതാണ്. മറ്റൊരാള്‍ ഒരേ സമയം കരയോഗം പ്രവര്‍ത്തകനും ജേര്‍ണലിസം വകുപ്പ് മേധാവിയും അഴിമതി വിരുദ്ധവീരനുമായ മാടവന ബാലകൃഷ്ണപിള്ളയാണ്. പിള്ളേച്ചന്‍ വിവരണാതീതനാണ്. മറ്റൊരു കമ്മറ്റിയംഗം അച്ചാറ് കമ്പനിക്കാരന്റെ ഭാര്യയാണ്.അതിനാല്‍ തന്നെ പുസ്തകങ്ങളുമായി അഭേദ്യബന്ധമുണ്ട്.രാത്രികളില്‍ പക്ഷികളെ വെടിവെക്കാന്‍ തോക്കുമായിറങ്ങുന്ന ഒരാളും കമ്മറ്റിയിലുണ്ടെന്ന് കേട്ടിട്ടുണ്ട്.അത് ശരിയാകാനിടയില്ല. ഞങ്ങളുടെ കഥകള്‍ ഏതെങ്കിലും മാസികകളില്‍ അച്ചടിച്ചു വന്നാല്‍ ആ പേജുകള്‍ കീറിമാറ്റിയോ കരിപൂശിയോ മാത്രമേ റീഡിംഗ്‌റൂമില്‍ വെയ്ക്കാവൂ എന്ന് ലൈബ്രറിയോടപേക്ഷിക്കുന്നു.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com