ജിഎസ്ടി: കേരളത്തിന്റെ വരുമാനം താഴേക്ക് തന്നെ;പ്രകടമാകുന്നത് രാജ്യത്താകെയുള്ള പ്രതിസന്ധി

ജിഎസ്ടി: കേരളത്തിന്റെ വരുമാനം താഴേക്ക് തന്നെ;പ്രകടമാകുന്നത് രാജ്യത്താകെയുള്ള പ്രതിസന്ധി

ജി.എസ്.ടി.യിലെ പ്രതിസന്ധി കേരളത്തെ ബാധിച്ചുതുടങ്ങിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിന്റെ ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) വരുമാനം ഓഗസ്റ്റില്‍ വീണ്ടും കുറഞ്ഞു.കഴിഞ്ഞ മാസത്തേക്കാള്‍ ഏതാണ്ട് 35 കോടി രൂപയാണ് ഇതുവരെയുള്ള കുറവ്. റിട്ടേണുകള്‍ സമര്‍പ്പിച്ചവരുടെ എണ്ണവും ഇത്തവണ കുറഞ്ഞു.

ജി.എസ്.ടി. ശൃംഖലയിലെ തടസ്സങ്ങളും ആശയക്കുഴപ്പവുമാണ് പ്രതിസന്ധിക്കു കാരണം.ജൂലായില്‍ സംസ്ഥാന ജി.എസ്.ടി.യായി 799 കോടിരൂപയും സംസ്ഥാനാന്തരവ്യാപാരത്തിന്റെ നികുതിയായി (സി.ജി.എസ്.ടി.) 451 കോടിയും ചേര്‍ത്ത് 1250 കോടിരൂപയാണ് കിട്ടിയത്. ജി.എസ്.ടി.ക്കുമുമ്പ് 13001400 കോടിരൂപ കിട്ടിയിരുന്ന സ്ഥാനത്താണിത് സംഭവിച്ചിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംസ്ഥാന നികുതിയുടെ കുറവിന് ആനുപാതികമായി കേന്ദ്രനികുതിയും കുറയും. കൃത്യമായ കണക്ക് ഈ മാസം അവസാനമേ ലഭിക്കൂവെന്ന് ജി.എസ്.ടി. വകുപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു.രാജ്യത്താകെയുള്ള പ്രതിസന്ധിയാണ് കേരളത്തിലും പ്രകടമാവുന്നത്. ജി.എസ്.ടി. വന്നശേഷം ജൂലയില്‍ കേന്ദ്രത്തില്‍ 94,063 കോടി രൂപ നികുതിയായി കിട്ടിയപ്പോള്‍ ഓഗസ്റ്റില്‍ ഇത് 90,669 കോടിയായി. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ 64.4 ശതമാനത്തില്‍നിന്ന് 55 ശതമാനമായി.

ജി.എസ്.ടി.യിലെ പ്രതിസന്ധി കേരളത്തെ ബാധിച്ചുതുടങ്ങിയതായി ധനമന്ത്രി ഡോ. തോമസ് ഐസക് പ്രതികരിച്ചു. നികുതിവരുമാനം കിട്ടാതിരുന്നാല്‍ ഇവിടെ ശമ്പളം കൊടുക്കാന്‍ മാത്രമേ പണം കാണൂ. ഇനി ഡിസംബര്‍വരെ കേരളത്തിന് കടമെടുക്കാനാവില്ലെന്നും ഐസക് പറഞ്ഞു.

മുന്‍ മാസത്തെ അപേക്ഷിച്ച് ഒട്ടേറെ വ്യാപാരികള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതെപോയതാണ് വരുമാനം കുറയാന്‍ കാരണം. കേന്ദ്രത്തില്‍ ജി.എസ്.ടി. ശൃംഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സാധാരണ നിലയിലാകാന്‍ ഇനിയും നാലഞ്ചുമാസമെങ്കിലും എടുക്കും.ഇതില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com