തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് സംസാരിച്ചതുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ വനിതാ കമ്മിഷന്‍ മുന്‍പാകെ വിശദീകരണം നല്‍കി. ജോര്‍ജിന്റെ മറുപടി തൃപ്തികരമാണോയെന്ന് റിപ്പോര്‍ട്ട് കിട്ടിയശേഷം പ്രതികരിക്കാമെന്ന് കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. സ്പീക്കറുടെ അനുമതിയോടെയാണ് പിസി ജോര്‍ജിന്റെ മൊഴിയെടുത്തത്.
ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്തദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് ജോര്‍ജ് നടിയോട് ചോദിച്ചത്. നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ആക്ഷേപിച്ചിരുന്നു. ജോര്‍ജിന്റെ ഈ അഭിപ്രായങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് കമ്മിഷന്‍ കേസെടുത്തത്. ജോര്‍ജിനെതിരെ കേസെടുക്കാമെന്നും പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കാമെന്നും കമ്മിഷന്‍ ലോ ഓഫീസറും സ്റ്റാന്‍ഡിംഗ് കോണ്‍സലും നേരത്തെ നിയമോപദേശം നല്‍കിയിരുന്നു.
നടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുമ്പാശേരി പൊലീസ് ജോര്‍ജിനെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ തനിക്കെതിരായ പ്രചാരണത്തിന് ഉപയോഗിച്ചതായി നടി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വ്യക്തിഹത്യ നടത്തുന്നതിന് തുല്യമായിരുന്നു പ്രസ്താവന. ഇത് സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിന് ഇടനല്‍കിയെന്നും പരാതിയില്‍ നടി പറഞ്ഞിരുന്നു. തുടര്‍ന്ന് നടിയുടെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ