ബിജെപി-ബിഡിജെഎസ് തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; എന്‍ഡിഎ വിടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കാമെന്ന് അമിത് ഷാ ഉറപ്പുതന്നതായ് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു
ബിജെപി-ബിഡിജെഎസ് തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; എന്‍ഡിഎ വിടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: ബിജെപി-ബിഡിജെഎസ് തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ തങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കാമെന്ന് അമിത് ഷാ ഉറപ്പുതന്നതായ് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. 

മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നും എന്‍ഡിഎയില്‍ തുടരുമെന്നും വ്യക്തമാക്കിയ തുഷാര്‍, വേങ്ങരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പറഞ്ഞു. ടെക്‌നിക്കലായിട്ടുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് സ്ഥാനങ്ങള്‍ നല്‍കാന്‍ വൈകിപ്പോയത് എന്നും അത് പരിഹരിക്കുമെന്നും അമിത് ഷാ വാക്കുതന്നെന്നും തുഷാര്‍ പറഞ്ഞു. കേന്ദ്രമന്ത്രിസ്ഥാനം ആഗ്രഹിച്ചിട്ടില്ലായെന്നും ആവശ്യപ്പെട്ടില്ലായെന്നും തുഷാര്‍ പറഞ്ഞു. 

എന്‍ഡിഎയില്‍ ചേരുന്ന സമയത്ത് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്നു ബിഡിജെഎസ്. പാര്‍ട്ടി എന്‍ഡിഎ വിടുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. 

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുകയും ബിഡിജെഎസിന് പറ്റിയ മുന്നണി എല്‍ഡിഎഫാണ് എന്ന് പറയുകയും ചെയ്തിരുന്നു. യുഡിഎഫും ബിഡിജെഎസിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഈ അവസരത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ വീണ്ടും ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. 

സ്ഥാനങ്ങളപ്പറ്റി ചര്‍ച്ച വരുമ്പോഴെല്ലാം രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം ആക്കാമെന്നായിരുന്നു അമിത് ഷായുട മറുപടി. ഇത്തവണയും രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമാക്കാം എന്നാണ് അമിത് ഷാ ഉറപ്പു നല്‍കിയിരിക്കുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിലപേശുന്ന ബിഡിജെഎസിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള താത്കാലിക തന്ത്രമാണോ എന്നും സംശയങ്ങള്‍ ഉയരുന്നു. ഏറെ പ്രതീക്ഷകളോടെ മുന്നണിയിലെടുത്ത ബിഡിജെഎസിന് തെരഞ്ഞെടുപ്പില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്നത് ബിജെപിയെ നിരാശപ്പെടുത്തിയിരുന്നു. ഇതാണ് ബിഡിജെഎസിന് നല്‍കാമെന്നേറ്റിരുന്ന സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ ഉഴപ്പാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com