ട്രിപ്പ് മുടങ്ങാതിരിക്കാന്‍ തളര്‍ന്ന് വീണയാളെയും കൊണ്ട് ബസ് ഓടി: യാത്രക്കാരന്‍ മരിച്ചു

പലതവണ ആവശ്യപ്പെട്ടിട്ടും കണ്ടക്ടറും ഡ്രൈവറും യാത്രക്കാരനെ വഴിയില്‍ ഇറക്കാന്‍ തയ്യാറായില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.
ട്രിപ്പ് മുടങ്ങാതിരിക്കാന്‍ തളര്‍ന്ന് വീണയാളെയും കൊണ്ട് ബസ് ഓടി: യാത്രക്കാരന്‍ മരിച്ചു

കൊച്ചി: ട്രിപ്പ് മുടങ്ങാതിരിക്കാന്‍ ളര്‍ന്നു വീണ യാത്രക്കാരനേയും കൊണ്ട് കൊച്ചി നഗരത്തിലൂടെ സ്വകാര്യ ബസ് ഓടിയത് അര മണിക്കൂര്‍. പിന്നീട് വഴിയില്‍ ഇറക്കിയ യാത്രക്കാരന്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ മരിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും കണ്ടക്ടറും ഡ്രൈവറും യാത്രക്കാരനെ വഴിയില്‍ ഇറക്കാന്‍ തയ്യാറായില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.

എംജി റോഡില്‍ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസില്‍ കയറിയ വയനാട് സ്വദേശി ലക്ഷ്മണന് ഷേണായീസ് ബസ് സ്‌റ്റോപ്പിനടുത്തുവെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് ഇയാള്‍ക്ക് അപസ്മാരമുണ്ടാകുകയും ചെയ്തു. ഞങ്ങളുടെ ബസ് ഇടിച്ചിട്ടല്ലല്ലോ അപകടം സംഭവിച്ചത്, അതുകൊണ്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ട്രിപ്പ് മുടക്കാന്‍ കഴിയില്ലെന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഉണരുമ്പോള്‍ അയാള്‍ എഴുന്നേറ്റു പോവുമെന്ന് കണ്ടക്ടര്‍ പറഞ്ഞതായും ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ പറഞ്ഞു.

യാത്രക്കാരന്‍ ബഹളം വെച്ചതിനേത്തുടര്‍ന്ന് ഇടപ്പള്ളി പള്ളിക്കുമുമ്പില്‍ തളര്‍ന്നു കിടന്ന ലക്ഷ്മണനെ ഇറക്കിവിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നത്. അപ്പോഴേക്കും മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും ലക്ഷ്മണന്‍ മരിച്ചു.

കുഴഞ്ഞു വീണ ഷേണായീസ് മുതല്‍ ഇടപ്പള്ളിവരെ ആറിലേറെ ആശുപത്രികള്‍ക്കു മുന്നിലൂടെയാണ് ബസ് യാത്ര ചെയ്തത്. എന്നിട്ടും ബസ് നിര്‍ത്തി ഗുരുതരാവസ്ഥയിലായ യാത്രക്കാരന് ചികിത്സ നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ലക്ഷ്മണന്റെ ബന്ധുക്കള്‍ എളമക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com