'നന്ദി വിജയന്‍ സാര്‍, നന്ദി' പിണറായിയെ പ്രശംസിച്ച് ഗഡ്കരി

നന്ദി വിജയന്‍ സാര്‍ താങ്കളെ കൊണ്ടുമാത്രമാണ് കേരളത്തില്‍ വികസനത്തിന് സ്ഥലമേറ്റെടുക്കല്‍ സാധ്യമാകുന്നത്
'നന്ദി വിജയന്‍ സാര്‍, നന്ദി' പിണറായിയെ പ്രശംസിച്ച് ഗഡ്കരി


ന്യൂഡല്‍ഹി: അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മാറ്റി വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മൂടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. റോഡ് വികസനം ഉള്‍പ്പെടെ കേരളത്തില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ പ്രശംസ ലഭിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഗഡ്കരി സംഭാഷണം തുടങ്ങിയത് തന്നെ. നന്ദി വിജയന്‍ സാര്‍ താങ്കളെ കൊണ്ടുമാത്രമാണ് കേരളത്തില്‍ വികസനത്തിന് സ്ഥലമേറ്റെടുക്കല്‍ സാധ്യമാകുന്നത് ഗഡ്കരി പറഞ്ഞു.

ദേശീയപാത വികസനം മാത്രമല്ല ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഭൂമിയേറ്റെടുത്തതും പദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതും ഗഡ്കരി എടുത്തു പറഞ്ഞു. ഈ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ പിന്തുണയും ഗഡ്കരി വാഗ്ദാനം ചെയ്തു.

മുന്‍സര്‍ക്കാരുകളുടെ കാലത്തു മുടങ്ങിക്കിടന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് ജീവന്‍വെച്ചത് പിണറായി മുഖ്യമന്ത്രിയായ ശേഷമാണ്. വടക്കന്‍ ജില്ലകളില്‍ ഭൂമി ഏറ്റെടുത്തു നല്‍കാന്‍ കഴിയാത്തതിനാല്‍ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടായിരുന്നു.മുന്‍പ്രധാനമന്ത്രിമാര്‍ നിരന്തരം ഇടപെട്ടിട്ടും  ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു.

മുഖ്യമന്ത്രിയായ ശേഷം ഡല്‍ഹിയിലെത്തിയ പ്രധാനമന്ത്രി പിണറായിയോട് ആവശ്യപ്പെട്ടതും ഇക്കാര്യമായിരുന്നു. ഗുജറാത്തിലും കേരളത്തിലും ഒരേസമയത്താണ് എല്‍എന്‍ജി ടെര്‍മിനല്‍ അനുവദിച്ചതെങ്കിലും ഗുജറാത്തില്‍ പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാത്തത് ഖേദകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഗഡ്കരിയുടെ പിണറായി പ്രശംസ വലിയ തലവേദനയായിരിക്കുകയാണ് കേരളത്തിലെ ബിജെപി നേതൃത്വത്തിന്. ചെങ്ങന്നൂരില്‍ ഗഡ്്കരിയുടെ  പ്രശംസാ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com