രജിത്കുമാര്‍ സാമൂഹ്യവിരുദ്ധന്‍; ബോധവത്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് കെ.കെ ശൈലജ

സാമൂഹ്യവിരുദ്ധ പ്രഭാഷണം നടത്തുന്ന രജിത് കുമാറിനെ ബോധവത്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശം. 
രജിത്കുമാര്‍ സാമൂഹ്യവിരുദ്ധന്‍; ബോധവത്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് കെ.കെ ശൈലജ

സാമൂഹ്യവിരുദ്ധ പ്രഭാഷണം നടത്തുന്ന രജിത് കുമാറിനെ ബോധവത്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശം. കാലടി ശങ്കരാ കോളജിലെ അധ്യാപകന്‍ ആയ രജിത് കുമാര്‍ അന്ധവിശ്വാസപരവും സ്ത്രീവിരുദ്ധവുമായ കാര്യങ്ങളാണ് തുടര്‍ച്ചയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. മുമ്പ് തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ വച്ച് ഒരു പൊതുപരിപാടിക്കിടയില്‍ പെണ്‍കുട്ടികളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. തികച്ചും സ്ത്രീവിരുദ്ധമായ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ഒരു വിദ്യാര്‍ത്ഥിനി സദസില്‍ നിന്ന് ഇറങ്ങിപ്പോവുകയുണ്ടായി.

അമ്മമാര്‍ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാല്‍ കുട്ടികള്‍ ട്രാന്‍സ്‌ജെന്‍ഡറാകും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാര്‍ക്കാണ് തുടങ്ങി ലൈംഗിക ന്യൂനപക്ഷങ്ങളെ അപമാനിക്കുന്ന, ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളെ സങ്കടത്തിലാഴ്ത്തുന്ന പ്രസ്താവനയാണ് കാസര്‍ഗോഡ് ഒരു പൊതു പരിപാടിയില്‍ അദ്ദേഹം ഇപ്പോള്‍ നടത്തിയിട്ടുള്ളത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വീണ്ടും ഇതുതന്നെ ആവര്‍ത്തിക്കുകയുണ്ടായി. ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളും ട്രാന്‍സ്‌ജെന്‍ഡര്‍മാരും അതീവ വേദനയോടുകൂടിയാണ് ഇതിനെതിരെ പ്രതികരിച്ചത്.

സെറിബ്രല്‍ പാള്‍സി/ഓട്ടിസം ഉള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ദുര്‍നടപ്പുകാരാണെന്നു പറഞ്ഞത് അങ്ങേയറ്റം അധിക്ഷേപകരമാണെന്നാണ് അവര്‍ ചര്‍ച്ചയില്‍ തന്നെ ഉന്നയിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ അശാസ്ത്രീയമാണെന്നും സാമൂഹ്യവിരുദ്ധമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മിക്കാവും എല്ലാവരും തന്നെ ചൂണ്ടിക്കാണിച്ചിട്ടും പരാമര്‍ശം പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം ആലോചിച്ചുവരികയാണ്. ആയതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി നടത്തുന്ന ബോധവല്‍ക്കരണ പഠന പരിപാടികളില്‍ ഇത്തരം ആളുകളെ പങ്കെടുപ്പിക്കരുത്. ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പുകളുടെ പരിപാടികളില്‍ ഇദ്ദേഹത്തെ പങ്കെടുപ്പിക്കുന്നതല്ലെന്നും മന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com