"വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് മണ്ടന്മാരല്ല ; ഒന്നോ രണ്ടോ ആളുകള്‍ പറയുന്നത് കേട്ട് സര്‍ക്കാരിനു മുന്നോട്ടു പോകാനാവില്ല"

വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ബദല്‍ നിര്‍ദേശങ്ങള്‍ വയ്ക്കുന്നത് പദ്ധതിയെ തന്നെ തുരങ്കം വയ്ക്കുന്ന രീതിയിലാവരുത്
"വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് മണ്ടന്മാരല്ല ; ഒന്നോ രണ്ടോ ആളുകള്‍ പറയുന്നത് കേട്ട് സര്‍ക്കാരിനു മുന്നോട്ടു പോകാനാവില്ല"


കൊച്ചി : ഏതെങ്കിലുമൊരു വ്യക്തിയുടെ അഭിപ്രായങ്ങള്‍ മാത്രം കേട്ടല്ല സര്‍ക്കാര്‍ വികസനപദ്ധതികള്‍ നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. വിദഗ്ധരുടെ അഭിപ്രായവും ജനങ്ങളുടെ അഭിപ്രായവും കേള്‍ക്കും. കേരളത്തില്‍ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവര്‍ മണ്ടന്മാരൊന്നുമല്ല. അവര്‍ കാര്യങ്ങള്‍ പഠിച്ച് നടപ്പാക്കുമ്പോള്‍ ചെറിയ പിശകുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താം. അല്ലാതെ ഒന്നോ രണ്ടോ ആളുകള്‍ പറയുന്നതു മാത്രം കേട്ട് സര്‍ക്കാരിനു മുന്നോട്ടു പോകാനാവില്ല. സാധ്യമാവുന്ന കാര്യങ്ങള്‍ കൂടി അട്ടിമറിക്കാനേ ഇത് ഉപകരിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. 

വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ബദല്‍ നിര്‍ദേശങ്ങള്‍ വയ്ക്കുന്നത് പദ്ധതിയെ തന്നെ തുരങ്കം വയ്ക്കുന്ന രീതിയിലാവരുത്. സര്‍ക്കാരിനു മുകളില്‍ വ്യക്തികളെ പ്രതിഷ്ഠിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. കുണ്ടന്നൂര്‍ മേല്‍പ്പാല നിര്‍മാണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഒരു സര്‍ക്കാരുള്ളപ്പോള്‍ ഡല്‍ഹിയില്‍ പോയി  'ഞങ്ങള്‍ കാണിച്ചു തരാം' എന്ന രീതിയില്‍ വിരട്ടുന്നതു ശരിയല്ല. ഒരു സര്‍ക്കാരിനെയും ജനങ്ങള്‍ സ്ഥിരമായി പ്രതിഷ്ഠിച്ചിട്ടില്ല എന്നത് ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


കുണ്ടന്നൂര്‍ മേല്‍പ്പാല നിര്‍മാണത്തിനെതിരെ ഒരാള്‍ കോടതിയെ സമീപിച്ചു സ്‌റ്റേ നേടി. രണ്ടു മാസം പണിമുടക്കി എന്നതു മാത്രമാണ് അദ്ദേഹത്തിന്റെ നേട്ടം. ഒരാളുടെ അഭിപ്രായം മാത്രം കേട്ടു സര്‍ക്കാരിനു പോകാനാവില്ല. എല്ലാവരും ജനാധിപത്യത്തിനു കീഴിലാണ്. ദുരുദ്ദേശ്യത്തോടെയല്ല കാര്യങ്ങള്‍ ചെയ്യുന്നത്. ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യണം. പദ്ധതി വേണോ എന്നത് ആദ്യം തീരുമാനിക്കണം. വേണം എന്നു തീരുമാനിച്ചാല്‍ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും പരമാവധി കുറച്ച് പദ്ധതി നടപ്പാക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. 

കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വൈറ്റിലയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അടിപ്പാത നിര്‍മ്മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പാലങ്ങളില്‍ ടോള്‍ പിരിക്കുന്നത് പൂര്‍ണമായും നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  കരാറുകള്‍ റദ്ദാക്കുമ്പോഴുള്ള നിയമപ്രശ്‌നങ്ങള്‍ പഠിക്കുകയാണെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com