സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെന്നതിന് തെളിവ് ; ലവ് ഡെയ്ല്‍ റിസോര്‍ട്ട് ഏറ്റെടുത്തത് മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പെന്ന് റവന്യൂമന്ത്രി

അനധികൃത കയ്യേറ്റങ്ങള്‍ എല്ലാം ഒഴിപ്പിക്കും. പ്രാദേശിക എതിര്‍പ്പുകള്‍ ഉണ്ടാകും. പക്ഷേ എല്ലാം യോജിപ്പിച്ചുകൊണ്ട് ഒന്നും ചെയ്യാനാവില്ല
സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെന്നതിന് തെളിവ് ; ലവ് ഡെയ്ല്‍ റിസോര്‍ട്ട് ഏറ്റെടുത്തത് മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പെന്ന് റവന്യൂമന്ത്രി


തിരുവനന്തപുരം :  മൂന്നാറിലെ ലവ് ഡെയ്ല്‍ റിസോര്‍ട്ട് ഏറ്റെടുത്തത് സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ട് എന്നതിന് തെളിവാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. റിസോര്‍ട്ട് ഏറ്റെടുത്ത നടപടി മൂന്നാര്‍ ഭൂമി ഒഴിപ്പിക്കലിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്നും മന്ത്രി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. 

അനധികൃത കയ്യേറ്റങ്ങള്‍ എല്ലാം ഒഴിപ്പിക്കും. പ്രാദേശിക എതിര്‍പ്പുകള്‍ ഉണ്ടാകും. പക്ഷേ എല്ലാം യോജിപ്പിച്ചുകൊണ്ട് ഒന്നും ചെയ്യാനാവില്ല. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക എന്നത് സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും പ്രഖ്യാപിത നിലപാടാണെന്നും മന്ത്രി പറഞ്ഞു.

മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്‌റ്റേയാണ് റവന്യൂവകുപ്പ് ഇന്ന് ഏറ്റെടുത്തത്. ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് റിസോർട്ട് സര്‍ക്കാര്‍ ഏറ്റെടുത്തത്.  കണ്ണൻദേവൻ ഹിൽസിലെ 22 സെന്റ്​ ഭൂമി ഒഴിഞ്ഞുകൊടുക്കാൻ ഹൈക്കോടതി ലവ് ഡെയ്ലിന് നിർദേശം നൽകിയിരുന്നു.  ഇതിന്​ ആറു മാസത്തെ സമയപരിധിയും അനുവദിച്ചിരുന്നു. കോടതി നൽകിയ സമയപരിധി 2018 മാർച്ച്​ 31ന്​ അവസാനിച്ചു. 

പാട്ടക്കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് 2006ല്‍ റിസോർട്ട് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. മുന്‍പ് രണ്ടുതവണ ഈ റിസോര്‍ട്ട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പും, നിയമനടപടികളും മൂലമാണ് ഏറ്റെടുക്കൽ വൈകിയത്.  ഏറ്റവും ഒടുവില്‍ ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാർ അനുകൂല വിധി നേടുകയായിരുന്നു. 

ഡിസ്റ്റിലറിക്കായി സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഈ ഭൂമി പാട്ട വ്യവസ്ഥ ലംഘിച്ചുകൊണ്ട് വില്‍പന നടത്തുകയായിരുന്നു. 2006ലാണ്​ റിസോർട്ട്​ പാട്ടവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയത്​. തുടർന്ന്​ റിസോർട്ട്​ ഒഴിയാൻ റവന്യു വകുപ്പ്​ ഉടമക്ക്​ നോട്ടീസ്​ നൽകി. ഇതിനെതിരെ റിസോർട്ടുടമ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ദേവികുളം സബ് കളക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമനാണ് ഹോം സ്‌റ്റേ ഒഴിപ്പിക്കുന്നതിന് ആദ്യം നടപടികള്‍ സ്വീകരിച്ചത്.  ഏറ്റെടുത്ത കെട്ടിടത്തിലേക്ക് മൂന്നാര്‍ വില്ലേജ് ഓഫീസ് പ്രവർത്തനം മാറ്റാനാണ് സർക്കാരിന്റെ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com