യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് പി ജയരാജന്‍ വീണ്ടും ഹൈക്കോടതിയില്‍

കതിരൂര്‍ മനോജ്് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് പി ജയരാജന്‍ വീണ്ടും ഹൈക്കോടതിയില്‍

കണ്ണൂര്‍: കതിരൂര്‍ മനോജ്് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. യുഎപിഎ ചുമത്തിയത്  ചോദ്യം ചെയ്തുളള ജയരാജന്റെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയിരുന്നു. ഇതിനെതിരെയാണ് ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിക്കും.

കതിരൂര്‍ മനോജ് വധക്കേസില്‍  യു.എ.പി.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ ഉള്‍പ്പെടെ ആറുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയത്.കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നായിരുന്നു ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരിനെ കോടതി അന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ പ്രതികളെ സഹായിക്കുകയാണോ എന്നായിരുന്നു കോടതി ചോദിച്ചത്. കേസില്‍ യു.എ.പി.എ പ്രകാരം പ്രോസിക്യൂഷന് കേന്ദ്രം നല്‍കിയ അനുമതി ചോദ്യം ചെയ്ത് പ്രതികളിലൊരാളായ പി.ജയരാജന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് അനുകൂലമായി നിലപാട് എടുത്തതിലായിരുന്നു കോടതിയുടെ വിമര്‍ശനം.

സത്യവാങ്മൂലത്തില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. യു.എ.പി.എ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങനെ നിലനില്‍ക്കും. പ്രതികളെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത് കോടതി ചോദിച്ചു.

ആദിവാസികളെ പിടിച്ചുകൊണ്ട് വന്ന് യു.എ.പി.എ ചുമത്താന്‍ സര്‍ക്കാരിന് വലിയ ഉത്സാഹമാണ്, എന്നാല്‍ ബോംബ് എറിയുന്നവര്‍ സ്വതന്ത്രരായി നടക്കുകയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com