തിടമ്പേറ്റാന്‍ എത്തിയത് പിറ്റേന്ന്; പാമ്പാടി രാജനെ നാട്ടുകാര്‍ തടഞ്ഞുവച്ചു

കുമ്പളങ്ങി ഇല്ലിക്കല്‍ അര്‍ധനാരീശ്വര ക്ഷേത്രത്തില്‍ പൂരത്തിന് തിടമ്പേറ്റാന്‍ നിശ്ചയിച്ചിരുന്ന പാമ്പാടി രാജന്‍ എത്തിയത് ഒരു ദിവസം വൈകി
തിടമ്പേറ്റാന്‍ എത്തിയത് പിറ്റേന്ന്; പാമ്പാടി രാജനെ നാട്ടുകാര്‍ തടഞ്ഞുവച്ചു

എറണാകുളം : കുമ്പളങ്ങി ഇല്ലിക്കല്‍ അര്‍ധനാരീശ്വര ക്ഷേത്രത്തില്‍ പൂരത്തിന് തിടമ്പേറ്റാന്‍ നിശ്ചയിച്ചിരുന്ന പാമ്പാടി രാജന്‍ എത്തിയത് ഒരു ദിവസം വൈകി. തുടര്‍ന്ന് ക്ഷുഭിതരായ ആനപ്രേമികളും നാട്ടുകാരും ചേര്‍ന്ന് ഗജരാജനെ തടഞ്ഞുവച്ചു. തുടര്‍ന്ന് നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ആനയുടമ നഷ്ടപരിഹാരം നല്‍കി തലയൂരി. 

ശനിയാഴ്ചയാണ് പാമ്പാടി രാജന്‍ ഉത്സവപ്പറമ്പില്‍ എത്തേണ്ടിയിരുന്നത്. രണ്ടു ലക്ഷം രൂപയ്ക്കാണ് ആനയെ ബുക്ക് ചെയ്തിരുന്നത്. ഇതില്‍ 1,38,000 രൂപ ഏജന്റിന് നല്‍കുകയും ചെയ്തു.എന്നാല്‍ ശനിയാഴ്ച രാത്രിയും ആന എത്തിയില്ല. കരാര്‍ ലംഘനം നടത്തിയതിനാല്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉത്സവക്കമ്മിറ്റിക്കാര്‍ പള്ളുരുത്തി സി.ഐ.ക്ക് പരാതി നല്‍കി. മറ്റൊരു ആനയെ വിളിച്ച് പൂരവും നടത്തി. തുടര്‍ന്ന് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമൊക്കെ പാമ്പാടി രാജന്റെ ഉടമയുമായി ബന്ധപ്പെട്ടു. ഞായറാഴ്ചയെങ്കിലും ആനയെ കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഞായറാഴ്ച ആനയെ കൊണ്ടുവന്നു. ഞായറാഴ്ച വൈകീട്ട് പൂരം അവസാനിക്കാറായപ്പോഴാണ് പാമ്പാടി രാജന്‍ കുമ്പളങ്ങിയിലെത്തിയത്. ക്ഷുഭിതരായ ഒരുകൂട്ടം നാട്ടുകാര്‍ ആനയെ ലോറിയില്‍നിന്ന് ഇറക്കാന്‍ സമ്മതിച്ചില്ല.
 
ആനയെ ഇറക്കണമെന്നാവശ്യപ്പെട്ട് ആനപ്രേമികളുമെത്തി. ഇതോടെ തര്‍ക്കമായി. പ്രശ്‌നം ഒഴിവാക്കാന്‍ ആനയെ പോലീസ് സ്‌റ്റേഷന്‍ വളപ്പിലേക്ക് കൊണ്ടുപോകാന്‍ പോലീസ് നിര്‍ദേശം നല്‍കി. ഇതോടെ പൂരപ്പറമ്പില്‍നിന്ന് ജനം പോലീസ് സ്‌റ്റേഷനിലേക്ക് ഒഴുകി. അവിടെ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നം പരിഹരിച്ചില്ല. തുടര്‍ന്ന് ആനയെ ഉത്സവപ്പറമ്പിലേക്ക് കൊണ്ടുപോയെങ്കിലും, എഴുന്നള്ളിപ്പിനു നിര്‍ത്താതെ മൈതാനത്ത് മാറ്റിക്കെട്ടി. മറ്റൊരു ആനയുടെ പുറത്ത് തിടമ്പേറ്റി പൂരം തുടങ്ങിപ്പോയതിനാലാണ് പാമ്പാടി രാജനെ എഴുന്നള്ളിപ്പിന് നിര്‍ത്താന്‍ കഴിയാതെ വന്നതെന്ന് ഉത്സവക്കമ്മിറ്റിക്കാര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ ആനയുടമ സ്ഥലത്തെത്തി.
 
ഉത്സവക്കമ്മിറ്റിക്കാരുമായി ചര്‍ച്ച നടത്തി. ഒരു പകല്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ മൂന്നുലക്ഷം രൂപ ഉത്സവക്കമ്മിറ്റിക്ക് നല്‍കാന്‍ തീരുമാനമായി. തീരുമാനം പോലീസിനെ അറിയിച്ചു. ഈ സമയത്തെല്ലാം പാമ്പാടി രാജന്‍ ഉത്സപ്പറമ്പിലുണ്ടായിരുന്നു. ആനയ്ക്ക് ഉത്സവക്കമ്മിറ്റിക്കാര്‍ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്സവം കഴിഞ്ഞിട്ടും ആനയ്ക്ക് പോകാനായില്ല. ഉത്സവപ്പിറ്റേന്നും പാമ്പാടി രാജനെ കാണാന്‍ നൂറുകണക്കിനാളുകള്‍ ക്ഷേത്രമുറ്റത്തെത്തി. പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് രാത്രിയോടെ ആനയെ കൊണ്ടുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com