സ്വര്‍ണം ഒഴുകുന്നത് പേയ്സ്റ്റ് രൂപത്തില്‍; പുതുതന്ത്രവുമായി കളളക്കടത്തുകാര്‍, കസ്റ്റംസിന് തലവേദന

മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ ഇത്തരം വെട്ടിപ്പ് കണ്ടുപിടിക്കാന്‍ കഴിയില്ല എന്ന അറിവ് കളളക്കടത്തുകാര്‍ സൗകര്യമാക്കിയിരിക്കുകയാണ്
സ്വര്‍ണം ഒഴുകുന്നത് പേയ്സ്റ്റ് രൂപത്തില്‍; പുതുതന്ത്രവുമായി കളളക്കടത്തുകാര്‍, കസ്റ്റംസിന് തലവേദന

കൊച്ചി:വിമാനത്താവളങ്ങളില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാന്‍ കളളക്കടത്തുകാര്‍ പയറ്റുന്ന പുതുതന്ത്രങ്ങള്‍ കസ്റ്റംസിന് തലവേദനയാകുന്നു. ദ്രവരൂപത്തില്‍ സ്വര്‍ണം കടത്തുന്ന പുതിയ തന്ത്രമാണ് കസ്റ്റംസിനെ ഏറ്റവുമധികം കുഴയ്ക്കുന്നത്.മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ ഇത്തരം വെട്ടിപ്പ് കണ്ടുപിടിക്കാന്‍ കഴിയില്ല എന്ന അറിവ് കളളക്കടത്തുകാര്‍ സൗകര്യമാക്കിയിരിക്കുകയാണ്. ഇതോടെ വിമാനത്താവളങ്ങള്‍ വഴി ഈ മാര്‍ഗം ഉപയോഗിച്ചുളള സ്വര്‍ണ കളളക്കടത്ത് വര്‍ധിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാസര്‍കോഡ് സ്വദേശിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയതോടെയാണ് ഇതിലേക്ക് വെളിച്ചംവീശിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കളി വെളിച്ചത്തുവന്നത്. പേയ്സ്റ്റ് രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. 851 ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന് 26 കോടി രൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നു. സങ്കീര്‍ണമായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് സ്വര്‍ണം ദ്രവരൂപത്തില്‍ സൂക്ഷിച്ചത്. അരക്കെട്ടിന് ചുറ്റും ബെല്‍റ്റ് ആക്യതിയിലുളള പാക്കറ്റുകള്‍ തീര്‍ത്താണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു കിലോഗ്രാം പേയ്സ്റ്റ് ഉപയോഗിച്ച് 750 ഗ്രാം സ്വര്‍ണം കടത്താന്‍ കഴിയുമെന്നാണ് പരിശോധനയില്‍ മനസിലായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സംഭവം പുറത്തുവന്നതോടെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. എങ്കിലും മെറ്റല്‍ ഡിറ്റക്ടറുകളില്‍ ഇത് കണ്ടുപിടിക്കാന്‍ കഴിയില്ലായെന്നത് കസ്റ്റംസിന് ഉത്തരവാദിത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്. ദേഹപരിശോധന നടത്തി കളളക്കടത്ത് തടയാനുളള ശ്രമത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍. എങ്ങനെയാണ് ഈ പേയ്സ്റ്റ് ഉണ്ടാക്കുന്നത് എന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com